പത്തനംതിട്ട: യുവതിയും ഗർഭസ്ഥ ശിശുവും മരിച്ച കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴഞ്ചേരി കുഴിക്കാല കുറുന്താർ സെറ്റിൽമെന്റ് കോളനിയിൽ അനിത (28) മരിച്ച കേസിൽ ഭർത്താവ് കുറുന്താർ തേവള്ളിയിൽ ജ്യോതി നിവാസിൽ ജ്യോതിഷിനെ (32) ആണ് ആറന്മുള പൊലീസ് ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തത്.

ജൂൺ 27 ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിൽസയിലിരിക്കേയാണ് അനിത മരിച്ചത്. മെയ്‌ 19 നാണ് അനിതയെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തത്. ചികിൽസയിലിരിക്കേയാണ് മരണം.

ഒമ്പതു മാസം ഗർഭിണിയായിരുന്ന അനിത വയറ്റിലുണ്ടായ അണുബാധയെ തുടർന്നാണ് മരിച്ചത്. ഗർഭസ്ഥ ശിശു വയറ്റിനുള്ളിൽ മരിച്ചു കിടന്നതും അണുബാധയുണ്ടായതും സംബന്ധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

മരണത്തിൽ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി അനിതയുടെ മാതാപിതാക്കളായ ശ്യാമളയും മോഹനനും ആറന്മുള പൊലീസിലും പരാതി നൽകിയിരുന്നു. അനിതയ്ക്കും ജ്യോതിഷിനും ഒന്നരവയസുള്ള ഒരു മകൻ കൂടിയുണ്ട്. കുഞ്ഞിന് ജന്മനാ ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്നു. രണ്ടാമത് ഗർഭിണിയായ വിവരം മറച്ചു വയ്ക്കാൻ ജ്യോതിഷ് അനിതയെ പ്രേരിപ്പിച്ചിരുന്നുവെന്ന് മാതാവിന്റെ പരാതിയിലുണ്ട്.

ഭ്രൂണഹത്യ നടത്താൻ ചില ദ്രാവകങ്ങൾ അനിതയ്ക്ക് ജ്യോതിഷ് നൽകിയിരുന്നുവെന്നും ഇതു കാരണമാണ് കുട്ടി വയറ്റിൽ മരിച്ചു കിടന്നതെന്നും അണുബാധയുണ്ടായതെന്നും പരാതിയിൽ ആരോപിക്കുന്നു. സ്‌കാനിങ് റിപ്പോർട്ടിൽ കുഞ്ഞ് ദിവസങ്ങളായി വയറ്റിൽ മരിച്ചു കിടക്കുകയായിരുന്നുവെന്ന് പറയുന്നു. പൂർണ ഗർഭിണിയായ അനിതയെ ജ്യോതിഷ് മർദിച്ചിരുന്നുവെന്നാണ് വീട്ടുകാരുടെ പരാതി. വായിൽ തുണി തിരുകിയായിരുന്നുവത്രേ മർദനം.