ഭുവനേശ്വർ: മാനുഷിക മൂല്യങ്ങൾ വില കുറയുന്ന കാലത്ത് ആശ്വാസമെന്നോണം പ്രതീക്ഷയുടെ ചില നാളങ്ങൾ ചിലപ്പോഴോക്കെ തെളിയാറുണ്ട്.അത്തരത്തിൽ ഒരു വാർത്തയാണ് ഒഡീഷയിൽ നിന്ന് വരുന്നത്.ഇരുപത്തിയഞ്ച് വർഷത്തോളം തന്നെ സഹായിച്ച് കൂടെ നിന്ന സൈക്കിൾ റിക്ഷാക്കാരന് ഒരു കോടി രൂപയോളം വിലമതിക്കുന്ന സ്വത്തുക്കൾ എഴുതിവച്ച് 63 കാരിയായ വീട്ടമ്മ. ഒഡീഷയിലെ കട്ടക്കിലാണ് റിക്ഷാക്കാരന് വീട്ടമ്മ തന്റെ സ്വത്തുക്കൾ കൈമാറിയത്.

മിനാതി പട്‌നായിക്ക് എന്ന സ്ത്രീയാണ് ഒപ്പമുണ്ടായിരുന്ന റിക്ഷാക്കാരന് തന്റെ സ്വത്തുക്കൾ ദാനം ചെയ്തത്. വിധവയായ സ്ത്രീയുടെ ഏക ആശ്രയം ബുദ്ധ സമാൽ എന്ന റിക്ഷാക്കാരനും അയാളുടെ കുടുംബവും ആയിരുന്നു. തനിക്ക് സഹായം ചെയ്തു തന്നതിനുള്ള സ്നേഹ സമ്മാനമായിട്ടാണ് കട്ടക്കിലെ സുതാഹട്ട് പ്രദേശത്തെ മൂന്ന് നിലകളുള്ള വീടും ആഭരണങ്ങളും യുവതി ദാനമായി നൽകിയത്. 'അവന്റെ സത്യസന്ധതയ്ക്ക് മുന്നിൽ ഈ സ്വത്തുക്കൾ ഒന്നുമല്ല' എന്നാണ് തന്റെ ദാനപ്രവൃത്തിയെ കുറിച്ച് ഈ വീട്ടമ്മ പറയുന്നത്.

'ബുദ്ധ സമാലിന് 50 വയസുണ്ടെങ്കിലും അവനും ഭാര്യയും എന്നെ അമ്മ എന്നാണ് വിളിക്കുന്നത്. പോരാത്തതിന് അവരുടെ മക്കൾ അമ്മൂമ്മയെന്നും വിളിക്കുന്നു, അവരുടെ ലാളിത്യവും സത്യസന്ധതയേയും വെച്ച് എന്റെ സ്വത്തുക്കളെ താരതമ്യം ചെയ്യാൻ കഴിയില്ല, അവരുടെ മഹിമ അതിലും മുകളിലാണ്.' - മിതാനി പറഞ്ഞു.

എഞ്ചിനീയറായിരുന്ന മിതാനിയുടെ ഭർത്താവ് കഴിഞ്ഞ വർഷം ജൂലൈയിൽ കാൻസർ ബാധ മൂലം മരണപ്പെടുകയായിരുന്നു. ഇവരുടെ ഏക മകളായ കമൽ ഈ വർഷം ആദ്യം ഹൃദയാഘാതം മൂലം മരണപ്പെട്ടതോടെയാണ് മിതാനി ജീവിതത്തിൽ ഒറ്റപ്പെട്ടുപോയത്.

പിന്നീട് മിതാനിയുടെ താങ്ങും തണലുമായി നിന്നത് ബുദ്ധ സമാലും അദ്ദേഹത്തിന്റെ കുടുംബവും ആയിരുന്നു. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി കുടുംബവുമായി ബന്ധമുള്ള ബുദ്ധ സമാലായിരുന്നു മിതാനിയുടെ മകളെ സ്‌കൂളിൽ കൊണ്ടു പോയിരുന്നത്. താൻ സ്വത്ത് കൈമാറ്റം ചെയ്യുന്നതിൽ സഹോദരങ്ങൾക്ക് കുറച്ച് നീരസം ഉണ്ടായിരുന്നെങ്കിലും താൻ ഉറച്ചുനിന്നതിനാൽ അവർ എതിർത്തിരുന്നില്ലെന്ന് മിതാനി പറയുന്നു.

മിതാനി സ്വത്തുക്കൾ തനിക്ക് നൽകാൻ ഒരുങ്ങിയപ്പോൾ അത് സ്വീകരിക്കാൻ തനിക്ക് മടിയുണ്ടായിരുന്നതായി ബുദ്ധ സമാൽ പറഞ്ഞു. 'എന്നാൽ അമ്മയുടെ തീരുമാനം ഉറച്ചതായിരുന്നു. ഞങ്ങളും ഒപ്പം വേണമെന്ന നിര്ബന്ധത്തിലായിരുന്നു അമ്മ. എന്റെ കുടുംബത്തിലെ എല്ലാ അംഗങ്ങളോടും വളരെയേറെ സ്‌നേഹത്തോടെയാണ് അമ്മ പെരുമാറുന്നത്.' ബുദ്ധ സമാൽ പറഞ്ഞു.