- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ സ്വപ്ന പദ്ധതിയായ കാരവൻ പാർക്കിനും ഭൂപ്രശ്നങ്ങൾ; ഭൂരിഭാഗം വില്ലേജുകളിലും പാർക്കുകൾ നിർമ്മിക്കാൻ നിയമതടസം; പട്ടയ ഭൂമിയിൽ വീട് നിർമ്മാണത്തിന് മാത്രം അനുമതി ഇല്ലാത്തത് വെല്ലുവിളി; സിപിഐയുടെ താൽപ്പര്യക്കുറവും ടൂറിസം സംരംഭകരെ നിരാശയിലാക്കുന്നു
തിരുവനന്തപുരം: ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെയും വകുപ്പിന്റെയും സ്വപ്ന പദ്ധതിയായ കാരവാൻ കേരളാ പദ്ധതിക്കും തടസ്സമായി ഭൂപ്രശ്നങ്ങൾ. ഇടുക്കി അടക്കമുള്ള ഹൈറേഞ്ച് ഏരിയകളിലാണ് കാരവാൻ പദ്ധതികൾ ടൂറിസം വകുപ്പ് ആസൂത്രണം ചെയ്യുന്നത്. ഇവിടങ്ങളിൽ പട്ടയഭൂമിയാണ് കൂടുതൽ എന്നതു കൊണ്ടു തന്നെയാണ് കാരവാൻ ടൂറിസത്തിനും അനുതി നൽകുന്നത് തടസമായിരിക്കുന്നത്. പതിവുപോലെ റവന്യൂ കൈവശം വെക്കുന്ന സിപിഐയുടെ എതിർപ്പും പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്.
1964 ലെ ഭൂപതിവ് ചട്ടമനുസരിച്ച് ഭൂമിക്ക് പട്ടയം ലഭിച്ചിട്ടുള്ളതുമായ ഭൂരിഭാഗം വില്ലേജുകളിലും കാരവൻ പാർക്കുകൾ നിർമ്മിക്കാൻ നിയമതടസ്സമുണ്ട്. ഇതു മറികടന്ന് പാർക്കുകൾ തുടങ്ങിയാൽ പിന്നീട് നിയമക്കുരുക്കിലാകുമോയെന്ന സംശയമാണ് സംരഭകർക്കുള്ളത്. ഒരു മാസം മുൻപ് പള്ളിവാസൽ പവർഹൗസിനു സമീപം കാരവൻ പാർക്ക് നിർമ്മിക്കാനുള്ള സ്വകാര്യ സംരംഭകന്റെ അപേക്ഷയിൽ റവന്യു വകുപ്പിൽനിന്നുള്ള കൈവശാവകാശ രേഖ വേണമെന്നാവശ്യപ്പെട്ട് പള്ളിവാസൽ പഞ്ചായത്ത് മറുപടി നൽകിയിരുന്നു.
പഞ്ചായത്തിലേക്കു നൽകുന്ന എല്ലാ കൈവശാവകാശ സർട്ടിഫിക്കറ്റിലും ഭൂമി എന്താവശ്യത്തിനാണ് പതിച്ചു നൽകിയിരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നാണ് റവന്യു വകുപ്പിനു ലഭിച്ചിട്ടുള്ള നിർദ്ദേശം. 1964 ലെ ഭൂപതിവ് ചട്ടമനുസരിച്ച് പട്ടയം നൽകിയിട്ടുള്ള ഭൂമിയിൽ കൃഷിക്കും വീട് നിർമ്മാണത്തിനും മാത്രമാണ് അനുമതിയുള്ളത്. ഈ സാഹചര്യത്തിൽ നിർമ്മാണ നിരോധനം നിലവിലുള്ള വില്ലേജുകളിലും കോടതി വിധിയുടെ അടിസ്ഥാനത്തിൽ മറ്റു വില്ലേജുകളിലും ഗാർഹികേതര നിർമ്മാണങ്ങൾക്ക് വിലക്കുണ്ട്.
കഴിഞ്ഞ ദിവസം ബൈസൺവാലി വില്ലേജിൽ നീന്തൽക്കുളം നിർമ്മിക്കാൻ അനുമതി തേടിക്കൊണ്ടുള്ള അപേക്ഷ പോലും ഭൂപതിവ് ചട്ട ലംഘനം ചൂണ്ടിക്കാട്ടി റവന്യു വകുപ്പ് നിരസിച്ചിരുന്നു. കാരവൻ കേരളയുമായി ബന്ധപ്പെട്ട് ഒട്ടേറെ പദ്ധതികളുടെ അനുമതി അപേക്ഷകൾ തീർപ്പാകാതെ കിടക്കുന്നുണ്ടെന്നാണ് വിവരം. കാരവൻ പാർക്കുകൾക്കായി ചുരുങ്ങിയത് 50 സെന്റ് ഭൂമിയെങ്കിലും വേണമെന്നാണ് ടൂറിസം വകുപ്പിന്റെ നിർദ്ദേശം.
പാർക്കുകളിൽ ജല സംഭരണികൾ, വിനോദത്തിനുള്ള തുറന്ന ഇടങ്ങൾ, ഡ്രൈവ് ഇൻ ഏരിയ, മാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങൾ, ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ എന്നിവയെല്ലാം ഉണ്ടാകണമെന്ന നിബന്ധനയുമുണ്ട്. ഭൂപതിവ് ചട്ട പ്രകാരം വീടൊഴികെയുള്ള നിർമ്മാണ പ്രവർത്തനങ്ങളൊന്നും അനുവദനീയമല്ലാത്ത സാഹചര്യത്തിൽ 1964 ലെ ചട്ടപ്രകാരം പതിച്ചു നൽകിയ സ്ഥലത്ത് കാരവൻ പാർക്കുകൾക്ക് എങ്ങനെ അനുമതി നൽകുമെന്നാണ് റവന്യു വകുപ്പ് ഉദ്യോഗസ്ഥർ ചോദിക്കുന്നത്.
സെറ്റിൽമെന്റ് പട്ടയമുള്ള ഭൂമിയിൽ മാത്രമാണ് ഉപാധിരഹിത നിർമ്മാണങ്ങൾക്ക് അനുമതിയുള്ളത്. പക്ഷേ, മറയൂർ ഉൾപ്പെടെയുള്ള ഏതാനും വില്ലേജുകളിൽ വിരലിലെണ്ണാവുന്ന സെറ്റിൽമെന്റ് പട്ടയങ്ങൾ മാത്രമാണുള്ളത്. എന്നാൽ സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്ക് പ്രവർത്തനമാരംഭിച്ച വാഗമണിൽ റവന്യു രേഖകളൊന്നും പഞ്ചായത്ത് ആവശ്യപ്പെട്ടില്ല. ഡിടിപിസി നൽകിയ കത്തിന് മറുപടിയായി പദ്ധതി നടപ്പാക്കുന്നതിൽ പഞ്ചായത്തിന് എതിർപ്പില്ലെന്ന് വ്യക്തമാക്കിയിരുന്നതായി പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
വാഗമണിൽ കാരവാൻ പാർക്ക് പദ്ധതി നടപ്പിലാക്കിയ ഭൂമി തോട്ട ഭൂമിയാണെന്നും ബിടിആർ രജിസ്റ്ററിൽ ഉൾപ്പെട്ട ഇവിടെ പദ്ധതി ആരംഭിക്കുന്നതിന് റവന്യു വകുപ്പിന്റെ എൻഒസി ആവശ്യമില്ലെന്നുമാണ് ഏലപ്പാറ വില്ലേജ് ഓഫിസർ പറയുന്നത്. എന്നാൽ ടൂറിസം പ്രാധാന്യമുള്ള ജില്ലയിലെ ഭൂരിഭാഗം വില്ലേജുകളിലും ഭൂപതിവ് ചട്ട ഭേദഗതി കൊണ്ടുവരാതെ കാരവൻ പാർക്ക് പോലുള്ള പദ്ധതികൾ ആരംഭിക്കുന്നതിന് നിയമതടസ്സങ്ങളുണ്ടാകുമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്.
ടൂറിസം മേഖലയിൽ കുതിച്ചുചാട്ടമുണ്ടാക്കാൻ കൊണ്ടുവന്ന 'കാരവൻ കേരള' പദ്ധതി കേരളത്തിൽ നടപ്പിലാക്കിയിരുന്നു. സ്വദേശികൾക്കും ഇതരസംസ്ഥാനക്കാർക്കും വിദേശികൾക്കും കേരളത്തിന്റെ പ്രകൃതി ഭംഗി നന്നായി ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ലോകപ്രശസ്ത വാഹനനിർമ്മാതാക്കളായ ജർമനിയിലെ മേഴ്സിഡസ് കമ്പനിയുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസ്റ്റ് കാരവനും പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്കുപയോഗിക്കാം. ശീതീകരിച്ച ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകൾ, ഇൻഫോടെയ്്ന്മെന്റ് സിസ്റ്റം, എല്ലാ അവശ്യ ഉപകരണങ്ങളോടും കൂടി പൂർണ്ണമായി സജ്ജീകരിച്ച അടുക്കള, ഷവർ സൗകര്യമുള്ള കുളിമുറി, വിശാലമായ കിടപ്പുമുറി തുടങ്ങിയ സൗകര്യങ്ങളുള്ള കാരവനാണ് ഭാരത് ബെൻസിൽ നിന്ന് ഒരു സംരംഭകൻ പദ്ധതിക്കായി വാങ്ങിയിരിക്കുന്നത്.
സോഫാ കം ബെഡ്, ഫ്രിഡ്ജ്, മൈക്രോവേവ് ഓവൻ എന്നിവ ഉൾക്കൊള്ളുന്ന അടുക്കള, തീന്മേശ, ശൗചാലയം, എയർകണ്ടീഷണർ, ഇന്റർനെറ്റ് സൗകര്യം, ദൃശ്യ-ശ്രവ്യ സംവിധാനങ്ങൾ, ചാർജിങ് സംവിധാനം, ജി.പി.എസ് തുടങ്ങിയ സൗകര്യങ്ങളുള്ള വിവിധ കമ്പനികളുടെ കാരവനുകളാണ് ഉണ്ടാവുക. നാല്, ആറ് സീറ്റുകളുള്ള ഇത്തരം വാഹനങ്ങളിൽ കേരളത്തിലെ അറിയപ്പെടുന്നതും വികസിച്ചു വരുന്നതുമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്താനാവും. കൂടാതെ ഈ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ഏറ്റവുമടുത്തുള്ള സുരക്ഷിതമായ സ്ഥലങ്ങളിൽ കാരവൻ പാർക്കുകളുമുണ്ടാവും. രാത്രികാലങ്ങളിൽ അവിടെ വിശ്രമിക്കാം.
പ്രകൃതിക്കും പ്രാദേശിക സംസ്കാരങ്ങൾക്കും പ്രാധാന്യം നൽകുന്ന സി.ജി.എച്ച് എർത്ത് ഗ്രൂപ്പ് സംസ്ഥാനത്ത് പത്ത് കാരവൻ പാർക്കുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇടുക്കിയിലെ മറയൂരിലാണ് ആദ്യ പാർക്ക് യാഥാർത്ഥ്യമാക്കുക. തേയിലത്തോട്ടത്തിന്റെ പശ്ചാത്തലത്തിൽ അഞ്ച് ഏക്കർ സ്ഥലത്തായിരിക്കും ഈ പാർക്ക്. തുടക്കത്തിൽ തന്നെ അഞ്ച് കാരവനുകൾ ഒരേ സമയം പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കും. ആക്റ്റിവിറ്റി ഏരിയ, താമസ സ്ഥലം, ഡ്രൈവർമാർക്കുള്ള വിശ്രമമുറികൾ, ഭക്ഷണശാല തുടങ്ങി അതിഥികൾക്ക് സുഖപ്രദമായ താമസത്തിനുള്ള എല്ലാ ക്രമീകരണങ്ങളും ഇവിടെ സജ്ജമാക്കും.
സംസ്ഥാനത്ത് ആദ്യ കാരവൻ ടൂറിസം പദ്ധതിക്ക് തുടക്കമിട്ട ബോബി ടൂർസ് ആൻഡ് ട്രാവൽസ് ഉൾപ്പെടെ അഞ്ചോളം സംരംഭകർ ഇതിനകം പാർക്ക് നിർമ്മാണത്തിന് സന്നദ്ധരായിട്ടുണ്ട്. ഹാരിസൺ മലയാളം, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി എന്നിവരും കാരവൻ പാർക്കുകൾ ഒരുക്കും. ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലായി അഞ്ചു പാർക്കുകളാണ് നിലവിൽ പരിഗണിക്കുന്നത്.
കാരവനുകൾ ഒന്നിലധികം ദിവസം പാർക്ക് ചെയ്ത് താമസിക്കാൻ കഴിയുന്ന അത്യാധുനിക കാരവൻ പാർക്ക്, പകൽ മാത്രം പാർക്ക് ചെയ്യാവുന്ന ഡേ പാർക്ക്, താമസസൗകര്യമുള്ള റിസോർട്ടിന്റെ ഭാഗമായ ഹൈബ്രിഡ് പാർക്ക് എന്നിങ്ങനെ മൂന്നുതരം പാർക്കുകളാണ് പ്രധാനമായും വിഭാവനം ചെയ്തിരിക്കുന്നത്. കൂടാതെ ടൂറിസം പ്രദേശങ്ങളിൽ സ്വന്തമായി ഭൂമിയുള്ളവർക്കും തോട്ടങ്ങളിലും പാർക്കുകൾ സ്ഥാപിക്കാം. സഞ്ചാരികൾക്കും കാരവനും വേണ്ട എല്ലാ സൗകര്യങ്ങളും സുരക്ഷയും ഉണ്ടാവണമെന്നത് മാത്രമാണ് മാനദണ്ഡം.
പാട്ടഭൂമിയിൽ ടൂറിസം പദ്ധതികൾ ആകാമെന്ന ഭേദഗതി കൂടി വന്നാൽ മാത്രമേ ഈ പദ്ധതി ഇനി മുന്നോട്ടു പോകുകയുള്ളൂ. ഇതിന് റവന്യൂ വകുപ്പ് കടുംപിടുത്തം പടിക്കുന്നതാണ് മുഹമ്മദ് റിയാസിന്റെ മോഹങ്ങൾക്ക് തടസമായിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ