- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് ജനകീയ ഹോട്ടലുകളുടെ എണ്ണം ഇനിയും വർധിക്കും; അക്ഷീണം പ്രയത്നിക്കുന്ന കുടുംബശ്രീ അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ; വിശപ്പുരഹിത കേരളം' എൽഡിഎഫ് സർക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം : കുടുംബശ്രീ ഭക്ഷണശാലകളിലെ 20 രൂപയുടെ ഊണ് നിലവാരമില്ലാത്തതാണെന്ന മനോരമ വാർത്തയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ 'വിശപ്പുരഹിത കേരളം' എൽഡിഎഫ് സർക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ആ ലക്ഷ്യത്തിലേയ്ക്കുള്ള പ്രധാന ചുവടുവയ്പുകളിൽ ഒന്നാണ് പണമില്ലാത്തതു കാരണം വിശപ്പടക്കാൻ പ്രയാസപ്പെടുന്ന മനുഷ്യർക്ക് കൈത്താങ്ങാകുന്ന ജനകീയ ഹോട്ടലുകൾ എന്നും മുഖ്യമന്ത്രി പറഞ്ഞു.
2020 - 21 സാമ്പത്തിക വർഷത്തെ പൊതുബജറ്റിലാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ 1000 ജനകീയ ഹോട്ടലുകൾ ആരംഭിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. അധികം വൈകാതെ ഉടലെടുത്ത കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഈ പദ്ധതി ദ്രുതഗതയിൽ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. തുടർന്ന് 2021 മാർച്ച് 31-ന് ആ സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ 1007 ജനകീയ ഹോട്ടലുകൾ ആരംഭിക്കാൻ സാധിച്ചു.
ഇന്നത് 1095 ഹോട്ടലുകളിൽ എത്തി നിൽക്കുന്നു. അവയുടെ എണ്ണം ഇനിയും വർദ്ധിക്കുന്നതായിരിക്കും. കോവിഡ് രണ്ടാം തരംഗത്തെത്തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗണിനു മുൻപുള്ള സമയം വരെ ഒരു ദിവസം ഏകദേശം 1.50 ലക്ഷം ആളുകളാണ് ഈ ജനകീയ ഭക്ഷണശാലകളിൽ നിന്നും ആഹാരം കഴിച്ചിരുന്നത്. കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് ഭക്ഷണം പാർസൽ ചെയ്ത് വിതരണം ചെയ്യാനും സാധിച്ചു. 20 രൂപയ്ക്ക് നൽകുന്ന ഉച്ചഭക്ഷണം പണമില്ലാതെ വരുന്നവർക്ക് സൗജന്യമായി നൽകുകയും ചെയ്യുന്നു.
കേരളത്തിലെ ബഹുഭൂരിപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇന്ന് ജനകീയ ഹോട്ടലുകളുണ്ട്. ഇത്രയധികം ആളുകൾക്ക് ഗുണകരമായിത്തീർന്ന ഈ ബൃഹദ് പദ്ധതി വിജയകരമായി നടപ്പാക്കുക എന്നത് അതീവശ്രമകരമായ ദൗത്യമാണ്. അതേറ്റവും മികച്ച രീതിയിൽ നിർവഹിക്കാൻ തങ്ങളുടെ രാപ്പകലില്ലാത്ത അദ്ധ്വാനത്തിലൂടെ കുടുംബശ്രീ അംഗങ്ങൾക്കും അവർക്കു പിന്തുണ നൽകുന്ന അയൽക്കൂട്ടങ്ങൾക്കും സാധിച്ചിട്ടുണ്ട്.
നിലവിൽ 4885 കുടുംബശ്രീ അംഗങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നത്. വിശപ്പു രഹിത കേരളത്തിനായി അക്ഷീണം പ്രയത്നിക്കുന്ന അവരുടെ നേട്ടങ്ങൾക്ക് അഭിനന്ദനങ്ങൾ നേരുന്നു. ഈ പദ്ധതി കൂടുതൽ മികവുറ്റതാക്കാൻ പൊതുസമൂഹത്തിന്റെ ആത്മാർഥമായ പിന്തുണ അനിവാര്യമാണ്. അത് ഉറപ്പു വരുത്തണമെന്ന് അഭ്യർത്ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ