- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിമാലയൻ കൊടുമുടികളിൽ അതിവേഗം മഞ്ഞുരുകുന്നു; കഴിഞ്ഞ 20 വർഷത്തിനിടെ മഞ്ഞുമലകളുടെ ഉയരം പ്രതിവർഷം 50 സെന്റി മീറ്റർ വീതം കുറഞ്ഞു; ഈ തോതിൽ മഞ്ഞുരുകൽ തുടർന്നാൽ സമീപഭാവിയിൽ മേഖലയ്ക്ക് വൻ ഭീഷണി; ഉത്തരാഖണ്ഡ് മിന്നൽ ദുരന്തമുണ്ടായത് 'ചിപ്കോ പ്രസ്ഥാന'ത്തിന്റെ തുടക്കമിട്ട റേനി ഗ്രാമത്തിൽ
റേനി: ലോകത്തിന്റെ മുന്നിൽ ഇന്ത്യയുടെ തലയെടുപ്പാണ് ഹിമാലയ പർവ്വതം. ചൈനയെന്ന ഭീമനിൽ നിന്നും ഇന്ത്യയെ രക്ഷിച്ചു നിർത്തുന്ന പ്രകൃതിയുടെ മതിൽ. ഉത്തരേന്ത്യയുടെ നിലനിൽപ്പ് പോലും ഹിമാലയത്തെ ആശ്രയിച്ചാണ്. അങ്ങനെയുള്ള ഹിമപർവ്വത്തിൽ മഞ്ഞുരുകുന്നത് വേഗത്തിലാകുന്നു എന്ന ആശങ്ക വർദ്ധിപ്പിക്കുന്നതാണ് ഉത്തരാഖണ്ഡിലുണ്ടായ മിന്നൽ പ്രളയദുരന്തം. ഹിമാനി തകർന്നു വീണാണ് അപകടം ഉണ്ടായതെന്നാണ് വിലയിരുത്തൽ.
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കു ഭീഷണിയായി ഹിമാലയൻ കൊടുമുടികളിൽ അതിവേഗം മഞ്ഞുരുകുന്നു എന്ന റിപ്പോർട്ട് അതീവ ആശങ്കയ്ക്ക് ഇട നൽകുന്നതാണ്. കഴിഞ്ഞ 20 വർഷത്തിനിടെ മഞ്ഞുമലകളുടെ ഉയരം പ്രതിവർഷം 50 സെന്റി മീറ്റർ വീതം കുറയുന്നതായി കൊളംബിയ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ 2019ൽ മുന്നറിയിപ്പ് നൽകിയിരുന്നു. വൻതോതിൽ ഹിമശോഷണം ഹിമാലയത്തിൽ സംഭവിച്ചിട്ടുണ്ട്.
ഇന്ത്യ, ചൈന, ഭൂട്ടാൻ, നേപ്പാൾ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹം ചിത്രം പരിശോധിച്ചാൽ കഴിഞ്ഞ 40 വർഷത്തിനിടെ ഹിമശൈലങ്ങൾക്കുണ്ടായ ശേഷണം വ്യക്തമാകും. ഈ കാലയളവിൽ മഞ്ഞുമലകളുടെ നാലിലൊന്നെങ്കിലും ഉരുകിത്തീർന്നതായി പഠനത്തിനു നേതൃത്വം നൽകിയ ജോഷ്വ മോറർ പറഞ്ഞു. 1975 2000 നെ അപേക്ഷിച്ച് 2000 2016 ൽ ഹിമശോഷണം ഇരട്ടിയായെന്ന് 'സയൻസ് അഡ്വാൻസസി'ൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
യുഎസ് ചാര ഉപഗ്രഹങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് പഠനത്തിന് ഉപയോഗിച്ചത്. 2000 കിലോമീറ്ററിനുള്ളിലെ 650 ഹിമശൈലങ്ങൾ ഗവേഷണ വിധേയമാക്കി. 1975 2000 ൽ ഹിമശൈലങ്ങളുടെ ഉയരം പ്രതിവർഷം 25 സെന്റി മീറ്റർ വീതം കുറഞ്ഞു. എന്നാൽ, പിന്നീടുള്ള 20 വർഷം ഇത് ഇരട്ടിയായി.
2000 2016 ൽ അന്തരീക്ഷ താപനില 1975 2000 ലേതിനേക്കാൾ ശരാശരി ഒരു ഡിഗ്രി സെൽഷ്യസ് വർധിച്ചു. ഫോസിൽ ഇന്ധനങ്ങളും ജൈവമാലിന്യങ്ങളും പുറംതള്ളുന്ന പുകയും കരിയും ഹിമശൈലങ്ങളിൽ ആവരണം തീർത്ത് അവ സൗരോർജം ആഗിരണം ചെയ്യുന്നതാണ് മഞ്ഞുരുകൽ വേഗത്തിലാകാൻ കാരണം. പാമിർ, ഹിന്ദുക്കുഷ് മലനിരകളിലും സ്ഥിതി സമാനമാണ്.
മേഖലയിലെ 80 കോടിയോളം ജനങ്ങൾ ശുദ്ധജലത്തിനും ജലസേചനത്തിനും വൈദ്യുതിക്കും ഹിമാലയത്തെ ആശ്രയിക്കുന്നു. ഈ തോതിൽ മഞ്ഞുരുകൽ തുടർന്നാൽ സമീപഭാവിയിൽ മേഖലയ്ക്ക് വൻ ഭീഷണിയാകും. ഹിമാലയൻ നദികൾ വറ്റിവരളുന്നത് ജനസാന്ദ്രതയേറിയ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് വൻ വെല്ലുവിളി ഉയർത്തുമെന്നും പഠനം മുന്നറിയിപ്പു നൽകുന്നു.
അതേസമയം ഉത്തരാഖണ്ഡിൽ അപകടമുണ്ടായ റേനി ദേശിയ പ്രസ്ഥാനവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശമാണ്. സംസ്ഥാനം രൂപീകരിക്കുന്നതിനു മുൻപ് ഈ പ്രദേശം ഉത്തർപ്രദേശിലായിരുന്നു. വനത്തിൽ വൃക്ഷങ്ങൾ മുറിക്കാൻ അനുവദിക്കുന്ന സർക്കാർ നയത്തിനെതിരെ ഗ്രാമീണരായ സ്ത്രീകൾ സമരരംഗത്തെത്തി. വനം തങ്ങളുടെ വീടാണെന്നു പ്രഖ്യാപിച്ച ഇവർ 1974 മാർച്ച് 26ന് മരങ്ങളെ ആലിംഗനം ചെയ്ത് രാവു പകലാക്കിനിന്നു.
സമീപഗ്രാമങ്ങളിൽ നിന്നു കൂടുതൽ പേരെത്തി മരങ്ങൾക്കു കവചമായപ്പോൾ അതു വെട്ടാൻ എത്തിയവർ ശ്രമം ഉപേക്ഷിച്ചു മടങ്ങി. പിന്നീട് ഗാന്ധിയൻ സുന്ദർലാൽ ബഹുഗുണയുടെ നേതൃത്വത്തിൽ ചിപ്കോ പ്രസ്ഥാനം വനനശീകരണത്തിനെതിരെ ലോകശ്രദ്ധ നേടി. ഒട്ടേറെ പുരസ്കാരങ്ങളും തേടിയെത്തി. ആ ഗ്രാമത്തിലാണ് ഇപ്പോൾ വൻ ദുരന്തം ഉണ്ടായിരിക്കുന്നത്.
മറുനാടന് ഡെസ്ക്