- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
'മൂഷിക സ്ത്രീ പിന്നെയും മൂഷിക സ്ത്രീ ആയി'; വാവെയ് അതിന്റെ തട്ടകമായ ചൈനയിലേക്ക് ഒരു തിരിച്ചു പോക്കുന്നു; ആസന്നമായ ഒരു വമ്പൻ പതനത്തിന്റെ കഥ
എത്യോപ്യയുടെ തലസ്ഥാനമായ അഡ്ഡിസ് അബാബെയിലൂടെ യാത്ര ചെയ്തിട്ടുള്ള ആരുടേയും ശ്രദ്ധാകേന്ദ്രമാകുന്ന ഒരു അംബരചുംബിയാണ് ആഫ്രിക്കൻ യൂണിയൻ ഹെഡ്ക്വാർട്ടേഴ്സ്. ചൈനീസ് ധനസഹായത്തോടെ നിർമ്മാണം പൂർത്തീകരിച്ച ഈ ബഹുനില സൗധത്തിന്റെ ലിഫ്റ്റിലും, ഇടനാഴികളിലുമെല്ലാം ചൈനീസ് ഭാഷയായ മൻഡാരിനിലുള്ള സന്ദേശങ്ങളും, ചൈന ഡെവലപ്മെന്റ് ബാങ്കിന്റെ ലോഗോയും കാണാം. ബീജിങ്ങിൽ നിന്നുള്ള 200 മില്യൺ ഡോളർ മുതൽമുടക്കിൽ 2006ൽ നിർമ്മാണം ആരംഭിച്ച ഈ കെട്ടിടത്തിന്റെ പണി പൂർത്തിയായത് 2012ലാണ്. കെട്ടിടം മാത്രമല്ല, ഇതിനുള്ളിലെ കമ്പ്യൂട്ടർ സിസ്റ്റവും, നെറ്റ്വർക്കുമെല്ലാം ചൈനീസ് മേൽനോട്ടത്തിലാണ് സ്ഥാപിച്ചത്. വർഷങ്ങളോളം ചൈനയുടെയും, ആഫ്രിക്കയുടെയും ഊഷ്മളമായ ബന്ധത്തിന്റെ മകുടോദാഹരണമായി അഡ്ഡിസ് അബാബെയിലെ ആഫ്രിക്കൻ യൂണിയൻ ഹെഡ്ക്വാർട്ടേഴ്സ് പ്രൗഡോജ്ജ്വലമായി നില കൊണ്ടു. 2018 ജനുവരിയിലാണ് ഫ്രഞ്ച് ദിനപത്രമായ 'ലെ മോണ്ടെ ആഫ്രിക്വേ'യിൽ ആ വാർത്ത അച്ചടിച്ചു വന്നത്. 'എല്ലാ ദിവസവും അർദ്ധരാത്രി 12 മണി മുതൽ 2 മണി വരെ ആഫ്രിക്കൻ യൂണിയൻ ഹെഡ്ക്വാർട്ടേഴ്സിലെ കമ്പ്യൂട്ടർ സെർവറുകളിൽ നിന്ന് 8000 കിലോമീറ്റർ അകലെ ചൈനയിലെ ഷാങ്ഹായിലേക്ക് ഡാറ്റ കൈമാറ്റം ചെയ്യപ്പെടുന്നു.' 2012 മുതൽ ആരംഭിച്ച ഈ പ്രതിഭാസം അഞ്ച് വർഷത്തിന് ശേഷമാണ് ആഫ്രിക്കൻ യൂണിയൻ ഹെഡ്ക്വാർട്ടേഴ്സിലെ ഒരു സാങ്കേതിക വിദഗ്ദന്റെ കണ്ണിൽപ്പെട്ടത് എന്നും പത്രം റിപ്പോർട്ട് ചെയ്തു.
ലെ മോണ്ടെ ആഫ്രിക്വേയിൽ അച്ചടിച്ചു വന്ന ഡാറ്റ ചോർച്ചയുടെ വാർത്ത എത്യോപ്യയിൽ ഒരു രാഷ്ട്രീയ വിവാദം തന്നെ സൃഷ്ടിച്ചു. എന്നാൽ ആഫ്രിക്കൻ യൂണിയൻ ഉദ്യോഗസ്ഥരും, ചൈനീസ് പ്രതിനിധികളും സംയുക്തമായി ഈ വാർത്ത നിഷേധിച്ചു. ഏറെ പ്രകമ്പനങ്ങൾ സൃഷ്ടിച്ച ഈ ഡാറ്റ ചോർച്ച വിവാദത്തിന് ഇന്നേ വരെ യാതൊരു വിധ സ്ഥിരീകരണങ്ങളും ഉണ്ടായിട്ടില്ലെങ്കിലും ഈ സംഭവത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു വസ്തുത ആഫ്രിക്കൻ യൂണിയൻ ഹെഡ്ക്വാർട്ടേഴ്സിലെ ഇൻഫോർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജിയുടെ സപ്ലയർ ചൈനയിലെ ഏറ്റവും വലിയ ടെലികോം ഉപകരണ നിർമ്മാണ കമ്പനിയായ 'വാവെയ്' ആയിരുന്നു എന്നതാണ്. മൊബൈൽഫോൺ ടെക്നോളജിയുടെ വാതായനങ്ങൾ ലോകത്തിന് മുന്നിൽ തുറക്കപ്പെട്ട എൺപതുകളുടെ അവസാനത്തിലാണ് പീപ്പിൾസ് ലിബറേഷൻ ആർമിയിൽ നിന്നും വിരമിച്ച റെൻ സെങ്ങ്ഫായ് എന്ന ചൈനീസ് ഉദ്യോഗസ്ഥൻ ചൈനയിലെ ഷെൻസെനിലെ ഒരു ചെറിയ അപ്പാർട്ട്മെന്റിൽ വാവെയ് എന്ന തന്റെ കമ്പനി ആരംഭിക്കുന്നത്. തുടക്കത്തിൽ ഏറെ പ്രതിസന്ധികളെ അഭിമുഖീകരിച്ച റെൻ സെങ്ങ്ഫായ് പിന്നീട് തന്റെ കമ്പനിയെ മുന്നോട്ട് നയിക്കുന്നതിൽ വിജയിച്ചു തുടങ്ങി. തൊണ്ണൂറുകളുടെ ആദ്യപാദത്തിൽ പീപ്പിൾസ് ലിബറേഷൻ ആർമിക്ക് ടെലികോം ഉപകരണങ്ങൾ സപ്ലൈ ചെയ്യാനുള്ള കരാർ ചൈനീസ് ഗവൺമെന്റിൽ നിന്നും നേടിയെടുത്തതോടെ വാവെയ് അതിന്റെ വമ്പൻ കുതിപ്പിന് നാന്ദി കുറിച്ചു. തൊണ്ണൂറുകളുടെ മധ്യത്തിൽ 220 മില്യൺ ഡോളറിലധികം വിറ്റു വരവ് നേടിയ കമ്പനി പതിയെ രാജ്യാന്തര ബിസിനസ്സ് രംഗത്തും അരങ്ങേറ്റം കുറിച്ചു.
പടിഞ്ഞാറൻ രാജ്യങ്ങളിൽ സ്മാർട് ഫോണുകൾ തരംഗം സൃഷ്ടിച്ചു തുടങ്ങിയ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലാണ് വാവെയ് അമേരിക്കൻ വിപണിയിലെത്തുന്നത്. അതിന് കാരണമായതാകട്ടെ ബിൽ ക്ലിന്റൺ ഗവണ്മെന്റിന്റെ ഭരണകാലത്ത് 2000ത്തിൽ അമേരിക്ക മുൻകയ്യെടുത്ത് 'യുണൈറ്റഡ് സ്റ്റേറ്റ്സ് - ചൈന റിലേഷൻസ് ആക്ട് ഓഫ് 2000' എന്ന വ്യാപാര കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചതും. അമേരിക്കയുടെ പിന്തുണയോടെ തൊട്ടടുത്ത കൊല്ലം ലോക വ്യാപാര സംഘടന (WTO) യിലും ചൈന അംഗമായതോടെ വാവെയ്ക്ക് മുന്നിൽ ഒരു പുതിയ പാത വെട്ടിത്തുറക്കപ്പെടുകയായിരുന്നു. വാവെയ് മാത്രമല്ല ഒട്ടനവധി ചൈനീസ് കമ്പനികളാണ് ഈ കരാറിന്റെ പിൻബലത്തിൽ അമേരിക്കൻ വിപണിയിൽ ചുവടുറപ്പിച്ചത്. 2007ൽ അമേരിക്കൻ സെക്യൂരിറ്റി സോഫ്റ്റ്വെയർ കമ്പനിയായ സിമാന്റെക് കോർപ്പറേഷനുമായി വ്യാപാര ഉടമ്പടിയിൽ ഒപ്പുവച്ച വാവെയ് അതിനും രണ്ടു കൊല്ലം മുൻപ് തന്നെ ആഗോള ടെലികോം ഭീമനായ വോഡാഫോണുമായും, ബ്രിട്ടീഷ് ടെലികോമുമായും കരാറുകളിലേർപ്പെട്ട് യുകെയിലും സാന്നിധ്യമറിയിച്ചിരുന്നു. ആസ്ട്രേലിയ, നോർവേ, അയർലൻഡ്, ഇന്ത്യ എന്നിങ്ങനെ വിവിധ രാജ്യങ്ങളിൽ നിലയുറപ്പിക്കാനായതോടെ വാവെയ് ശതകോടികളുടെ വിറ്റു വരവാണ് ഉണ്ടാക്കിയത്. സാവധാനത്തിൽ ടെലികോം ഉപകരണങ്ങൾ വിൽക്കുന്ന ലോകത്തെ ഏറ്റവും വലിയ കമ്പനി എന്ന നിലയിലേക്ക് വാവെയ് എത്തിച്ചേർന്നു. അപ്പോഴും ലോകത്തേറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ആദ്യത്തെ പത്തു മൊബൈൽ ഫോൺ മോഡലുകളുടെ കൂട്ടത്തിൽ പോലും ഒരൊറ്റ വാവെയ് ഫോൺ മോഡലും ഉൾപ്പെട്ടിരുന്നില്ല എന്നതാണ് ഏറെ കൗതുകകരം.
അമേരിക്കൻ മണ്ണിലെ ചൈനയുടെ വ്യാപാര അധീശത്വം അമേരിക്കയുടെ സഖ്യരാജ്യങ്ങളെയും, അമേരിക്കൻ സെനറ്റ് അംഗങ്ങളിൽ ചിലരെ തന്നെയും ഏറെ അസ്വസ്ഥരാക്കുന്ന രീതിയിലേക്കാണ് പിന്നീട് കാര്യങ്ങൾ പുരോഗമിച്ചത്. 2006ൽ അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി എന്ന പദവിയിലേക്ക് മെക്സിക്കോയെ പിന്തള്ളി ചൈന കടന്നു വന്നു. ജപ്പാനെ പിന്തള്ളി ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സമ്പദ്വ്യവസ്ഥയായി 2010ൽ ചൈന ഉയർന്നു വന്നത് അമേരിക്കൻ വിപണിയിലെ വ്യാപാര വളർച്ചയുടെ പിൻബലത്തോടെയായിരുന്നു. ചൈനീസ് ഗവൺമെന്റ് 2015ൽ 'മെയിഡ് ഇൻ ചൈന 2025' പദ്ധതി ആസൂത്രണം ചെയ്തതോടെയാണ് അമേരിക്കയും, സഖ്യരാജ്യങ്ങളും കൂടുതൽ ജാഗരൂഗരായത്. ചൈനയെ ലോക വ്യാപാരത്തിന്റെ കുത്തകയാക്കാനും, 2025ഓടെ ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ്വ്യവസ്ഥയാക്കാനും, ചൈനീസ് കറൻസിയായ യുവാനെ ഡോളറിനെക്കാൾ ശക്തമായ ആഗോള കറൻസിയാക്കാനും ചൈന ഗവണ്മെന്റ് വിഭാവന ചെയ്ത പദ്ധതിയാണ് 'മെയിഡ് ഇൻ ചൈന 2025'. അമേരിക്കയിൽ ഇതിനോടകം തന്നെ ചൈനയുമായുള്ള വ്യാപാരബന്ധത്തിനെതിരെ അസ്വാരസ്യങ്ങൾ ഉയർന്നു കഴിഞ്ഞിരുന്നു. അവയിൽ ഏറെയും ചൈനീസ് ടെക് ഭീമനായ വാവെയ്ക്കെതിരെയായിരുന്നു. അമേരിക്കൻ കമ്പനിയായ സിസ്കോയും, ടി-മൊബൈലും സാങ്കേതിക ചാരവൃത്തി ആരോപിച്ചു വാവെയ്ക്കെതിരെ മില്യൺ കണക്കിന് ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലോ സ്യൂട്ടുകൾ ഫയൽ ചെയ്തിരുന്നു. തങ്ങളുടെ ലാബിലെ ഒരു സന്ദർശനത്തിനിടെ 2014ൽ രണ്ട് വാവെയ് സാങ്കേതിക വിദഗ്ദ്ധർ ഒരു സ്മാർട്ട് ഫോൺ ടെസ്റ്റിങ് റോബോട്ടിന്റെ സാങ്കേതികത ചോർത്തിയെടുക്കാൻ ശ്രമിച്ചു എന്ന ആരോപണമായിരുന്നു അവയിൽ പ്രബലം. തെളിവ് സഹിതമുള്ള ഈ ആരോപണം വാവെയ്ക്ക് നിഷേധിക്കാനായില്ല. എന്നാൽ ഇത് കമ്പനിയുടെ ഒത്താശയോടെയായിരുന്നില്ലെന്നും, ആരോപണ വിധേയരായ തങ്ങളുടെ ജീവനക്കാരെ പുറത്താക്കിയിട്ടുണ്ടെന്നുമായിരുന്നു വാവെയുടെ ഔദ്യോഗിക പ്രതികരണം.
ആഫ്രിക്കൻ യൂണിയൻ ഹെഡ്ക്വാർട്ടേഴ്സിലെ ചാരവൃത്തി പോലുള്ള വിഷയങ്ങളിൽ അമേരിക്കൻ മാധ്യമങ്ങളുടെ ചൈന വിരുദ്ധ ആരോപണങ്ങൾ സംശയാതീതമായി തെളിയിക്കപ്പെട്ടില്ലെങ്കിലും ലോകം ചൈനയെ സംശയിച്ചു തുടങ്ങി. അതിന് കാരണവുമുണ്ടായിരുന്നു. ലോകമെങ്ങും വിറ്റഴിക്കപ്പെടുന്ന ചില ചൈനീസ് മൊബൈൽ ഫോണുകളിൽ നിർമ്മാണവേളയിൽ തന്നെ മാൽവെയർ ഇൻസ്റ്റാൾ ചെയ്തും, മറ്റ് മാർഗ്ഗങ്ങളിലൂടെയും ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തപ്പെടുന്നുണ്ടെന്ന വാർത്തകൾ ലോക വ്യാപകമായി തെളിവ് സഹിതം പുറത്തെത്തിയിട്ടും മിക്കപ്പോഴും ചൈന സംശയകരമായ രീതിയിൽ മൗനം പാലിക്കുകയായിരുന്നു. ചൈനയിലെ എല്ലാ കമ്പനികളും ചൈനീസ് സർക്കാർ ആവശ്യപ്പെടുന്ന പക്ഷം സർക്കാർ നിർദ്ദേശങ്ങളോട് സഹകരിച്ചു പ്രവർത്തിക്കണമെന്ന ഒരു ആർട്ടിക്കിൾ തന്നെ ചൈനയിൽ നിലവിലുള്ള കാര്യം പല നിയമ കാര്യ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഇപ്രകാരം വാവെയ് പോലുള്ള കമ്പനികൾ തങ്ങളുടെ വിലപ്പെട്ട ഡാറ്റയിലേക്ക് ചൈനീസ് സർക്കാരിന് ഒരു പിൻവാതിൽ (backdoor) തുറന്നു കൊടുത്തേക്കാമെന്നും ഇത് വാവെയ് കമ്പനിയുടെ ഉപകരണങ്ങളും, സേവനങ്ങളും ഉപയോഗിക്കുന്ന രാജ്യങ്ങളുടെ സുരക്ഷക്ക് വൻ ഭീഷണിയായിത്തീരുമെന്നുമാണ് സാങ്കേതിക വിദഗ്ദ്ധർ പറയുന്നത്. മാത്രവുമല്ല വാവെയ് കമ്പനിയുടെ രണ്ടു പതിറ്റാണ്ടിലധികം നീളുന്ന പീപ്പിൾസ് ലിബറേഷൻ ആർമിയുമായുള്ള സുദൃഢമായ ബന്ധവും സംശയാസ്പദമായി വ്യഖ്യാനിക്കപ്പെട്ടു. എന്നാൽ വാവെയ് ഇത്തരം വാദഗതികളെല്ലാം പാടെ നിഷേധിക്കുന്നു.
ചൈനയുമായുള്ള വ്യാപാര ബന്ധങ്ങളെ ചൊല്ലി അമേരിക്കൻ നയതന്ത്ര രംഗത്ത് തർക്കങ്ങൾ ഉടലെടുക്കുമ്പോൾ വാവെയ് അതിന്റെ 5G നെറ്റ്വർക്ക് പരീക്ഷണങ്ങളുടെ അന്തിമഘട്ടത്തിലെത്തിയിരുന്നു. 4G യേക്കാൾ നൂറു മടങ്ങോളം വേഗതയുള്ള 5G നെറ്റ്വർക്കുകൾ സ്ഥാപിക്കാൻ വേണ്ടി ലോകമെങ്ങും ഗവേഷണങ്ങൾ പ്രാരംഭഘട്ടത്തിൽ മാത്രം എത്തി നിന്നിരുന്ന ആ സമയത്തു തന്നെ വാവെയ് ഇക്കാര്യത്തിൽ ഏതാണ്ട് ഫലപ്രാപ്തിയിലെത്താറായിരുന്നു. ലോകത്ത് ഏറ്റവും കുറഞ്ഞ ചെലവിൽ 5G നെറ്റ്വർക്കുകൾ സ്ഥാപിക്കാൻ സാധിക്കുന്നത് തങ്ങൾക്കായിരിക്കുമെന്ന് വാവെയ് പ്രഖ്യാപിച്ചതോടെ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് അമേരിക്കയ്ക്ക് ഉറപ്പായി. റഷ്യ, യുകെ, ആസ്ട്രേലിയ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ 5G നെറ്റ്വർക്ക് സ്ഥാപിക്കാൻ വാവെയ് കമ്പനിയെ ആശ്രയിച്ചേക്കുമെന്ന അഭ്യൂഹവും അമേരിക്കയെ സ്വാധീനിച്ചു. മാറ്റത്തിന്റെ കാറ്റ് വീശാൻ തുടങ്ങിയത് 2017ൽ കടുത്ത യാഥാസ്ഥിതിക നിലപാടുകളുള്ള ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേറ്റതോടെയാണ്. ഇതോടെയാണ് ചൈനയുമായി ഒരു പ്രത്യക്ഷ ഏറ്റുമുട്ടലിന് അമേരിക്ക ഒരുങ്ങിയത്. 2018ൽ സുരക്ഷാപരമായ കാരണങ്ങൾ ഉന്നയിച്ച് വാവെയുടെ സേവനങ്ങളും, ഉത്പന്നങ്ങളും ഉപയോഗിക്കുന്നതിൽ നിന്നും ഫെഡറൽ ഗവണ്മെന്റിനെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് അമേരിക്ക പുറത്തിറക്കി. തൊട്ടടുത്ത കൊല്ലം വാവെയ് ഉൾപ്പടെ നിരവധി ചൈനീസ് കമ്പനികളെ അമേരിക്ക കരിമ്പട്ടികയിൽ പെടുത്തിയതോടെ ചൈനയും, അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം വഷളായി. ഇതിനിടെ ഏകദേശം 200 ബില്ല്യൺ വരുന്ന ചൈനീസ് ഇറക്കുമതിച്ചുങ്കം അമേരിക്ക ഇരട്ടിയായി വർധിപ്പിക്കുകയും ചെയ്തു. അമേരിക്കയുടെ 60 ബില്ല്യൺ ഉത്പന്നങ്ങൾക്ക് ചൈന 5 ശതമാനം മുതൽ 25 ശതമാനം വരെ അധികച്ചുങ്കം ചുമത്തി തിരിച്ചടിച്ചതോടെ കുഴപ്പങ്ങൾ മൂർദ്ധന്യാവസ്ഥയിലെത്തി.
വാവെയ് കരിമ്പട്ടികയിൽ പെട്ടപ്പോഴും എല്ലാം ശരിയാകുമെന്ന് അതിന്റെ സ്ഥാപകനായ റെൻ സെങ്ങ്ഫായ് അടക്കമുള്ളവർ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാൽ കാര്യങ്ങൾ പിന്നീട് കൂടുതൽ കുഴപ്പത്തിലേക്കാണ് പോയത്. വാവെയ് കരിമ്പട്ടികയിൽ പെട്ടതോടെ അമേരിക്കൻ കമ്പനികൾ ഫോൺ നിർമ്മിക്കാനാവശ്യമായ ഉപകരണങ്ങൾ വാവെയ്ക്ക് വിൽക്കുന്നതും, സാങ്കേതികവിദ്യ കൈമാറുന്നതും അമേരിക്ക തടഞ്ഞിരുന്നു. വാവെയുടെ മൂന്നിലൊന്ന് ശതമാനം കംപ്യൂട്ടർ ചിപ്പ് ഉൾപ്പടെയുള്ള ഉൽപ്പന്നങ്ങളും അമേരിക്കയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. കൂനിന്മേൽ കുരുവെന്ന പോലെ വാവെയുടെ ആൻഡ്രോയിഡ് ലൈസൻസ് ഗൂഗിൾ റദ്ദാക്കുകയും ചെയ്തു. ഹാർഡ്വെയർ, സോഫ്റ്റ്വെയർ കൈമാറ്റത്തിന് പുറമെ ടെക്നിക്കൽ സേവനങ്ങളും ഗൂഗിൾ നിർത്തി. ഗൂഗിളിൽ നിന്നുള്ള ഒഎസ് സേവനം നിൽക്കുന്നതിനൊപ്പം പ്ലേ സ്റ്റോർ, ഗൂഗിൾ മാപ്പ്, യുട്യൂബ് ഉൾപ്പടെ ഗൂഗിൾ സർവീസുകളെല്ലാം വരാനിരിക്കുന്ന വാവെയ് ഫോൺ മോഡലുകളിൽ നിന്ന് അപ്രത്യക്ഷമാകുമെന്ന് ഉറപ്പായി. ചൈനീസ് സൈന്യത്തിന്റെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള കമ്പനികളിൽ മുതൽ മുടക്കുന്നതിൽ നിന്ന് അമേരിക്കൻ പൗരന്മാരെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് ട്രംപ് ഭരണകൂടം പുറത്തിറക്കിയതോടെ കരിമ്പട്ടികയിലുള്ള ചൈനീസ് കമ്പനികളുടെ ഓഹരിമൂല്യം കുത്തനെ ഇടിഞ്ഞു. സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ലോകവ്യാപകമായി ശക്തമായതോടെ റഷ്യ ഒഴികെയുള്ള ഒട്ടുമിക്ക രാഷ്ട്രങ്ങളും തങ്ങളുടെ 5G നെറ്റ്വർക്കുകൾ സ്ഥാപിക്കാനുള്ള കരാർ വാവെയ്ക്ക് നൽകാനുള്ള തീരുമാനത്തിൽ നിന്ന് പിൻവലിഞ്ഞു. ഇതോടെ എല്ലാ അർത്ഥത്തിലും വാവെയ് അമേരിക്കൻ നേതൃത്വത്തിലുള്ള ഉപരോധത്തിന് മുന്നിൽ മുട്ടുകുത്തുന്ന അവസ്ഥയിലായി. വാവെയുടെ അപ്രതീക്ഷിതമായ പതനം അവിടെ ആരംഭിക്കുകയായിരുന്നു.
വാവെയ് കമ്പനിക്ക് മുന്നിൽ ഇനിയൊരു തിരിച്ചു വരവ് ഏറെക്കുറെ അസാധ്യമാണ്. ജോ ബൈഡെൻ അമേരിക്കൻ പ്രസിഡണ്ടായപ്പോൾ തങ്ങൾക്കെതിരെയുള്ള നയത്തിൽ നിന്ന് അമേരിക്ക വ്യതിചലിക്കുമെന്ന് വാവെയ് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. കഴിഞ്ഞ സെപ്റ്റംബർ മുതൽ സ്മാർട് ഫോൺ നിർമ്മാണം നിർത്തുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ വാവെയ് കമ്പനിയുടെ നേതൃത്വതലത്തിൽ സജീവമാണെന്നാണ് വിവരം. തങ്ങളുടെ കീഴിൽ സബ് ബ്രാൻഡ് ആയി പ്രവർത്തിച്ചിരുന്ന ഓണറിനെ ഷെൻസെൻ സർക്കാരിന്റെ പിന്തുണയുള്ള 30 ഡീലർമാരുടെ ഒരു കൺസോർഷ്യത്തിന് വാവെയ് വിറ്റത് ഇക്കഴിഞ്ഞ നവംബറിലാണ്. നിലവിൽ സ്റ്റോക്കുള്ള ചിപ്പുകൾ ഉപയോഗിച്ച് തീരുന്നതോടെ ഹൈ എൻഡ് സ്മാർട് ഫോൺ മോഡലുകളുടെ നിർമ്മാണം വാവെയ് അവസാനിപ്പിക്കും. 'മൂഷിക സ്ത്രീ പിന്നെയും മൂഷിക സ്ത്രീ ആയി' എന്ന പഴമൊഴി പോലെ വാവെയ് അതിന്റെ തട്ടകമായ ചൈനയിലേക്ക് ഒരു തിരിച്ചു പോക്കിന് ഒരുങ്ങുകയാണെന്ന് ടെക് ലോകത്തെ നിരീക്ഷകർ അടക്കം പറയുന്നു. റഷ്യയെ പോലെ വിശ്വസ്തരായ പങ്കാളികളുമായി വ്യാപാരം തുടരുന്നതിൽ വാവെയ്ക്ക് നിലവിൽ തടസ്സങ്ങളില്ല. എങ്കിലും ലോകത്ത് ഏറ്റവും കുറഞ്ഞ ചെലവിൽ 5G നെറ്റ്വർക്കുകൾ സ്ഥാപിക്കാൻ കഴിയുന്ന കമ്പനിയായും, ടെലികോം ഉപകരണങ്ങൾ വിൽക്കുന്ന ഏറ്റവും വലിയ കമ്പനിയായും ഒരിക്കൽ അറിയപ്പെട്ടിരുന്ന വാവെയ് കമ്പനിയെ സംഭവിച്ചിടത്തോളം ഇതൊരു പതനം തന്നെയാണ്. അനിതരസാധാരണമായ വളർച്ചയോടെ സാങ്കേതികതയുടെ ഉത്തുംഗ ശൃംഗങ്ങളിലെത്തി ലോകമാകെ പടർന്നു പന്തലിച്ച ഒരു ബഹുരാഷ്ട്രകുത്തകയുടെ അപ്രതീക്ഷിതമായ, അകാലത്തിലുള്ള പതനം.
പഴമൊഴി പോലെ വാവെയ് അതിന്റെ തട്ടകമായ ചൈനയിലേക്ക് ഒരു തിരിച്ചു പോക്കിന് ഒരുങ്ങുകയാണെന്ന് ടെക് ലോകത്തെ നിരീക്ഷകർ അടക്കം പറയുന്നു. റഷ്യയെ പോലെ വിശ്വസ്തരായ പങ്കാളികളുമായി വ്യാപാരം തുടരുന്നതിൽ വാവെയ്ക്ക് നിലവിൽ തടസ്സങ്ങളില്ല. എങ്കിലും ലോകത്ത് ഏറ്റവും കുറഞ്ഞ ചെലവിൽ 5G നെറ്റ്വർക്കുകൾ സ്ഥാപിക്കാൻ കഴിയുന്ന കമ്പനിയായും, ടെലികോം ഉപകരണങ്ങൾ വിൽക്കുന്ന ഏറ്റവും വലിയ കമ്പനിയായും ഒരിക്കൽ അറിയപ്പെട്ടിരുന്ന വാവെയ് കമ്പനിയെ സംഭവിച്ചിടത്തോളം ഇതൊരു പതനം തന്നെയാണ്. അനിതരസാധാരണമായ വളർച്ചയോടെ സാങ്കേതികതയുടെ ഉത്തുംഗ ശൃംഗങ്ങളിലെത്തി ലോകമാകെ പടർന്നു പന്തലിച്ച ഒരു ബഹുരാഷ്ട്രകുത്തകയുടെ അപ്രതീക്ഷിതമായ, അകാലത്തിലുള്ള പതനം.