- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യോനിയിൽ അണുബാധയുണ്ടായെന്ന കാരണത്താൽ യുവതിയെ മുത്തലാഖ് ചൊല്ലി; മറ്റൊരു വിവാഹത്തിന് സിദ്ദിഖ് അലി യുവതിയോട് ആവശ്യപ്പെട്ടത് ഒന്നര ലക്ഷം രൂപയും
അഹമ്മദാബാദ്: യോനിയിൽ അണുബാധയുണ്ടായെന്ന കാരണത്താൽ ഗർഭിണിയായ യുവതിയെ മുത്തലാഖ് ചൊല്ലി. അഹമ്മദാബാദിലെ ഖേദയിലാണ് സംഭവം. 24കാരിയായ യുവതി ഭർത്താവിനെതിരെ പൊലീസിൽ പരാതിയുമായി എത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഷബാന സയ്യിദ് എന്ന യുവതിയാണ് തന്നെ ഭർത്താവ് സിദ്ദിഖ് അലി സയ്യിദ് മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഒക്ടോബർ 27ന് തന്നെ മുത്തലാഖ് ചൊല്ലി ഒഴിവാക്കിയെന്ന് കാട്ടി ഒക്ടോബർ 31നാണ് യുവതി പരാതി നൽകിയത്.
ബിരുദധാരിയാണ് 24കാരിയായ ഷബാന. സിദ്ദിഖ് അലി സയ്യിദുമായുള്ള വിവാഹം 2019 മെയ് 2നാണ് നടന്നത്. രക്ഷിതാക്കളുടെ ആഗ്രഹപ്രകാരമായിരുന്നു വിവാഹമെന്നാണ് യുവതി പരാതിയിൽ വിശദമാക്കുന്നത്. വിവാഹത്തിന് പിന്നാലെ ഭർത്താവ് നിസാര സംഭവങ്ങൾക്ക് പോലും കലഹമുണ്ടാക്കി തുടങ്ങി. ജൂലൈ മാസമാണ് ഷബാന ഗർഭിണിയായെന്ന് മനസിലാക്കുന്നത്.
അണുബാധയുണ്ടാവരുതെന്ന ഡോക്ടറുടെ നിർദ്ദേശം പാലിക്കാൻ വീട്ടിലെ കലഹത്തിനിടയിൽ സാധിച്ചില്ലെന്ന് യുവതി പറയുന്നു. അണുബാധയുണ്ടെന്ന് ഭർത്താവിനെ അറിയിച്ചിട്ടും ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ലെന്നും യുവതി ആരോപിക്കുന്നു. ഒക്ടോബർ പകുതിയോടെ ഷബാനയ്ക്ക് അണുബാധ രൂക്ഷമായി അവശ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലാക്കി പോയ ഭർത്താവ് തിരികെ വന്നില്ല. ഇതോടെ ഷബാനയുടെ വീട്ടുകാർ വീട്ടിലേക്ക് കൊണ്ടുപോയി.
വീട്ടിലും ചികിത്സ തുടരുന്നതിനിടെ ഒക്ടോബർ 27ന് ഭാര്യ വീട്ടിലെത്തിയ സിദ്ദിഖ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ ഒന്നര ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. ഷബാനയ്ക്കുണ്ടായ യോനിയിലെ അണുബാധയാണ് വീണ്ടും വിവാഹം കഴിക്കുന്നതിന് കാരണമായി സിദ്ദിഖ് പറഞ്ഞത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഷബാനയുടെ രക്ഷിതാക്കൾ നോക്കി നിക്കെ മുത്തലാഖ് ചൊല്ലി പോവുകയായിരുന്നു. ഉണക്കമുണർന്ന ഷബാനയോട് വീട്ടുകാർ വിവരം പറഞ്ഞതോടെ യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
മുത്തലാഖ് ചൊല്ലുന്നത് ക്രിമിനൽ കുറ്റമാകുന്ന നിയമം 2018 സെപ്റ്റംബർ 19 മുതൽ മുൻകാല പ്രാബല്യത്തോടെ രാജ്യത്ത് നിലനിലവിൽ വന്നിരുന്നു. ഇതോടെ മൂന്നുതലാഖും ഒന്നിച്ചുചൊല്ലി ബന്ധം വേർപെടുത്തുന്നത് രാജ്യത്ത് മൂന്നു വർഷംവരെ തടവുലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്.
എന്താണ് തലാഖ് ?
തലാഖ് എന്താണെന്നു മനസിലാക്കിയാൽ മാത്രമെ മുത്തലാഖ് എന്തെന്നു ബോധ്യമാകൂ. അറബിയിൽ 'തലാഖ്' എന്നാൽ പുരുഷൻ നടത്തുന്ന വിവാഹമോചനം എന്നാണ് അർഥം. സ്ത്രീ പുരുഷനിൽനിന്ന് വിവാഹം മോചനം നേടുന്നതിനെ 'ഫസ്ഖ്' എന്നാണ് പറയുന്നത്. എന്നാൽ തലാഖ് പോലെ ഫസ്ഖ് നടത്താനുള്ള അധികാരം മുസ്ലിം സമുദായം സത്രീകൾക്കു നൽകിയിട്ടുണ്ടോയെന്നു സംശയമാണ്. സ്ത്രീയും പുരുഷനും വിവാഹബന്ധം വേർപെടുത്താൻ പാടില്ലെന്ന ഖുർആൻ വചനങ്ങൾ ഉണ്ടെങ്കിലും പുരുഷന്മാർ തലാഖ് പ്രയോഗിച്ച് സ്ത്രീകളെ ഉപേക്ഷിക്കുന്നതു വ്യാപകമാണ്. ഭാര്യയ്ക്കും ഭർത്താവിനും ഒരുമിച്ച് മുന്നോട്ട് പോകാൻ സാധിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ മാത്രമെ ഇസ്ലാം മതവിശ്വാസപ്രകാരം തലാഖ് അനുവദിക്കുന്നുള്ളൂ.
എന്നാൽ തലാഖിനെ ഇന്ന് വ്യാപകമായി ദുരുപയോഗം ചെയ്യുകയാണ്. തലാഖ് എന്ന് ഉരുവിട്ടാൽ തന്നെ വിവാഹ മോചനമായെന്നു കരുതുന്നവരാണ് പലരും. അതേസമയം ഒരാൾ ഭാര്യയോട് തലാഖ് എന്ന് പറഞ്ഞാൽ വിവാഹ മോചനം ഒരിക്കലും സംഭവിക്കില്ല, മറിച്ച് അത് വിവാഹ മോചനത്തിന്റെ ഭാഗമായ ഒരു കർമ്മം മാത്രമായാണ് പരിഗണിക്കുന്നത്. സ്വബോധം ഇല്ലാതെയോ ദേഷ്യത്തിലോ പറയുന്ന തലാഖ് ഒരിക്കലും സ്വീകരിക്കപ്പെടില്ല. ആർത്തവ സമയത്തോ ഗർഭിണി ആയിരിക്കുമ്പോഴും തലാഖ് ചൊല്ലാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്.
വിവാഹമോചനത്തിന്റെ ഭാഗമായി ഭർത്താവ് ഭാര്യയോട് തലാഖ് പറഞ്ഞാലുടൻ സ്ത്രീയെ വീട്ടിൽനിന്ന് പുറത്താക്കാനും സാധിക്കില്ല. മൂന്ന് മാസം നിർബന്ധമായും ഭർത്താവിന്റെ വീട്ടിൽ തങ്ങണമെന്നാണ് വ്യവസ്ഥ. ഇതിനു അറബിയിൽ പറയുന്ന വാക്കാണു 'ഇദ്ദ'. പിണങ്ങിയ ദമ്പതികൾ തമ്മിൽ യോജിപ്പിലെത്താൻ സാധ്യത ഉള്ളതിനാലാണ് ഇദ്ദ നടപ്പാക്കണമെന്ന് ഇസ്ലാം നിയമം നിർദ്ദേശിച്ചിരിക്കുന്നത്. 'ഇദ്ദ'യ്ക്കിടെ ദമ്പതികൾ തമ്മിൽ ലൈംഗികബന്ധം നടന്നാലും തലാഖ് റദ്ദാക്കപ്പെടും. ഈ മൂന്നു മാസത്തിനിടയിലും ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ ഒത്തു തീർപ്പിൽ എത്തിയില്ലെങ്കിൽ മാത്രമെ വിവാഹമോചനം യാഥാർഥ്യമാകൂ. അതായത് തലാഖ് പറഞ്ഞാലുടൻ വിവാഹമോചനം നടക്കില്ലെന്ന് ഇതിൽനിന്ന് വ്യക്തമാണ്.
മൂന്നു മാസം കഴിഞ്ഞ് വിവാഹമോചനം കഴിഞ്ഞാലും സ്ത്രീയ്ക്കു ലഭിക്കേണ്ട അവകാശങ്ങളെ കുറിച്ച് ഇസ്ലാം നിയമം വ്യക്തമായി പറയുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാന വിവാഹത്തിന്റെ ഭാഗമായി പുരുഷനിൽ നിന്നും ലഭിച്ച 'മഹർ' സ്ത്രീ ഒരിക്കലും മടക്കി നൽകേണ്ടതില്ലെന്നതാണ്. ഇതേക്കുറിച്ച് ഖുർ ആൻ പറയുന്നത് ഇങ്ങനെ:- 'അവളിൽ ഒരുവൾക്ക് നിങ്ങൾ ഒരു കൂമ്പാരം തന്നെ കൊടുത്തിട്ടുണ്ടായിരുന്നുവെങ്കിലും നിങ്ങൾ അത് തിരിച്ച് വാങ്ങരുത്'(420)'മഹർ' എത്ര വേണമെന്നത് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും സ്ത്രീയ്ക്കാണ് ഇസ്ലാം മതം നൽകിയിരിക്കുന്നത്.
വിവാഹമോചിതയായ സ്ത്രീയ്ക്ക് നഷ്ടപരിഹാരം നൽകണമെന്നും വ്യവസ്ഥയുണ്ട്. ഇതേക്കുറിച്ച് ഖുർആൻ പ്രതിപാദിക്കുന്നത് ഇങ്ങനെ :- 'വിവാഹ മോചിതരായ സ്ത്രീകൾക്ക് ന്യായ പ്രകാരം എന്തെങ്കിലും ജീവിത വിഭവമായി നൽകേണ്ടതുണ്ട്. ഭയ ഭക്തിയുള്ളവർക്ക് അതൊരു ബാദ്ധ്യതയത്രെ' (2241). എന്നാൽ ഈ വ്യവസ്ഥകളെ എല്ലാം അട്ടിമറിച്ച് മുസ്ലിം നിയമത്തെ തോന്നിയപടി വ്യാഖ്യാനിച്ചാണ് കാലക്രമേണ നിയമങ്ങളെല്ലാം സ്ത്രീകൾക്ക് എതിരാണെന്ന തോന്നൽ ഉണ്ടാക്കിയെടുത്തത്.
എന്താണ് മുത്തലാഖ്?
തലാഖ് ചൊല്ലി ഉപേക്ഷിച്ച സ്ത്രീയെ വീണ്ടും വിവാഹം ചെയ്യാൻ ഇസ്ലാം മതം അനുമതി നൽകുന്നുണ്ട്. ഇത്തരത്തിൽ ഒരാൾ മൂന്നുതവണ ഒരാളെത്തന്നെ വിവാഹം ചെയ്യുകയും മൂന്നാം തവണ വിവാഹമോചനം നടത്തുകയും ചെയ്യുന്നതിനാണ് മുത്തലാഖ് എന്നു പറയുന്നത്. മൂന്നാം തവണയും വിവാഹമോചനം നടന്നു കഴിഞ്ഞാൽ തുടർന്നും ഇരുവർക്കും വിവാഹം ചെയ്യാൻ സാധിക്കില്ല. അതായത് മുത്തലാഖിനു ശേഷം ഒരു ഒത്തുതീർപ്പ് സാധ്യമല്ലെന്നു ചുരുക്കം. മുത്തലാഖിന്റെ തലാഖിന്റെയും വ്യവസ്ഥകളിലൂടെ വിവാഹ ബന്ധം ഒരിക്കലും ഇല്ലാതാകാൻ പാടില്ലെന്ന സന്ദേശമാണ് സത്യത്തിൽ ഇസ്ലാം മതം നൽകുന്നത്. മൂന്നമതു നടത്തുന്ന മുത്തലാഖിനു ശേഷവും വിവാഹം ബന്ധം തുടരേണ്ടെന്ന് നിഷ്ക്കർഷിക്കുന്നതിലൂടെ വിവാഹവും വിവാഹമോചനവും തമാശ അല്ലെന്നുള്ള സന്ദേശവും ഇസ്ലാംമതം നൽകുന്നു.അതേസമയം മുത്തലാഖ് എന്നൊരു സമ്പ്രദായം മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും ഇത് പ്രയോഗിക്കാനേ പാടില്ലെന്നുമാണ് മതനിയമം മുന്നോട്ടു വച്ചിരിക്കുന്നത്.
മറുനാടന് ഡെസ്ക്