കോഴഞ്ചേരി: ആറന്മുളയിൽ ബധിര മൂക കുടുംബത്തിന്റെ വീട്ടിലെ മുറിയിലുണ്ടായ തീപിടുത്തത്തിൽ അമ്മയ്ക്കൊപ്പം പൊള്ളലേറ്റ നാലു വയസുകാരി മരിച്ചു. മാതാവ് ഗുരുതര പൊള്ളലോടെ ആശുപത്രിയിൽ ചികിൽസയിൽ. മാതാപിതാക്കൾക്ക് ബധിരരും മൂകരുമായിട്ടും സംസാരശേഷിയുണ്ടായിരുന്ന കുട്ടിയുടെ മരണത്തോടെ തീപിടുത്തത്തിലെ ദുരൂഹത തുടരുകയാണ്.

ആറന്മുള കോഴിപ്പാലം പടിഞ്ഞാറേ മേലേടത്ത് അരുണിന്റെയും(35) ശ്യാമ (28)യുടെയും മകൾ ആദിശ്രീ (4) യാണ് ചികിൽസയിലിരിക്കേ മരിച്ചത്. ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ അമ്മക്കൊപ്പം തിരുവനന്തപുരത്തെ സ്വാകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ മാതാവ് ശ്യാമയുടെ നിലയും ഗുരുതരമായി തുടരുകയാണ്.

ഒരാഴ്ച മുൻപായിരുന്നു സംഭവം. സംസാര ശേഷി ഉണ്ടായിരുന്ന മകളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യ ശ്രമമാണോയെന്നും അന്വേഷിക്കുന്നതിനിടയിലാണ് ഇപ്പോൾ കുട്ടിയുടെ മരണം. പുലർച്ചെ മൂന്നിനാണ് ഇരുനില വീടിന്റെ മുകളിലെ മുറിയിൽ
തീ പടർന്നത് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ മുറിയിലാണ് ശ്യാമയും മകളും കിടന്നിരുന്നത്. മുറി ഉള്ളിൽ നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. തീപടർന്നത് കണ്ട് അടുത്ത മുറിയിലുണ്ടായിരുന്ന ഭർത്താവ് അരുണും അച്ഛനും അമ്മയും വാതിൽ ചവിട്ടിത്തുറന്ന് ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. ഇതിനിടെ അരുണിനും പൊള്ളലേറ്റു.

പൊള്ളലേറ്റവരെ അരുണിന്റെ പിതാവ് വിശ്വനാഥനും മാതാവ് രുക്മിണിയും ചേർന്ന് ആദ്യം കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുക ആയിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിലെത്തി
മജിസ്ട്രേട്ട് ആദിശ്രീയുടെ മൊഴി രേഖപ്പെടുത്തുകയും ശ്യാമയിൽ നിന്ന് ലഭ്യമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു.

തിരുവനന്തപുരം സ്വദേശയായ ശ്യാമ സംഭവത്തിന് ഏതാനും ദിവസം മുൻപാണ് സ്വന്തം വീട്ടിൽ പോയ ശേഷം ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങിയത്. തീപടർന്നതിനെ തുടർന്ന് മുകളിലെ നിലയിലെ ജനാലയുടെ ഗ്ലാസ് പൊട്ടിയിട്ടുണ്ട്. ഫൊറൻസിക് വിദഗ്ധരുടെ ഉൾപ്പെടെ
സഹായത്തോടെ കൂടുതൽ വിശദമായ പരിശോധനകൾ പൊലീസ് നടത്തിയിരുന്നു.

സംഭവം നടക്കുന്നതിന് തലേന്ന് രാത്രി മകൾ ഫോൺ ഉപയോഗിക്കുന്നതിനെ ചൊല്ലി അരുണും ശ്യാമയുമായി വഴക്ക് നടന്നിരുന്നു. കുട്ടി മൊബൈൽ ഗെയിം കളിക്കുന്നത് അരുൺ ചോദ്യം ചെയ്തു. തുടർന്ന് മകളെയും കൂട്ടി ശ്യാമ മറ്റൊരു മുറിയിൽ കതകടച്ച് കിടക്കുകയായിരുന്നു. തീപിടിച്ച മുറിയിൽ മണ്ണെണ്ണയുടെ സാന്നിധ്യം ഫോറൻസിക് സംഘം കണ്ടെത്തിയിരുന്നു.