- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങൾക്ക് പട്ടിയുടെ വില പോലുമില്ലേ? ചെറുമക്കളെ പട്ടിക്കൂട്ടിൽ അടച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ വീട്ടമ്മയുടെ സമരം; പഞ്ചായത്തിനെ അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് പ്രസിഡന്റ്
അടൂർ: മകൻ അപകടത്തിൽ മരിച്ചു. മകൾ ജോലി തേടി തമിഴ്‌നാട്ടിലേക്ക് പോയി. പറക്കമുറ്റാത്ത രണ്ടു ചെറുമക്കളുമായി വാടകവീട്ടിൽ കഴിയാനുള്ള സാമ്പത്തിക സ്ഥിതിയില്ല. ലൈഫ് പദ്ധതി പ്രകാരം ഒരു വീട് നൽകാൻ പഞ്ചായത്തിന് കഴിയും. പക്ഷേ പരിഗണിക്കുന്നില്ലെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസ് പടിക്കൽ വീട്ടമ്മയുടെ വേറിട്ട സമരം.
വളർത്തു നായയുടെ കൂട്ടിൽ ചെറുമക്കളെ ഇരുത്തി ഏനാദിമംഗലം പഞ്ചായത്ത് പടിക്കൽ സമരം ചെയ്തത് ഏഴംകുളം വയലയിൽ വാടകയ്ക്കു താമസിക്കുന്ന കുഞ്ഞുമോളാണ്.2010 ലും 17 ലും ജില്ലാ കലക്ടർക്ക് പരാതി നൽകിയിട്ടും വീടു ലഭിച്ചില്ല. പല വാടക വീടുകളിൽ താമസിച്ചു വരികയായിരുന്നു. ഇതിനിടയിൽ എട്ടു മാസം മുൻപ് മകൻ വാഹനാപകടത്തിൽ മരിച്ചു.
മരുമകൾ ജീവിതമാർഗം തേടി തമിഴ്‌നാട്ടിൽ ജോലി ചെയ്യുന്നു. എട്ടും ഒൻപതും വയസ്സുള്ള കുട്ടികളുടെ സംരക്ഷണവും കുഞ്ഞുമോളുടെ ചുമതലയിലാണ്. ഹൃദ്രോഗം പിടിപെട്ടതോടെ തൊഴിൽ ചെയ്യാനും കഴിയുന്നില്ല. വാടക കൊടുക്കാൻ നിവൃത്തിയില്ലാത്തതിനാൽ സ്വന്തമായി വീടു വേണം. ഇപ്പോൾ ഏഴംകുളം പഞ്ചായത്തിലെ വയലയിലാണ് കുഞ്ഞുമോളും ചെറുമക്കളും വാടകയ്ക്കു കഴിയുന്നത്.
തിങ്കളാഴ്ച രാവിലെ എട്ടരയോടെ പഞ്ചായത്ത് ഓഫീസിനു മുന്നിൽ സമരം തുടങ്ങി. അധികാരികൾ കൃത്യമായ ഉറപ്പു നൽകിയെങ്കിൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ള എന്ന നിലപാടിലാണിവർ. എന്നാൽ ലൈഫ് മിഷന്റെ ഇപ്പോഴത്തെ അർഹതാ പട്ടികയിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ടെന്നും പ്രതിഷേധം പഞ്ചായത്തിനെ അപകീർത്തിപ്പെടുത്തുന്നതിനാണന്നും പ്രസിഡന്റ് പി.രാജഗോപാലൻ നായർ പറഞ്ഞു.
ഇവർക്ക് റേഷൻ കാർഡ്, ആധാർ എന്നിവ നൽകിയതും ഇപ്പോൾ ഏഴംകുളം വയലയിൽ വാടകയ്ക്ക് താമസിക്കുന്ന ഇവർക്ക് ലൈഫ് വേരിഫിക്കേഷനിൽ വീട് നഷ്ടപ്പെടാതെ ലിസ്റ്റിൽ പെടുത്താൻ സഹായിച്ചതും പഞ്ചായത്താണെന്ന് പ്രസിഡന്റ് പറഞ്ഞു. ഓഗസ്റ്റ് 15 നെ അന്തിമ ലിസ്റ്റ് വരികയുള്ളൂ. ആ മുറയ്ക്ക് വീട് ലഭ്യമാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്