- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തെ വലയിലാക്കി ഹണിട്രാപ്പ്; തട്ടിയെടുക്കുന്നത് ലക്ഷങ്ങൾ, ഇരകളാകുന്നത് പ്രൊഫഷണൽ മുതൽ വീട്ടമ്മമാർ വരെ; തട്ടിപ്പ് സ്ത്രീകളുടേതടക്കം സ്വകാര്യ വീഡിയോകളും ചിത്രങ്ങളും കൈവശപ്പെടുത്തി
ആലപ്പുഴ : ഏതാനും വർഷം മുൻപു വരെ ഉത്തരേന്ത്യയിൽ മാത്രം നടന്നിരുന്ന ഹണിട്രാപ്പ് തട്ടിപ്പുകൾ സംസ്ഥാനത്തും സജീവമാകുന്നതായി റിപ്പോർട്ട് . ഹണിട്രാപ്പിലുടെ ലക്ഷങ്ങൾ തട്ടുന്ന സംഘങ്ങൾ വേരുറപ്പിക്കുന്നത് പൊലീസിനും ഒരുപോലെ തലവേദന സൃഷ്ടിക്കുന്നുണ്ട്. മാനനഷ്ടമോർത്തു പലരും പരാതി നൽകാത്തതും തട്ടിപ്പ് സംബന്ധിച്ച അന്വേഷണങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ട്. തട്ടിപ്പിനിരയാകുന്നവരുടെ ഈ നിലപാട് തന്നെയാണ് ഇത്തരം സംഘങ്ങൾക്കു തുണയാകുന്നുതും.തിരുവനന്തപുരം സ്വദേശിയായ യുവാവിന്റെ പരാതിയിൽ രാജസ്ഥാനിലെ ഭരത്പുർ ജില്ലയിലെ കാമൻ സ്വദേശികളായ നഹർസിങ്, സുഖ്‌ദേവ് സിങ് എന്നിവരെ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്താണ് വിഷയത്തിലെ ഏറ്റവും ഒടുവിലായി റിപ്പോർട്ട് ചെയ്ത കേസ്.സാമൂഹിക മാധ്യമങ്ങളിലൂടെ യുവാക്കളുമായി സൗഹൃദം സ്ഥാപിച്ച് സ്ത്രീകൾ ആണെന്ന രീതിയിൽ ചാറ്റ് ചെയ്തായിരുന്നു തട്ടിപ്പ്. ഒക്ടോബറിൽ തിരുവനന്തപുരം ടെക്‌നോപാർക്കിലെസോഫ്‌റ്റ്‌വേർ എൻജിനീയറെ സംഘം ട്രാപ്പിൽപ്പെടുത്തി. നവംബറിൽ ഇടപ്പള്ളിയിലുള്ള 19 വയസുകാരനെ പ്രണയം നടിച്ച് വീട്ടിലെത്തിച്ച് തട്ടിപ്പിന് ഇരയാക്കിയ സംഭവത്തിൽ യുവതി ഉൾപ്പടെ രണ്ടുപേരായിരുന്നു പ്രതികൾ.
സ്ത്രീകൾ ഉൾപ്പടെയുള്ളവരുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കൈവശപ്പെടുത്തി ബ്ലാക്ക്മെയിലങ്ങിലൂടെയാണ് പണം തട്ടുന്നത്. ഇരകളുമായി സൗഹൃദം സ്ഥാപിക്കാൻ ഉപയോഗിക്കുന്നതാകട്ടെ സമൂഹിക മാധ്യമങ്ങളും. പ്രൊഫഷണൽസിനെക്കൂടാതെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള വീട്ടമ്മമാരും വിദ്യാസമ്പന്നരായ യുവതീ യുവാക്കളുമടക്കം നൂറുകണക്കിനാളുകളിൽ നിന്നു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണു സൂചന.
വളരെ വിപുലമാണ് ഹണിട്രാപ്പ് തട്ടിപ്പിന്റെ രീതി..സാമൂഹിക മാധ്യമങ്ങളാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്്. ഫേസ്‌ബുക്ക് അക്കൗണ്ട് ഉടമ പുരുഷനാണെങ്കിൽ സ്ത്രീകളുടെ പേരിലും സ്ത്രീയാണെങ്കിൽ പുരുഷന്മാരുടെ പ്രഫൈൽചിത്രവും സഹിതം റിക്വസ്റ്റ് അയച്ചുകൊണ്ടാണ് തട്ടിപ്പ് തുടങ്ങുന്നത്. റിക്വസ്റ്റ് അംഗീകരിച്ചെന്ന് കണ്ടാൽ ചാറ്റിങ്ങാണ് അടുത്തഘട്ടം. ഇത് പിന്നെ പതിയെ പതിയെ വീഡിയോ കോളിലേക്കെത്തും. ഈ സമയത്ത് കോളിൽ മുഴുകുന്ന വീട്ടമ്മമാരുൾപ്പടെ വരുന്ന ഇരകളുടെ സംഭാഷണങ്ങളും ചിത്രങ്ങളുമെല്ലാം തട്ടിപ്പുകാരുടെ ഫോണിൽ റെക്കോഡ് ചെയ്യും.
സംസാരവും സൗഹൃദവും കൂടുതൽ ദൃഡമാകുന്നതോടെ സ്വകാര്യഫോട്ടോകളും വീഡിയോകളും ഷെയർ ചെയ്യാൻ ആവശ്യപ്പെടും. ഇത് കിട്ടുന്നതോടെയാണ് ബ്‌ളാക്ക്‌മെയിലിങ്ങിന്റെ തുടക്കം. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ചോദിക്കും. ദൃശ്യങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ ലക്ഷങ്ങളാണ് ആവശ്യപ്പെടുന്നത്. ഇത്തരത്തിൽ ഒരുതവണ പണം കൈമാറി കഴിയുമ്പോൾ പിന്നീട് കൂടുതൽ തുക ആവശ്യപ്പെട്ടുള്ള ഭീഷണികൾ തുടരും. പ്രഫഷണലുകൾക്കും വീട്ടമ്മമാരുമുൾപ്പെടെയുള്ളവർക്കും രാത്രിയിലാണ് വീഡിയോ കോളുകൾ എത്തുക എന്നതാണ് രീതി.
കളമശേരിയിൽ ഹണിട്രാപ്പിൽപ്പെടുത്തി ഡോക്ടറിൽനിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച സ്ത്രീയടക്കം മൂന്ന് പേർ പിടിയിലായത് നവംബർ ആദ്യമാണ്. വിരലിലെണ്ണാവുന്നവർ മാത്രമാണ് പരാതിയുമായി മുന്നോട്ടുവരുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്കിലൂടെ തരപ്പെടുത്തുന്ന ഇന്റർനെറ്റ് കണക്ഷനാണ് തട്ടിപ്പ് സംഘങ്ങൾ ഉപയോഗിക്കുന്നത് എന്നതിനാൽ തട്ടിപ്പുകാരെ തിരിച്ചറിയാൻ പൊലീസിന് കഴിയുന്നുമില്ല.