- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഒരു തെളിവും അവശേഷിപ്പിക്കാതെ സ്മാർട് ഫോണിനകത്ത് നുഴഞ്ഞു കയറും; ഫോണിന്റെ സമസ്ത മേഖലകളും മനസ്സിലാക്കിയ ശേഷം ആരുമറിയാതെ ക്യാമറ പ്രവർത്തിപ്പിച്ച് ഇന്റർനെറ്റ് വഴി വിവരങ്ങൾ കൈമാറും; ഫോണിന്റെ ചരിത്ര രേഖകളിൽ ഒരു തെളിവും ബാക്കിവെക്കില്ല; മുമ്പ് വാട്സ് ആപ്പിനും പണി കൊടുത്തു; ഇസ്രയേലിന്റെ പെഗസ്സസ് ഒരു സൂപ്പർ സ്പൈ!
ന്യൂഡൽഹി: ഒറ്റവാക്കിൽ ഒരു സൂപ്പർസ്പൈ എന്നാണ് ഇസ്രയേലിന്റെ ഈ ചാര സോഫ്റ്റ്വെയറിനെ വിശേഷിപ്പിക്കേണ്ടത്. ആരെയാണോ ലക്ഷ്യമിടുന്നത് അയാളുടെ ഫോണിൽ നുഴഞ്ഞു കയറി സമർത്ഥമായി തന്നെ ചാരപ്പണി എടുക്കുന്ന വില്ലനാണ് ഇപ്പോൾ കേന്ദ്ര മന്ത്രിമാരുടെയും സുപ്രീംകോടതി ജഡ്ജിമാരുടെയും ഫോണുകൾ ചോർത്തിയെന്ന് ഇന്ത്യയിൽ ആരോപണ വിധേയനായിരിക്കുന്ന വില്ലൻ. രാജ്യസഭാ എംപി സുബ്രഹ്മണ്യം സ്വാമി പുറത്തുവിട്ട ഈവിവാദം രാജ്യത്ത് വൻതോതിൽ ചർച്ചയാകുന്നുണ്ട്.
തങ്ങളുടെ ഫോണിൽ ഇത്തരമൊരു മാൽവെയർ കയറി എന്ന ചെറിയ തെളിവ് പോലും അവശേഷിപ്പിക്കാതെയാണ് പെഗസ്സസിന്റെ പ്രവർത്തനം. അതുകൊണ്ട് തന്നെ ഒരു സൂപ്പർസ്പൈയാണ് ഇത്. സ്മാർട് ഫോണിനകത്ത് സമർത്ഥമായി നുഴഞ്ഞ് കയറി വിവരങ്ങളെല്ലാം ചോർത്തി സ്വയം മരണം വരിക്കുന്ന ചാവേറാണ് ഇവൻ. മൊബൈൽ കമ്പനികൾ തമ്മിൽ ആഗോള തലത്തിൽ യുദ്ധമുണ്ടായപ്പോൾ ആപ്പിളിനെ ലക്ഷ്യമിട്ടാണ് പെഗസ്സസ് നിർമ്മിച്ചത്.
എന്നാൽ, പിന്നീട് ആൻഡ്രോയ്ഡിലും ബ്ലാക്ക് ബെറിയിലും പ്രവർത്തിക്കുന്ന സംവിധാനമായി ഇത് മാറി. ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ നിയന്ത്രണം കൈക്കലാക്കുന്ന ഈ ദുഷ്ടപ്രോഗ്രാം ഫോൺകോളുകൾ, മെസേജുകൾ, ഫോട്ടോകൾ, ക്യാമറ, മൈക്രോഫോൺ, ഇമെയിൽ, കലണ്ടർ, എസ്എംഎസ്, ലൊക്കേഷൻ, നെറ്റ്വർക്ക് ഡീറ്റെയിൽസ്, സെറ്റിങ്സ്, ബ്രൗസ് ഹിസ്റ്ററി, കോൺടാക്ട്സ് തുടങ്ങിയ സമസ്തമേഖലകളേയും കൈക്കലാക്കും. ആരുമറിയാതെ ക്യാമറ പ്രവർത്തിപ്പിച്ച് ഇന്റർനെറ്റ് വഴി അത് കൈമാറുന്ന വിരുതൻ കൂടിയാണ്.
ഫേസ്ബുക്കിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ലോകത്ത് ആകെ 1400ലധികം ഫോണുകളിൽ പെഗസ്സസ് ബാധിച്ചുവെന്നാണ് കണക്ക്. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സാക്ഷാൽ വാട്സ് ആപ്പിനെയും വിറപ്പിച്ചിട്ടുണ്ട് പെഗസ്സസ്. 2019ലായിരുന്നു ഏറെ കോളിളക്കം സൃഷ്ടിച്ച ഈ സംഭവം. വളരെ നേരത്തെ തന്നെ ഇതേ കുറിച്ചുള്ള സൂചനകൾ ലഭിച്ചിരുന്നുവെങ്കിലും നീണ്ട നാളത്തെ പരിശോധനകൾക്കൊടുവിലാണ്് അത് പെഗസ്സസ് എന്ന മാൽവേറാണെന്ന് മനസിലാകുന്നത്.
ഇസ്രയേലി കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പ് വികസിപ്പിച്ച ചാരപ്രോഗ്രാമാണ് പെഗസ്സസ്. ഇതിൽ തങ്ങൾക്ക് പങ്കില്ലെന്നും വിവിധ സർക്കാരുകൾക്ക് വേണ്ടി സുരക്ഷാ- നിരീക്ഷണ സംവിധാനങ്ങൾ നിർമ്മിച്ച് നൽകുന്ന കമ്പനിയാണ് തങ്ങളെന്നും എൻ.എസ്.ഒ ആവർത്തിച്ച് വ്യക്തമാക്കുന്നു. തങ്ങളുടെ കോളിങ് സംവിധാനത്തിൽ എന്തൊക്കെയോ സംഭവിക്കുന്നതായി വാട്സ്ആപ്പിന് സൂചന കിട്ടിയിരുന്നു. അതിന് പിന്നിൽ പെഗസ്സസ് ആണെന്ന് തെളിഞ്ഞതോടെയാണ് അന്വേഷണം വ്യാപകമാക്കിയത്. അതോടെ പെഗസ്സസ് ബാധിച്ചു എന്ന് കരുതുന്ന അക്കൗണ്ടുകൾക്ക് പുതിയ അപ്ഡേറ്റ് സ്വീകരിക്കാൻ അവർ മുന്നറിയിപ്പ് നൽകി.
ആ മെസേജ് കിട്ടിയവർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് ലോകമെങ്ങും ചർച്ചയായത്. തൊട്ടു പിന്നാലെ കോൺഗ്രസ് നേതാക്കളായ പ്രിയങ്കാ ഗാന്ധി, പ്രഫുൽ പട്ടേൽ, ജനതാദൾ നേതാവ് സന്തോഷ് ഭാർതീയ, അഭിഭാഷനായ നിഹാൽസിങ് റാഥോട്, വിദ്യാഭ്യാസ വിദഗ്ധൻ ആനന്ദ് തെൽതുംഡെ, ആക്ടിവിസ്റ്റ് വിവേക് സുന്ദെര, മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ ജഗ്ദിഷ് മെശ്രാം തുടങ്ങി നൂറിലേറെ പേർ തങ്ങളുടെ ഫോണിൽ പെഗസ്സസ് ബാധിച്ചുവെന്ന അവകാശവാദവുമായി രംഗത്തെത്തി. ഇവർ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്നും അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് സർക്കാരിന് കത്തെഴുതുകയും ചെയ്തു.
അതിസുരക്ഷയുണ്ടെന്ന് അവകാശപ്പെടുന്ന ഐഫോണിനെ ലക്ഷ്യമിട്ട് നിർമ്മിച്ച പെഗസ്സസ് ആദ്യമായി വാർത്തയിൽ ഇടം നേടുന്നത് 2016 ലാണ്. അന്ന് ചില മനുഷ്യാവകാശപ്രവർത്തകർ തങ്ങളുടെ സ്മാർട്ഫോണുകളെ പെഗസ്സസ് ബാധിച്ചുവെന്ന് ആരോപിച്ചിരുന്നു. രാഷ്ട്രീയക്കാർ, നയതന്ത്രജ്ഞർ, മനുഷ്യാവകാശപ്രവർത്തകർ, മാധ്യമപ്രവർത്തകർ. അഭിഭാഷകർ എന്നിവരെയാണ് പെഗസ്സസ് ലക്ഷ്യമിട്ടത്. വിവിധ സർക്കാരുകളുമായി അടുത്ത ബന്ധം പുലർത്തുന്ന ഇസ്രയേലി കമ്പനിയുടെ ചാര പ്രോഗ്രാം കടത്തിവിട്ടത് ആരെന്ന അന്വേഷണത്തിന് പ്രാധാന്യം കൈവരുന്നത് അവിടെയാണ്. ഇതുവരെ അതേക്കുറിച്ചുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല.
വാട്സ് ആപ്പിന്റെ എൻഡ്ടുഎൻഡ് എൻക്രിപ്ഷനിൽ പെഗസ്സസ് എങ്ങനെ കടന്നുകൂടിയെന്ന സംഭവം ഏവരെയും അതിശയിപ്പിച്ചിരുന്നു. ടെക്സ്റ്റ് മെസേജല്ല കോളിങ് സംവിധാനമാണ് പെഗസ്സസ് കടന്നുകൂടാൻ ഉപയോഗിച്ചത് എന്നതാണ് സാങ്കേതിക ലോകത്തെ അതിശയിപ്പിച്ചത്. ഒറ്റ മിസ്ഡ്കോളിലൂടെ ചാര പ്രോഗ്രാം കോഡുകൾ സ്മാർട്ഫോണിൽ നിക്ഷേപിക്കും. തുടർന്ന് ജെയിൽ ബ്രേക്കിലൂടെ ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ നിയന്ത്രണം തന്നെ ഏറ്റെടുക്കും. കോൾ ലിസ്റ്റിൽ നിന്നു പോലും പെഗസ്സസ് എത്തിയ കോൾ മായ്ചുകളയും. കോൾ എടുക്കണമെന്ന് നിർബന്ധമില്ല അതിന് കടന്നുകയറാൻ എന്നതും ശ്രദ്ധേയം.
ജെയിൽ ബ്രെയ്ക്കിലൂടെയാണ് ഡാറ്റകൾ മോഷ്ടിക്കുന്നതുമുതൽ ക്യാമറ പ്രവർത്തിക്കുന്നതുവരെ ഫോണിന്റെ എല്ലാ പ്രവർത്തന മേഖലയിലും കൈകടത്താൻ പെഗസ്സസിന് കഴിയുന്നത്. വാട്സ്ആപ്പിൽ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ നടക്കുന്നതിന് മുമ്പേ സന്ദേശം കൈക്കലാക്കാം. ഡാറ്റകൾ ചോർത്തിയെടുക്കാൻ വാട്സ്ആപ്പ് ഉപയോഗിച്ചിരുന്നോ എന്ന കാര്യം വ്യക്തമല്ല.
പെഗസ്സസിന് ഡാറ്റ കടത്താൻ വാട്സ്ആപ്പിന്റെ ആവശ്യമില്ല എന്നതാണ് വസ്തുത. ഇമെയിൽ വഴിയും എസ്എംഎസ് ലിങ്ക് വഴിയും പെഗസ്സസ് സ്മാർട്ഫോണിൽ കടത്തിവിടാം. ഇന്റർനെറ്റുമായി ആ ഫോൺ ബന്ധിച്ചിരുന്നാൽ മാത്രം മതി. പെഗസ്സസ് സ്മാർട്ഫോണിൽ ചാരപ്പണി നടത്തുമ്പോേൾ ഫോൺ സ്ലോ ആകുകയോ എന്തെങ്കിലും മാറ്റം സംഭവിക്കുന്നതായി നമുക്ക് തോന്നുകയേ ഇല്ല. ചാരപ്പണി കഴിഞ്ഞാൽ പെഗസ്സസ് തനിയെ അപ്രത്യക്ഷമാകും. ഫോണിന്റെ ചരിത്ര രേഖകളിൽ ഒരു തെളിവും അവശേഷിപ്പിക്കുകയുമില്ല.
ഇപ്പോൾ ഇന്ത്യയിൽ കേന്ദ്രമന്ത്രിമാരുടെയും സുപ്രീംകോടതി ജഡ്ജിമാരുടെയും വിവരങ്ങൾ ചോർത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ വെട്ടിലാകുന്നത് കേന്ദ്രസർക്കാർ തന്നെയാണ്. കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ജഡ്ജിമാരുടെയും മാധ്യമ പ്രവർത്തകരുടെയും ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി കേന്ദ്ര സർക്കാർ രംഗത്ത്. ആരോപണങ്ങൾ അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
ശക്തമായ ജനാധിപത്യം നിലനിൽക്കുന്ന രാജ്യമായ ഇന്ത്യ എല്ലാ പൗരന്മാരുടെയും മൗലികാവകാശമായ സ്വകാര്യത മാനിക്കാൻ പ്രതിജ്ഞാബദ്ധമാണ്. പെഗസ്സസ് സോഫ്റ്റ്വെയർ ഉപയോഗം സംബന്ധിച്ച് കേന്ദ്ര സർക്കാർ വിവരാവകാശ നിയമ പ്രകാരം നൽകിയ മറുപടി നേരത്തെ മാധ്യമങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. കേന്ദ്ര സർക്കാരും പെഗസ്സസും തമ്മിലുള്ള ബന്ധം സംബന്ധിച്ച് ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി നൽകാൻ അതുതന്നെ പര്യാപ്തമാണ്.
സർക്കാർ ഏജൻസികൾ യാതൊരു തരത്തിലുള്ള ഫോൺ ചോർത്തലും നടത്തിയിട്ടില്ലെന്ന് കേന്ദ്ര ഐ.ടി മന്ത്രി പാർലമെന്റിലടക്കം വിശദീകരിച്ചതാണ്. പെഗസ്സസ് ഫോൺചോർത്തൽ സംബന്ധിച്ച ആരോപണങ്ങൾ വാട്സാപ്പ് അടക്കമുള്ളവ സുപ്രീം കോടതിയിലടക്കം നിഷേധിച്ചിട്ടുണ്ട്. ഇന്ത്യൻ ജനാധിപത്യത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ അതിശയോക്തി കലർത്തിയ റിപ്പോർട്ടാണ് പുറത്തുവന്നതെന്നും കേന്ദ്ര സർക്കാർ വിശദീകരിച്ചു.
കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരിയുടെയും സ്മൃതി ഇറാനിയുടെയും ഫോണുകളാണ് ചോർത്തിയത് എന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ ഇന്ത്യൻ ജനാധിപത്യത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും താറടിച്ചു കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുറത്തുവന്ന റിപ്പോർട്ടെന്നും കേന്ദ്ര സർക്കാർ ആരോപിക്കുന്നു. 2019ലാണ് പെഗസ്സസ് സോഫ്റ്റ് വെയർ ആഗോളതലത്തിൽ ചർച്ചയാവുന്നത്. 20 രാജ്യങ്ങളിൽ നിന്നുള്ള 1400 പേരുടെ വിവരങ്ങളാണ് അന്ന് ചോർന്നത്. അന്നും ആരോപണങ്ങൾ കേന്ദ്രം നിഷേധിച്ചിരുന്നു.