അടൂർ: മദ്യലഹരിയിൽ അഴിഞ്ഞാടി എക്സൈസ് പ്രിവന്റീവ് ഓഫീസറെ രക്ഷിക്കാൻ സിപിഎമ്മിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും ശ്രമം. കേന്ദ്രീയ വിദ്യാലയത്തിന് സമീപമുള്ള ഫ്ളാറ്റിൽ ഇന്നലെ വൈകിട്ട് എക്സൈസ് സംഘം റെയ്ഡ് നടത്തുന്നതിനിടെ മദ്യപിച്ച് അവിടെയെത്തി സമീപ ഫ്ളാറ്റിലുള്ളവരോട് മോശമായി പെരുമാറിയ പ്രിവന്റീവ് ഓഫീസർ ഹുസൈൻ അഹമ്മദിനെ രക്ഷിക്കാനാണ് നീക്കം നടന്നത്.

ഇയാൾക്കെതിരേ കേസ് എടുത്ത പൊലീസ് കേസ് തേച്ചു മാച്ചുകളയാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനിടെ, പ്രതിമാസ ക്വാട്ട തികയ്ക്കാൻ വേണ്ടി ഹൃദ്രോഗിയായ കർഷകനെ ഹുസൈൻ അഹമ്മദ് ചാരായം വച്ചു പിടിപ്പിച്ചുവെന്ന് കാട്ടി മകൾ മുഖ്യമന്ത്രിക്ക് പരാതി നൽകി. കേസിൽ നിന്നൊഴിവാക്കാൻ 10,000 രൂപ കൈക്കൂലി ചോദിച്ചുവെന്നും പരാതിയിൽ പറയുന്നു.

കേന്ദ്രീയ വിദ്യാലയ പരിസരത്തെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവുമായി രണ്ട് യുവതികൾ ഉൾപ്പെടെ നാലു പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് 30 ഗ്രാം കഞ്ചാവും കണ്ടെടുത്തു. അടൂർ പെരിങ്ങനാട് പന്നിവേലിക്കൽ കരിങ്കുറ്റിക്കൽ വീട്ടിൽ കെ.പി. ഷൈൻ(27), താമരക്കുളം ചാവടി കാഞ്ഞിരവിള അൻസില മൻസിൽ എ. അൻസില (25), പറക്കോട് മറ്റത്ത് കിഴക്കേതിൽ സാബു (34), ആലപ്പുഴ തകഴി പുത്തൻപുരയിൽ ആര്യ ചന്ദ്രബോസ് (25) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ രക്ഷിക്കാൻ വേണ്ടി സിപിഐ നേതാക്കളുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായി എന്ന ആരേപണവും നിലനിൽക്കുന്നു.

ഫ്ളാറ്റിൽ റെയ്ഡ് നടക്കുന്നതിനിടെ സ്വന്തം വാഹനത്തിലാണ് ഹുസൈൻ അഹമ്മദ് അവിടെ എത്തിയത്. ഫ്ളാറ്റിൽ സ്ഥാപനം നടത്തുന്നവരോട് ഇയാൾ വളരെ മോശമായി സംസാരിച്ചു. ഇയാൾ മദ്യപിച്ചെന്നാരോപിച്ച് യുവാക്കൾ എക്സൈസ് സംഘത്തിന് നേരെ തിരിഞ്ഞു. ഇതിനിടെ ഇയാളെ മറ്റ് ഉദ്യോഗസ്ഥർ എക്സൈസ് വാഹനത്തിൽ കയറ്റിയിരുത്തിയത് യുവാക്കളെ പ്രകോപിപ്പിച്ചു. എക്സൈസ് വാഹനം പോകാൻ അനുവദിക്കാതെ ഇവർ ഗേറ്റ് പൂട്ടി. സ്ഥലത്തെത്തിയ അടൂർ പൊലീസ് ഗേറ്റ് തുറന്ന് ഉള്ളിൽ കയറി. യുവാക്കൾ തടഞ്ഞു വച്ചിരുന്ന ഹുസൈൻ അഹമ്മദി(46) നെ ജീപ്പിൽ കയറ്റി വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. മദ്യപിച്ച് അമിത വേഗതയിൽ വാഹനം ഓടിച്ചെന്ന ഫ്ളാറ്റിലുണ്ടായിരുന്ന ജിത്തുവിന്റെ പരാതിയിൽ ഇയാൾക്കെതിരേ പൊലീസ് കേസെടുത്തു.

കേസ് ഒഴിവാക്കാനായി സിപിഎം നേതാക്കൾ സമ്മർദവുമായി രംഗത്തുണ്ടായിരുന്നു. എന്നാൽ, പരാതിക്കാർ ഉറച്ചു നിന്നത് വിലങ്ങു തടിയായി. ഹുസൈൻ മുഹമ്മദ് എക്സൈസ് ജീവനക്കാരുടെ സംഘടനയുടെ ജില്ലാ സെക്രട്ടറിയാണെന്ന് പറയുന്നു. രാഷ്ട്രീയ ഇടപെടൽ ഉണ്ടായത് ഇതേ കാരണം കൊണ്ടാണ്. ഇയാൾ ഡ്യൂട്ടിയിൽ ഇല്ലായിരുന്നുവെന്നത് മേലുദ്യോഗസ്ഥരുടെ ഭാഷ്യമാണ്. അതും ഇയാളെ രക്ഷിക്കാൻ വേണ്ടിയാണെന്നു പറയുന്നു. ഹുസൈൻ മികച്ച ഉദ്യോഗസ്ഥനാണെന്നും അയാൾക്ക് ഒരു അബദ്ധം പറ്റിയതാണെന്നുമാണ് ഉന്നത ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പ്രതികരിച്ചത്.

അതേ സമയം ഇയാൾക്കെതിരേ ക്വാട്ട തികയ്ക്കാൻ വേണ്ടി ചാരായം കൊണ്ടു വച്ചു പിടിപ്പിച്ചുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്. തുവയൂർ തെക്ക് ലതാഭവനത്തിൽ മീനു ലാൽ ആണ് പരാതിക്കാരി. കർഷകനും ഹൃദ്രോഗിയുമായ പിതാവ് മണിലാലിനെ കഴിഞ്ഞ ഒന്നിന് രാവിലെ ഒമ്പതിന് എക്സൈസ് വാഹനത്തിൽ വന്ന രണ്ടു പേർ കൃഷിയിടത്തിൽ നിന്നും വിളിച്ചു കൊണ്ടു പോവുകയും ഉച്ചയ്ക്ക് ശേഷം കള്ളക്കേസ് ചുമത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തുവെന്ന് പരാതിയിൽ ആരോപിക്കുന്നു.

മുൻപ് അബ്കാരിക്കേസിൽപ്പെട്ടുവന്നതിന്റെ പേരിലാണ് ക്വാട്ട തികയ്ക്കാൻ കള്ളക്കേസിൽ കുടുക്കിയിരിക്കുന്നത്. രണ്ടു ജോലിക്കാരോടൊപ്പം കൃഷിപ്പണി ചെയ്തു കൊണ്ടിരുന്നപ്പോഴാണ് പ്രിവന്റീവ് ഓഫീസറായ ഹുസൈൻ മുഹമ്മദിന്റെ നേതൃത്വത്തിൽ വന്ന് വിളിച്ചു കൊണ്ടു പോയത്. കൂട്ടുപണിക്കാർ കേൾക്കേ 10,000 രൂപ തന്നാൽ നിന്നെ വിട്ടേക്കാമെന്ന് പറഞ്ഞുവെന്നും താനെന്തിന് പണം തരണമെന്ന് പിതാവ് തിരിച്ചു ചോദിച്ചുവെന്നും പരാതിയിലുണ്ട്.

3.800 ലിറ്റർ ചാരായം കൈവശം വച്ചുവെന്നാണ് കേസുണ്ടാക്കിയത്. തന്റെ പിതാവിന് ചാരായം വാറ്റില്ലെന്നും എക്സൈസ് സംഘം കൊണ്ടു വച്ചു പിടിപ്പിച്ചതാണെന്നും അവർക്ക് ചാരായം എവിടെ നിന്ന് കിട്ടി എന്നതിനെപ്പറ്റി അന്വേഷണം വേണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.