കൊച്ചി: ലക്ഷദ്വീപിലെ അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർമാരുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്ത് ഹൈക്കോടതി. അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർമാരെ കോടതി ചുമതലകളിൽനിന്ന് നീക്കി സർക്കാർ ജോലികളിൽ നിയോഗിച്ചതാണ് കോടതി തടഞ്ഞത്. കോടതിയുടെ പ്രവർത്തനങ്ങൾ സ്തംഭിപ്പിച്ച നടപടിയാണ് ഇതെന്നും ഭരണകൂടം വിശദീകരണം നൽകണമെന്നും കോടതി ഉത്തരവിട്ടു

ലക്ഷദ്വീപിൽ എന്താണ് നടക്കുന്നതെന്ന് അറിയുന്നുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. കോടതിക്ക് അന്വേഷിക്കാൻ അതിന്റേതായ വഴികളുണ്ടെന്നും ലക്ഷദ്വീപ് ഭരണകൂടത്തോട് ഹൈക്കോടതി പറഞ്ഞു. പത്രങ്ങളിലും സോഷ്യൽ മീഡിയയിലും വരുന്ന അറിവ് വെച്ച് മാത്രമല്ല പറയുന്നതെന്നും കോടതി കൂട്ടിച്ചേർത്തു. ജസ്റ്റിസ് വിനോദ് ചന്ദ്രന്റേതായിരുന്നു പരാമർശം.

ലക്ഷദ്വീപിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാർ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുൻ ഗുജറാത്ത് ആഭ്യന്തരമന്ത്രിയുമായ ഫ്രഫുൽ പട്ടേലിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്.

മുൻ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ ദിനേശ്വർ ശ്വാസകോശ രോഗത്തെ തുടർന്ന് പെട്ടെന്ന് മരിച്ചതോടെയാണ് കഴിഞ്ഞ ഡിസംബറിൽ പ്രഫുൽ പട്ടേൽ നിയമിക്കപ്പെട്ടത്. മുൻ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയാണ് പ്രഫുൽ പട്ടേൽ. ലക്ഷദ്വീപിൽ പ്രതിഷേധം പുകയുന്നതിനിടെ മൂന്ന് കുട്ടികൾ ഉൾപ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലാക്കിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ബിത്ര, അഗത്തി ദ്വീപുകളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ ഫ്രഫൂൽ പട്ടേലിന്റെ ഫോണിലേക്ക് വാട്സ് ആപ്പ് സന്ദേശം അയച്ചതിനാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.

പ്രതിഷേധങ്ങളെ ന്യായീകരിച്ച് ലക്ഷദ്വീപ് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. അഡ്‌മിനിസ്ട്രേറ്ററുടെ ചില ഭേദഗതികൾ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയെന്നും ബിജെപി ലക്ഷദ്വീപ് ജനറൽ സെക്രട്ടറി എച്ച് കെ മുഹമ്മദ് കാസിം കോഴിക്കോട് പറഞ്ഞു. ബിജെപി ജനങ്ങളുടെ വികാരം മാനിക്കുന്നുവെന്നും പുതിയ പരിഷ്‌കാരണങ്ങൾ വേണമെങ്കിൽ തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.