- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസിൽ വച്ച് തമിഴ് നാടോടികൾ വീട്ടമ്മയുടെ പഴ്സ് മോഷ്ടിച്ചു; സ്റ്റോപ്പിൽ ഇറങ്ങിയപ്പോൾ മോഷണ വിവരമറിഞ്ഞ വീട്ടമ്മ ഓട്ടോയിൽ ബസ് പിന്തുടർന്ന് മോഷ്ടാക്കളെ പിടികൂടി
തിരുവല്ല: ബസ് യാത്രയ്ക്കിടെ പണമടങ്ങുന്ന പഴ്സ് മോഷ്ടിച്ച തമിഴ്‌നാട് ചെട്ടിപ്പാളയം സ്വദേശികളായ യുവതികളെ പണം നഷ്ടമായ സ്ത്രീ ഓട്ടോറിക്ഷയിൽ പിന്തുടർന്ന് പിടികൂടി പൊലീസിന് കൈമാറി. ചെട്ടിപ്പാളയം സിയോൺ നഗറിൽ കസ്തൂരി (24), സിയോൺ നഗറിൽ കറുമാരി (25 ) എന്നിവരാണ് പിടിയിലായത്.
ആലപ്പുഴയിൽ നിന്നുള്ള കെഎസ്ആർടിസി ബസിൽ തലവടിയിലേക്ക് വരുകയായിരുന്ന ലതികയുടെ പേഴ്സാണ് മോഷ്ടിക്കപ്പെട്ടത്. രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. തലവടിയിൽ ബസിറങ്ങിയ ശേഷമാണ് പഴ്സ് നഷ്ടമായ കാര്യം ലതിക അറിഞ്ഞത്. ഉടൻ തന്നെ ഓട്ടോറിക്ഷയിൽ ലതിക ബസിനെ പിന്തുടർന്നു. പൊടിയാടി ജങ്ഷനിൽ ബസ് നിർത്തിയതോടെ തന്റെ പഴ്സ് മോഷണം പോയതായി പറഞ്ഞ് ലതിക ഉള്ളിൽ കയറി.
ഇതോടെ കസ്തൂരിയും കറുമാരിയും ബസിനുള്ളിൽ നിന്നും ഇറങ്ങി രക്ഷപെടാൻ ശ്രമിച്ചു. മറ്റു യാത്രക്കാരും നാട്ടുകാരും ചേർന്ന് ഇരുവരെയും തടഞ്ഞു വച്ചു. സംഭവമറിഞ്ഞെത്തിയ പുളിക്കീഴ് എസ്ഐ കവിരാജും സംഘവും ചേർന്ന് ഇരുവരെയും സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കസ്തൂരിയുടെ ബാഗിൽ നിന്നും 1300 രൂപ അടങ്ങുന്ന പഴ്സ് കണ്ടെത്തി.
തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കസ്തൂരി സമാനമായ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.