തിരുവനന്തപുരം: ബിസിനസ് പങ്കാളി ചതിച്ചതിനെ തുടർന്ന് രണ്ടു വർഷമായി ദമ്പതികൾ ഷാർജയിൽ കുടുങ്ങിക്കിടക്കുന്നു. വെള്ളനാട് സ്വദേശി മണിക്കുട്ടനും ഭാര്യയുമാണ് ഷാർജയിൽ കുടുങ്ങിക്കിടക്കുന്നത്. മണിക്കുട്ടനും ഭാര്യയ്ക്കും എതിരെ ഷാർജയിലെ എയ്‌റോലിങ്ക്‌സ് കമ്പനിയുടെ സിഇഒ അനിൽകുമാർ മനോരമയിൽ അറിയിപ്പിന്റെ രൂപത്തിൽ ഇന്നു നൽകിയ പരസ്യത്തെ തുടർന്നാണ് മണിക്കുട്ടന്റെ ബന്ധുക്കൾ ചതിയുടെ കഥ മറുനാടനോട് പറഞ്ഞു രംഗത്ത് വന്നത്. എയ്‌റോ ലിങ്ക്‌സ് കമ്പനിക്ക് വേണ്ടി ജോലികൾ ഏറ്റെടുത്ത വകയിൽ നാല്പത് കോടി രൂപ മണിക്കുട്ടന് അനിൽ കുമാർ നൽകാനുണ്ട്. ജോലികൾ ഏറ്റെടുത്ത് ചെയ്യുമ്പോൾ ഗ്യാരണ്ടി ചെക്കുകൾ കോൺട്രാക്ടടിങ് കമ്പനി നൽകാറുണ്ട്. നാല്പത് കോടി ആവശ്യപ്പെട്ടപ്പോൾ ഗ്യാരണ്ടി ചെക്കുകളിൽ ഒൻപത് കോടിയോളം രൂപ എഴുതി കോടതിയിൽ പ്രസന്റ് ചെയ്യുകയാണ് അനിൽകുമാർ ചെയ്തത്. ഈ പ്രശ്‌നത്തിന്റെ പേരിൽ വഞ്ചനയ്ക്കും തട്ടിപ്പിനും കൊല്ലം അഞ്ചാലുംമൂട് പൊലീസ് ചാർജ് ചെയ്ത കേസിലെ പ്രതിയാണ് അനിൽകുമാർ എന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു

ഗൾഫിൽ കേസ് വാദിക്കാൻ കഴിയാത്തത് കാരണമാണ് അനിൽകുമാറിന് എതിരെ മണിക്കുട്ടന്റെ ബന്ധുക്കൾ നിയമനടപടി കേരളത്തിൽ സ്വീകരിച്ചത്. അനിൽകുമാറിനെ പ്രതിയാക്കി സെപ്റ്റംബറിൽ അഞ്ചാലുംമൂട് പൊലീസ് ചാർജ് ചെയ്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. വെള്ളനാട് പഞ്ചായത്ത് ഈ കേസ് കാര്യമായി പരിഗണിച്ചിട്ടുണ്ട്. അനിൽകുമാറിന് എതിരെ വാർത്താസമ്മേളനം വിളിച്ചപ്പോൾ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയാണ് കാര്യങ്ങൾ വിശദീകരിച്ചത്. സെക്രട്ടറിയെറ്റിനു മുന്നിൽ അനിൽകുമാറിനെതിരെ സമരവും നടന്നു. പഞ്ചായത്തിന്റെ പിന്തുണയോടെ നടന്ന സമരമാണ് ഇത്. അനിൽകുമാർ നടത്തിയ തട്ടിപ്പ് അറിഞ്ഞാണ് പഞ്ചായത്ത് സമരത്തിനു വന്നത്. അനിൽകുമാറിന് എതിരെ നടപടി അവശ്യപ്പെട്ടു പഞ്ചായത്ത് ഒരു സമിതി തന്നെ രൂപീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനോടും കേന്ദ്ര മന്ത്രി വി.മുരളീധരനോട് പ്രശ്‌നത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടു പഞ്ചായത്ത് കമ്മറ്റി കത്ത് നൽകുകയും ചെയ്തിട്ടുണ്ട്.

എയ്‌റോ ലിങ്ക്‌സ് കേസിനെക്കുറിച്ച് ബന്ധുക്കൾ പറഞ്ഞത് ഇങ്ങനെ: ഷാർജയിലെ മാസ് അലൂമിനിയം കമ്പനിയുടെ ഉടമയാണ് മണിക്കുട്ടൻ. 2005 മുതൽ മണിക്കുട്ടൻ ഷാർജയിലുണ്ട്. എയ്‌റോ ലിങ്ക്‌സ് വർക്കുകൾ ചെയ്യുന്ന കോൺട്രാക്റ്റ് കമ്പനിയാണ് മാസ് കമ്പനി. ആറു വർഷത്തോളം നിരന്തരം ജോലികൾ ഏറ്റെടുത്ത് ചെയ്തപ്പോൾ നാല്പത് കോടിയോളം രൂപ എയ്‌റോ ലിങ്ക്‌സ് മാസ് കമ്പനിക്ക് കുടിശികയാക്കി. ഈ തുക തിരികെ നൽകിയതുമില്ല. വർക്കുകൾ ഏറ്റെടുക്കുമ്പോൾ ഗ്യാരണ്ടി ചെക്ക് മാസ് കമ്പനി നൽകിയിട്ടുണ്ട്. നാല്പത് കോടി കുടിശിക ചോദിച്ച് മാസ് കമ്പനി ഉടമയായ മണിക്കുട്ടൻ പ്രശ്‌നം ഉണ്ടാക്കിയപ്പോൾ ഏയ്റോ ലിങ്ക്‌സ് സിഇഒ മണിക്കുട്ടൻ ഒമ്പത് കോടിയോളം രൂപ കൊടുക്കാനുണ്ട് എന്ന് ഗ്യാരണ്ടി ചെക്കുകളിൽ രേഖപ്പെടുത്തി കോടതിയിൽ നൽകി. സാമ്പത്തികമായി തകർന്നതിനാൽ ഈ തുകയുടെ പത്ത് ശതമാനം കെട്ടിവെച്ച് കോടതിയിൽ കേസ് വാദിക്കാൻ കഴിയില്ല. മാസ് കമ്പനി അടച്ചു പൂട്ടുകയും ചെയ്തു. ജീവനക്കാർക്ക് ശമ്പളം നൽകാനുണ്ട്. എയ്‌റോ ലിങ്ക്‌സ് ജോലികൾ ചെയ്യാൻ മറ്റു കമ്പനികളിൽ നിന്നും കടമായി സാധനം വാങ്ങിയിട്ടുണ്ട്. അവരും മാസ് കമ്പനി ഉടമയ്ക്ക് എതിരെ കേസിന് പോയിട്ടുണ്ട്. ഇതോടെ സാമ്പത്തികമായി തകർന്ന മണിക്കുട്ടന് ബാധ്യതകൾ തീർക്കാനോ യാത്രാ നിരോധനം കാരണം നാട്ടിലെയ്ക്ക് എത്തിപ്പെടാനോ കഴിയുന്നില്ല. വാസ്തവം ഇതായിരിക്കെയാണ് മനോരമയിൽ മണിക്കുട്ടനെ തിരുവനന്തപുരം സ്വദേശി എന്ന് പറഞ്ഞു ഇയാളുമായി എയ്‌റോ ലിങ്ക്‌സിനു ബന്ധമില്ലെന്നും എയ്‌റോ ലിങ്ക്‌സ് കോൺട്രാക്റ്റ് കമ്പനി മാത്രമാണ് മണിക്കുട്ടന്റെ കമ്പനി എന്നും പറഞ്ഞു പത്രത്തിൽ അറിയിപ്പ് നൽകിയത്-ബന്ധുക്കൾ ആരോപിക്കുന്നു.

ഓരോ പ്രോജക്റ്റ് ചെയ്യുമ്പോഴും കുടിശിക വന്നു. പെയ്‌മെന്റ് ക്ലിയർ ചെയ്തില്ല. ഗ്യാരണ്ടി ചെക്ക് നൽകിയിരുന്നു. ഈ ചെക്ക് തിരികെ വാങ്ങിച്ചില്ല. ഏയ്റോ ലിങ്ക് കുടിശികയാക്കിയപ്പോൾ മറ്റു കമ്പനികൾക്ക് ചെക്ക് കൊടുത്തിരുന്നു. മറ്റു കടക്കാർ കേസ് കൊടുത്തു. മണിക്കുട്ടൻ അനിൽകുമാറിനെ ഓഫീസിൽ പോയി കണ്ടു. മണിയുടെ ഭാര്യയെക്കുറിച്ച് മോശമായി അനിൽകുമാർ സംസാരിച്ചു. മണിയുടെ ഭാര്യ പരാതി നൽകി. ഇതിന്റെ ഭാഗമായി കൊല്ലത്ത് ഒത്തുതീർപ്പ് ചർച്ച നടത്തി. ഇരുപത് കോടിയോളം രൂപ അനിൽ കുമാർ തിരികെ നൽകാം, മണിയുടെ ഭാര്യ നൽകിയ കേസ് പിൻവലിക്കണം എന്ന് പറഞ്ഞു. വാക്കാലുള്ള ധാരണയിൽ കേസ് പിൻവലിച്ചു. പക്ഷെ അനിൽകുമാർ കാശ് തിരികെ നൽകിയില്ല. രണ്ടു മൂന്നു ചെക്ക് ആയി പണം നൽകാം എന്നാണ് പറഞ്ഞത്. മണിയുടെ ഭാര്യ കേസ് പിൻവലിച്ചു. ഇത് അബദ്ധമായി. മണി നൽകിയിരുന്ന ഗ്യാരണ്ടി ചെക്ക് ഉപയോഗിച്ച് മണി ഒൻപത് കോടി അനിൽകുമാറിന് നൽകാനുണ്ട് എന്ന് പറഞ്ഞു കേസ് നൽകി. മണിയും ഭാര്യയും കുടുങ്ങി. ട്രാവൽ നിരോധനം വന്നു. തിരുവനന്തപുരത്ത് സമരം അപ്പോൾ വന്നതാണ്. വെള്ളനാട് പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ചയായി. പഞ്ചായത്ത് പ്രസിഡന്റ് തന്നെ വന്നു സമരം ഉദ്ഘാടനം ചെയ്തു. നാല്പത് കോടി രൂപയാണ് അനിൽകുമാർ നൽകാനുണ്ട്. കാശ് നൽകാനുള്ള പ്രശ്‌നത്തിൽ ഒരു സ്വകാര്യ കമ്പനിയെ വെച്ച് ഓഡിറ്റ് ചെയ്തു. ഈ തുക തിരികെ നൽകാൻ സുനിലിനോട് പറഞ്ഞിരുന്നു. എന്നിട്ടും പണം നൽകിയിട്ടില്ല. ഇപ്പോൾ അവർ പരസ്യവും നല്കിയിരിക്കുന്നു ബന്ധുക്കൾ പറയുന്നു.

എയ്‌റോ ലിങ്ക്‌സിനു എതിരെ വെള്ളനാട് പഞ്ചായത്ത് തീരുമാനം

വെള്ളനാട് സ്വദേശിയായ മണിക്കുട്ടൻ ഇരുപത്തിയഞ്ചു വർഷമായി ഗൾഫിലാണ്. കൊല്ലം സ്വദേശി അനിൽപിള്ളയുടെ ഏയ്റോ ലിങ്ക്‌സിൽ 12 പ്രോജക്ടുകൾ പൂർത്തിയാക്കി. ഓരോ പ്രോജക്ടിനും ചെക്കുകൾ നൽകുമ്പോൾ ആ ചെക്കിൽ തുക എഴുതി ചേർത്ത് മണിക്കുട്ടനെ വഞ്ചിക്കുകയാണ് അനിൽ പിള്ള ചെയ്തത്. ഇതിന്റെ പേരിൽ മണിക്കുട്ടനെയും ഭാര്യയെയും ദുബായ് ജയിലിൽ അടച്ചു. മണിക്കുട്ടാണ് ഇരുപത് മില്യൻ നൽകാനുണ്ട് എന്നാണ് കമ്പനിയുടെ ഫിനാൻസ് കൺട്രോലർ സജാദുമായി സംസാരിച്ചതിൽ ബോധ്യമായത്. മണിക്കുട്ടൻ ദുബായിൽ ഇപ്പോൾ ഒളിവിലാണ് താമസിക്കുന്നത്. മണിക്കുട്ടൻ പ്രശ്‌നത്തിനു പരിഹാരം കാണാൻ ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുന്നു. മുഖ്യമന്ത്രിയോടും കേന്ദ്രമന്ത്രി വി.മുരളീധരനോടും പ്രശ്‌ന പരിഹാരത്തിനു അഭ്യർത്ഥിക്കുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായി ഒരു സ്റ്റാൻഡിങ് കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. തുടർ നടപടികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയെ ചുമതല ഏൽപ്പിക്കുന്നു-ഇതാണ് പഞ്ചായത്ത് തീരുമാനമായി ഇറക്കിയ കുറിപ്പിൽ പറയുന്നത്.

മണിക്കുട്ടനു എതിരെയുള്ള എയ്‌റോ ലിങ്ക്‌സിന്റെ മനോരമയിലെ പത്രപ്പരസ്യം

എയ്‌റോ ലിങ്ക് കോൺട്രാക്റ്റ് കമ്പനി വർഷങ്ങളായി ദുബായ് കേന്ദ്രമാക്കി 12000 അധികം തൊഴിലാളികൾക്ക് തൊഴിൽ നൽകുന്ന സ്ഥാപനമാണ്. 2014 മുതൽ കമ്പനിയുടെ സബ് കോൺട്രാക്ടായി പ്രവർത്തിച്ച കമ്പനിയെക്കുറിച്ച് 2019 മുതൽ കമ്പനിക്ക് അറിവില്ല. ദുബായിലെ ഈ സ്ഥാപനം പൂട്ടിക്കിടക്കുകയാണ്. സ്ഥാപനം പൂട്ടാൻ കാരണം എയ്‌റോ ലിങ്ക് അല്ല. കമ്പനി സിഇഒ അനിൽ കുമാറിനെതിരെ ചിലയാളുകൾ കുപ്രചരണം നടത്തി തിരുവനനന്തപുരം പ്രസ് ക്ലബിൽ വാർത്തസമ്മേളനം വിളിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയെ വഞ്ചിച്ച് നാല്പത് കോടി അന്യായ ലാഭമുണ്ടാക്കി എന്നാണ് സെക്രട്ടറിയെറ്റിനു മുൻപിൽ ധർണ്ണ നടത്തി ചിലയാളുകൾ പ്രസംഗിച്ചത്. അപകീർത്തി പ്രചാരണം നടത്തിയവർക്ക് എതിരെ അൻപത കോടി രൂപ ആവശ്യപ്പെട്ടു എയ്‌റോ ലിങ്ക് നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. അപകീർത്തിപ്പെടുത്തലിനു എതിരെ ദുബായിലും നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. അപകീർത്തികരമായ പ്രസ്താവനകളും വാർത്തകളും ചമയ്ക്കുകയും സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്ത് പ്രവർത്തിക്കുന്നവർക്കും എതിരെ നിയമനടപടി സ്വീകരിക്കും എന്ന് അറിയിക്കുന്നു-പരസ്യത്തിൽ പറയുന്നു.

അനിൽകുമാറിന്റെ അഭിഭാഷകൻ ബി.എൻ.ഹസ്‌കർ പറയുന്നത്

ദുബായിലെ അൽമാസ് അലൂമിനിയം കമ്പനിയിലെ മണിക്കുട്ടനും എയ്‌റോ ലിങ്ക് കമ്പനിയിലെ അനിൽ കുമാറും തമ്മിലുള്ള ഇടപാടിലെ പ്രശ്‌നമാണ്. വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വാർത്താസമ്മേളനം വിളിച്ചു കൂട്ടിയിരുന്നു. അദ്ദേഹം തെറ്റിദ്ധരിക്കപ്പെട്ടതാണ് എന്നാണ് എന്നോടു പറഞ്ഞത്. അവർക്ക് നാല്പത് കോടി ലഭിക്കാനുണ്ട് എന്ന് പറഞ്ഞു വാർത്താ സമ്മേളനം നടത്തുകയും സെക്രട്ടറിയെറ്റിനു മുന്നിൽ ധർണ്ണ നടത്തുകയും ചെയ്തു. ഇതിന്റെ പേരിൽ ഞങ്ങൾ മാനനഷ്ടത്തിനു എതിരെ നടപടി എടുക്കും എന്ന് പറഞ്ഞു പത്രപരസ്യം നൽകിയത്.

 

2014 മുതൽ സബ് കോൺട്രാക്റ്റ് ചെയ്യുന്ന കമ്പനിയാണ്. മണിക്കുട്ടൻ ജോലികൾ സമയബന്ധിതമായി ജോലികൾ പൂർത്തിയാക്കിയില്ല. 27 കമ്പനികളുമായി കേസ് ഉണ്ട്. എയ്‌റോ ലിങ്ക് ഇയാളുടെ ഒരു കേസ് പണം നൽകി സെറ്റിൽ ചെയ്തിട്ടുണ്ട്. വർക്ക് തീർക്കാൻ വേണ്ടിയാണ് ഇത് ചെയ്തത്. ജോലി തീർത്തിട്ടില്ലെങ്കിൽ കേസ് നൽകാം. അതാണ് അവിടുത്തെ നിയമം. അതിനാൽ എയ്‌റോ ലിങ്ക് ദുബായിൽ കേസ് നൽകിയിട്ടുണ്ട്. മണിക്കുട്ടന്റെ ബന്ധുക്കൾ കേരളത്തിൽ പരാതികൾ ആയി നടക്കുകയാണ്. മണിക്കുട്ടന് ദുബായ് വിട്ടു പോകാൻ കഴിയില്ല-ഹസ്‌കർ പറയുന്നു.