- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സമാധാന ശ്രമങ്ങൾ പൊളിഞ്ഞതോടെ ആക്രമണം രൂക്ഷമാക്കി റഷ്യ; യുക്രൈൻ നഗരങ്ങളിൽ വമ്പൻ സ്ഫോടനങ്ങൾ; ക്ലസ്റ്റർ ബോംബ് ആക്രമണത്തിൽ ഹർകീവിൽ സ്കൂൾ കൂട്ടികൾ അടക്കം അനേകം പേർ കൊല്ലപ്പെട്ടു; സിവിലിയന്മാരെ ബോംബിട്ടു കൊന്നു റഷ്യയുടെ കടന്നാക്രമണം കനത്തു; കീവ് നഗരം അഗ്നിയുദ്ധമാകുന്നു
കീവ്: യുക്രൈൻ അധിനിവേശം നടത്തുന്ന റഷ്യൻ സേന ഒരു വശത്ത് ചർച്ചകളുമായി മുന്നോട്ടു പോകുമ്പോൾ തന്നെ മറുവശത്ത് ആക്രമണം കടുപ്പിക്കുകയാണ്. ചർച്ചകളിൽ പോലു യുക്രൈൻ കാര്യമായി വഴങ്ങുന്നില്ലെന്ന ബോധ്യം വന്നതോടെയാണ് റഷ്യ ആക്രമണം കടുപ്പിക്കുന്നത്. ഒരേ സമയം യുക്രൈനിലെ വിവിധ നഗരങ്ങളിലാണ് റഷ്യ ആക്രമണം ശക്തമാക്കിയത്. ഇരുരാജ്യങ്ങളുടെയും അയൽരാജ്യമായ ബെലാറുസിന്റെ അതിർത്തിയിലുള്ള പ്രിപ്യാത് നദീതീരത്ത് സമാധാന ചർച്ചകൾ നടക്കുമ്പോഴാണ് മറുവശത്ത് റഷ്യ ആക്രമണം കടുപ്പിക്കുകയും ചെയ്യുന്നത്.
അതേസമയം യുക്രൈൻ നഗരമായ ഹർകീവിൽ ശക്തമായ ആക്രമണമാണ് റഷ്യ നടത്തുന്നത്. യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമാണ് ഹർകീവ്. ഇവിടെ ജനവാസ മേഖലയിലും റഷ്യ ആക്രമണം നടത്തിയത് വൻ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. ക്ല്സറ്റർ ബോംബ് ആക്രമണത്തിൽ സ്കൂൾ കുട്ടികൾ അടക്കമുള്ളവർ കൊല്ലപ്പെട്ടതായി ഡെയ്ലി മെയിൽ റിപ്പോർട്ടു ചെയ്യുന്നു.
ജനവാസമേഖലയിൽ തിങ്കളാഴ്ച റഷ്യ കനത്ത ഷെല്ലാക്രമണം നടത്തി. 11 പേർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ കീവിൽ റഷ്യൻ സേനയുമായി ഏറ്റുമുട്ടൽ നടക്കുന്നുണ്ടെന്ന് യുക്രൈൻ അധികൃതർ പറഞ്ഞു. കീവിൽനിന്ന് വേണമെങ്കിൽ സുരക്ഷിത ഇടനാഴിയിലൂടെ യുക്രൈൻ പൗരർക്ക് പുറത്തുപോകാമെന്ന് റഷ്യ പറഞ്ഞു. കീവിന് തെക്കുപടിഞ്ഞാറായി വാസിൽകീവിലേക്കുള്ള ഹൈവേയിലൂടെ കീവ് വിടാമെന്ന് റഷ്യൻ പ്രതിരോധമന്ത്രാലയവക്താവ് മേജർ ജനറൽ ഇഗോർ കൊണഷെങ്കോവ് അറിയിച്ചു.
ഇന്നലെ ഇന്നലെ രാത്രി വൈകി നടത്തിയ അഭിസംബോധനയിൽ യുക്രൈൻ പ്രസിഡന്റ് സെലൻസ്കി റഷ്യയെ കുറ്റപ്പെടുത്തി രംഗത്തുവന്നു. സിവിലിയന്മാരുടെ മേൽ ആക്രമണം നടത്തുന്ന പുടിനെതിരെ യുദ്ധക്കുറ്റം ചുമത്തണമെന്ന ആവശ്യമാണ് ഇവർ ഉന്നയിക്കുന്നത്. ഹർകീവിലെ ആക്രമണത്തിന്റെ വിവരങ്ങൾ പുറത്തുവന്നതിന് ശേഷമാണ് സെലൻസ്കി യുദ്ധക്കുറ്റം ചുമത്തണമെന്ന ആവശ്യം ശക്തമാക്കിയത്. സാധാരണക്കാരായ ജനങ്ങൾക്ക് മേൽ ആക്രമണം നടത്തുന്നതിനെ ആരും പൊറുക്കില്ലെന്ന് യുക്രൈൻ പ്രസിഡന്റ് പറഞ്ഞു.
അതേസമയം റഷ്യ അതിമാരകമായ വക്വം ബോംബ് പ്രയോഗിക്കുന്നു എന്ന ആരോപണവും യുക്രൈനിലെ യുഎസ് അംബാസിഡർ പറഞ്ഞു. ക്ലസ്റ്റർ ബോംബുകൾ ഉപയോഗിച്ചുള്ള റഷ്യൻ ആക്രമണത്തെ അംഗീകരിക്കാൻ ആകില്ലെന്നുമാണ് ലോകരാഷ്ട്രങ്ങളും അഭിപ്രായപ്പെടുന്നത്. ഹർകീവ് പിടിക്കാനുള്ള റഷ്യൻ ആക്രമണത്തെ പ്രാദേശിക ജനങ്ങളെ ഒപ്പം നിർത്തിയാണ് യുക്രൈൻ പ്രതിരോധിക്കുന്നതും. റഷ്യൻ മിസൈൽ ആക്രമണത്തിലാണ് സ്കൂൾ തകർന്ന് 11 പേർ കൊല്ലപ്പെട്ടത്.
വക്വം ബോംബും ക്ലസ്റ്റർ ബോംബു പ്രയോഗിക്കുന്ന റഷ്യൻ നടപടിയെ ലോകരാഷ്ട്രങ്ങളും അപലപിക്കുന്നുണ്ട്. ഇത് ജനീവ കരാറിന്റെ ലംഘനമാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അതിനിടെ റഷ്യയുടെ ആക്രമണത്തിൽ ഏഴു കുട്ടികളുൾപ്പെടെ 102 സാധാരണക്കാർ യുക്രൈനിൽ കൊല്ലപ്പെട്ടെന്ന് യു.എൻ. മനുഷ്യാവകാശവിഭാഗം മേധാവി മിഷേൽ ബാച്ലെ. യഥാർഥ മരണസംഖ്യ ഇതിൽ കൂടുതലായിരിക്കുമെന്ന് ഭയപ്പെടുന്നതായും അവർ പറഞ്ഞു. എന്നാൽ, 16 കുട്ടികൾ കൊല്ലപ്പെട്ടെന്നും 45 കുട്ടികൾക്കു പരിക്കേറ്റെന്നും യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി പറഞ്ഞു. യുക്രൈൻ പ്രശ്നത്തിലുള്ള ചർച്ച യു.എൻ. മനുഷ്യാവകാശ സമിതിയിൽ വ്യാഴാഴ്ച നടക്കും.
അതേസസമയം റഷ്യൻസേനയുമായി അഞ്ചുദിവസമായി രൂക്ഷയുദ്ധം നടക്കുന്ന യുക്രൈനിൽ വെടിനിർത്തുന്നതിനുള്ള ചർച്ച തിങ്കളാഴ്ച തുടങ്ങിയിട്ടുണ്ട്. ഈ ചർച്ചയിൽ പ്രതീക്ഷ അർപ്പിച്ചിരിക്കായാണ് ലോകം. യുദ്ധമാരംഭിച്ചതിനുശേഷമുള്ള ആദ്യത്തെ റഷ്യ-യുക്രൈൻ ചർച്ചയാണിത്. വെടിനിർത്തൽ എന്ന ആവശ്യമാണ് ചർച്ചയിൽ യുക്രൈൻ മുന്നോട്ടുവെച്ചത്. ആണവായുധസേനയോടു സജ്ജമായിരിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ ആവശ്യപ്പെടുകയും റഷ്യയ്ക്ക് ആണവായുധങ്ങൾ വിന്യസിക്കാൻ പാകത്തിൽ ബെലാറുസ് നയം മാറ്റുകയും ചെയ്ത പശ്ചാത്തലത്തിലാണ് ചർച്ച. ചർച്ചയുടെ ഫലപ്രാപ്തിയിൽ യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി കഴിഞ്ഞദിവസം സംശയം പ്രകടിപ്പിച്ചിരുന്നു.
പ്രതിരോധമന്ത്രി ഒലെക്സി റെസ്നികോവ്, സെലെൻസ്കിയുടെ പാർട്ടിയായ സെർവന്റ് ഓഫ് ദ പീപ്പിളിന്റെ പാർലമെന്ററി പാർട്ടി നേതാവ്, വിദേശകാര്യ ഉപമന്ത്രി എന്നിവരാണ് യുക്രൈൻ സംഘത്തെ ചർച്ചയിൽ പ്രതിനിധാനം ചെയ്യുന്നത്. സാംസ്കാരികമന്ത്രി വ്ളാദിമിർ മെദിൻസ്കി റഷ്യൻ സംഘത്തെ നയിക്കുന്നു. അടിയന്തര വെടിനിർത്തലും യുക്രൈനിൽനിന്ന് സൈന്യത്തെ പിൻവലിക്കലുമാണ് ചർച്ചയിലെ മുഖ്യ അജൻഡയെന്ന് സെലെൻസ്കിയുടെ ഓഫീസ് അറിയിച്ചു. യുക്രൈൻ പൗരരും ഭടന്മാരും മരിച്ചുവീഴുന്നതിനാൽ അടിയന്തര ഉടമ്പടികൾ സാധ്യമാക്കുന്നതിലാണ് താത്പര്യമെന്ന് റഷ്യൻ മന്ത്രി മെദിൻസ്കി പറഞ്ഞു.
റഷ്യൻ സൈന്യത്തോട് ആയുധംവെച്ചു കീഴടങ്ങാൻ ചർച്ചയ്ക്കുമുമ്പ് സെലെൻസ്കി ആവശ്യപ്പെട്ടു. യുക്രൈന് യൂറോപ്യൻ യൂണിയനിൽ അടിയന്തരമായി അംഗത്വം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മറുനാടന് ഡെസ്ക്