- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന സർക്കാറിന് തിരിച്ചടി; സ്വർണക്കടത്ത് കേസിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരായ ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്തു ഹൈക്കോടതി; കോടതിയുടേത് ഇടക്കാല ഉത്തരവ്; അന്വേഷണത്തിന് എതിരായ ഇഡി ഹർജി ഫയലിൽ സ്വീകരിച്ചു; വിശദമായ വാദം കേൾക്കാൻ കോടതി
തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിൽ സംസ്ഥാന സർക്കാറിന് തിരിച്ചടി. സ്വർണക്കടത്ത് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരേ ജുഡീഷ്യൽ അന്വേഷണം നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ ചോദ്യംചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹരജിയിൽ അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിച്ചു. ജുഡീഷ്യൽ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഈ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. കേസിൽ വിശദമായ അന്വേഷണം കേൾക്കുന്നതിന്റെ ഭാഗമായാണ് സ്റ്റേ അനുവദിച്ചത്.
അന്വേഷണത്തിനെതിരായ ഇഡിയുടെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി വിശദമായ വാദം പിന്നീട് കേൾക്കുമെന്നും അറിയിച്ചു. മറ്റ് കക്ഷികൾക്കും നോട്ടീസ് അയക്കും. അതേസമയം ഹർജിയിൽ എതിർ കക്ഷിയാണെങ്കിലും മുഖ്യമന്ത്രിക്ക് നോട്ടീസ് അയക്കില്ല. 1952 ലെ കമ്മീഷൻ ഓഫ് എൻക്വയറീസ് ആക്ട് പ്രകാരം കേന്ദ്ര ഏജൻസികൾക്കെതിരേ അന്വേഷണ കമ്മീഷനെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നാണ് ഇഡി പ്രധാനമായും ഹർജിയിൽ ചൂണ്ടിക്കാട്ടിയ കാര്യം.
ആരോപണങ്ങൾ അന്വേഷിക്കാൻ ബന്ധപ്പെട്ട കോടതിയെ സമീപിക്കുന്നതിന് പകരം ചട്ടങ്ങൾ മറികടന്ന് സമാന്തര അന്വേഷണം നടത്താൻ കമ്മീഷനെ നിയമിച്ചത് നിയമവിരുദ്ധമാണെന്നാണ് ഇഡിയുടെ വാദം. ജസ്റ്റിസ് വികെ മോഹനൻ കമ്മീഷൻ നിയമനം അസാധുവാക്കണം എന്നും ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, എൻഫോഴ്സ്മെന്റ് ഡെപ്യൂട്ടി ജോയിന്റ് ഡയറക്ടർ നൽകിയ ഹരജി നിയമപരമായി നിലനിൽക്കില്ലെന്നാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്.
'കേന്ദ്ര ഏജൻസിയുടെ അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ ആണ്. കമ്മിഷൻ ഓഫ് എൻക്വയറീസ് ആക്ട് പ്രകാരം സംസ്ഥാനങ്ങൾക്ക് കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണം നടത്താനാകില്ല. മുഖ്യമന്ത്രി ഒദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് കമ്മീഷൻ നിയമന ഉത്തരവിറക്കിയത്. സ്വർണക്കടത്തിലെ അന്വേഷണം അട്ടിമറിക്കാനാണ് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത്'. ആയതിനാൽ ജുഡിഷ്യൽ കമ്മീഷൻ അന്വേഷണം സ്റ്റേ ചെയ്യണമെന്നും ഇഡി കോടതിയോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെ മൂന്നാം എതിർകക്ഷിയാക്കിയായിരുന്നു ഇ ഡി ഹർജി നൽകിയിരുന്നത്.
എന്നാൽ ജൂഡിഷ്യൽ കമ്മിഷന് എതിരായ ഇഡി ഹർജി നിലനിൽക്കില്ലെന്നായിരുന്നു സർക്കാർ വാദം. ഇഡി, കേന്ദ്ര സർക്കാരിന് കീഴിലുള്ള വകുപ്പ് മാത്രമാണെന്നും അങ്ങനെ ഒരു വകുപ്പിന് സംസ്ഥാന സർക്കാരിന് എതിരെ ഹർജി നൽകാൻ കഴിയില്ലെന്നും സർക്കാർ കോടതിയിൽ നിലപാടെടുത്തു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരു പറയാൻ നിർബന്ധിക്കുന്നുവെന്ന് പ്രതികളുടെ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷനെ നിയമിച്ചതെന്നും ഇഡിക്ക് ഇത്തരമൊരു ഹർജി നൽകാന് അധികാരമില്ലെന്നും സർക്കാർ വാദിച്ചു.
മറുനാടന് മലയാളി ബ്യൂറോ