- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പിനെ നേരിടുന്ന ഇടത് സർക്കാരിന് ആദ്യ തിരിച്ചടി സെക്രട്ടറിയേറ്റിൽ നിന്ന്; ഹൗസിങ് സൊസൈറ്റി യു.ഡി.എഫ് പിടിച്ചെടുത്തു; ഭരണം കൈയിലൊതുക്കിയത് 200 ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ
തിരുവനന്തപുരം: ഭരണത്തുടർച്ച പ്രതീക്ഷയുമായി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ഇടത് സർക്കാരിന് ആദ്യ തിരിച്ചടി സെക്രട്ടറിയേറ്റിൽ നിന്നും. ഹൗസിങ്ങ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ 200 ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ സൊസൈറ്റിയുടെ ഭരണം യുഡിഎഫ് പിടിച്ചെടുത്തു.ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലെ ജീവനക്കാരും നിയമ സഭാ സെക്രട്ടറിയേറ്റിലെ ജീവനക്കാരും അംഗങ്ങൾ ആയിട്ടുള്ള സംഘത്തിൽ 4700 വോട്ടർമാരാണ് ഉള്ളത്.
ബി അജികുമർ, ബി ബാലു മഹേന്ദ്ര, ഷിബു ഇബ്രാഹിം, സജീവ് പരിസവില, ശിവകുമാർ, സി പി പ്രമോദ്, ഷിബു ജോസഫ്, വി എം പാത്തുമ്മ, സിന്ധു, വി എസ് പ്രതിഭ, സുനിതാ കുമാരി എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങൾ.ഭരണസമിതിയുടെ കാലാവധി 2018ൽ കഴിഞ്ഞിട്ടും ഇലക്ഷൻ നടത്താത്തതിനെതിരെ സൊസൈറ്റി അംഗമായ എം.എസ്. ജ്യോതിഷടക്കം അഞ്ചുപേർ നൽകിയ അപ്പീലിലാണ് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായത്.അപ്പീൽ പരിഗണിച്ച ഹൈക്കോടതി ഡിവിഷൻബെഞ്ച് മാർച്ച് 10 ന് തന്നെ തെരഞ്ഞെടുപ്പ് നടത്താൻ ഇടക്കാല ഉത്തരവ് നൽകുകയായിരുന്നു.
സൊസൈറ്റിയുടെ മുൻ സെക്രട്ടറി വ്യാജതിരിച്ചറിയൽ കാർഡ് വിതരണം ചെയ്തെന്ന ആരോപണത്തെത്തുടർന്നാണ് തിരഞ്ഞെടുപ്പ് വൈകിയതെന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി വിശദീകരിച്ചു. അംഗങ്ങൾക്ക് വിതരണം ചെയ്ത തിരിച്ചറിയൽ കാർഡുകൾ തിരികെ ഹാജരാക്കി പുതിയ കാർഡ് കൈപ്പറ്റാൻ നിർദ്ദേശിച്ചെങ്കിലും കുറേപ്പേർ നൽകിയിട്ടില്ലെന്നും കമ്മിറ്റി വാദിച്ചിരുന്നു.
തുടർന്ന് സഹകരണസംഘം തിരഞ്ഞെടുപ്പിന് അനുവദിച്ചിട്ടുള്ള തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചു ഇലക്ഷൻ നടത്താൻ ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു. സെക്രട്ടേറിയറ്റ് സർവീസിലുള്ളവർക്ക് സ്ഥിരം എംപ്ളോയി നമ്പർ (പെൻ) വ്യക്തമാക്കി കാർഡ് നൽകിയിട്ടുള്ളതിനാൽ ഈ കാർഡ് ഉപയോഗിച്ചും വോട്ടുചെയ്യാമെന്നും വ്യവസ്ഥയുണ്ടാക്കി.
പഴയ കാർഡുകൾ ഹാജരാക്കിയവർക്ക് പുതിയ കാർഡ് നൽകിയിട്ടില്ലെങ്കിൽ വോട്ടുചെയ്യാനായി പഴയ കാർഡ് തിരിച്ചു നൽകാനും നിർദ്ദേശിച്ചിരുന്നു.ഇതോടെയാണ് തിരഞ്ഞെടുപ്പു നടത്താൻ രജിസ്ട്രാർ മുഖേന സഹകരണ സംഘങ്ങളുടെ ഇലക്ഷൻ കമ്മിഷന് നൽകിയ പ്രമേയം അംഗീകരിച്ച് മാർച്ച് പത്തിന് തിരഞ്ഞെടുപ്പു നടത്താൻ വിജ്ഞാപനം ഇറക്കിയിട്ടുണ്ടെന്ന് കമ്മിറ്റി വ്യക്തമാക്കിയത്.
അഡ്നിസ്ട്രേറ്റീവ് കമ്മിറ്റി ഭരിച്ചിരുന്ന സംഘത്തിന്റെ ഭരണം നേടാൻ ശക്തമായ പോരാട്ടമായിരുന്നു ഇക്കുറി. ഭരണത്തിന്റെ മികവ് മുൻനിർത്തി ഭരനാനുകൂല സംഘടന ശക്തമായ പോരാട്ടവുമായി ഇക്കുറി മത്സരരംഗത്തുണ്ടായിരുന്നു.ഇ മത്സരത്തെ അതിജീവിച്ചണ് യുഡിഎഫ് പിന്തുണ ഉള്ള സഹകരണ ജനാധിപത്യ മുന്നണി അധികാരം പിടിച്ചത്. ശുഭപ്രതീക്ഷയുമായി തെരഞ്ഞെടുപ്പിനെ നേരിടുന്ന പിണറായി വിജയൻ സർക്കാരിന് സെക്രട്ടറിയേറ്റിൽ നിന്ന് തന്നെ ആദ്യ തിരിച്ചടിയേറ്റത് പ്രതീക്ഷിക്കാത്ത അഘാതമാണ്.