ദുബായ്: വെസ്റ്റിൻഡീസിനെ ആറ് വിക്കറ്റിന് കീഴടക്കിയ ഇംഗ്ലണ്ടിന് ട്വന്റി 20 ലോകകപ്പിൽ വിജയത്തുടക്കം. വിൻഡീസ് ഉയർത്തിയ 56 റൺസ് വിജയലക്ഷ്യം 8.2 ഓവറിൽ ഇംഗ്ലണ്ട് മറികടന്നു. 24 റൺസെടുത്ത ജോസ് ബട്ട്ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ ഓയിൻ മോർഗൻ ഏഴു റൺസോടെ പുറത്താകാതെ നിന്നു.

റൺമഴ പ്രതീക്ഷിച്ച സൂപ്പർ സിക്‌സ് പോരാട്ടത്തിൽ ദുബായ് സ്റ്റേഡിയത്തിൽ കണ്ടത് ഇംഗ്ലീഷ് ബൗളർമാരുടെ വിക്കറ്റ് കൊയ്ത്ത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 14.2 ഓവറിൽ 55 റൺസിന് കൂടാരം കയറി. രാജ്യാന്തര ട്വന്റി 20-യിലെ രണ്ടാമത്തെ ഏറ്റവും ചെറിയ സ്‌കോറാണിത്. ട്വന്റി 20 ലോകകപ്പിലെ ഏറ്റവും ചെറിയ സ്‌കോറും.

ചെറിയ വിജയലക്ഷ്യത്തിന് മുന്നിൽ 39-4 എന്ന നിലയിൽ പതറിയെങ്കിലും ജോസ് ബട്ലറും ഓയിൻ മോർഗനും ചേർന്ന് ഇംഗ്ലണ്ടിനെ വിജയവര കടത്തി. സ്‌കോർ വെസ്റ്റ് ഇൻഡീസ് 14.2 ഓവറിൽ 55ന് ഓൾ ഔട്ട്, ഇംഗ്ലണ്ട് 8.2 ഓവറിൽ 56-4.

ഒരു വിൻഡീസ് ബാറ്റ്സ്മാന് പോലും ഇംഗ്ലണ്ട് ബൗളിങ് നിരയ്ക്കെതിരേ പിടിച്ചുനിൽക്കാനായില്ല. 13 പന്തിൽ നിന്ന് 13 റൺസെടുത്ത ക്രിസ് ഗെയ്ൽ മാത്രമാണ് വിൻഡീസ് നിരയിൽ രണ്ടക്കം കടന്ന താരം. ആറ് റൺസെടുത്ത എവിൻ ലൂയിസിനെ മടക്കി ക്രിസ് വോക്‌സാണ് വിൻഡീസ് തകർച്ചക്ക് തിരികൊളുത്തിയത്. അടുത്ത ഓവറിൽ ലെൻഡൽ സിമൺസിനെ(3) മൊയീൻ അലി വിൻഡീസിനെ തുടക്കത്തിലെ പൂട്ടി.

ഷിമ്രോൺ ഹെറ്റ്‌മെയർ(9) മടക്കിയ മൊയീൻ അലി വിൻഡീസിനെ തകർച്ചയിലേക്ക് തള്ളി വിട്ടതിന് പിന്നാലെ നിലയുറപ്പിക്കാൻ സമയമെടുത്ത ക്രിസ് ഗെയ്ൽ മൂന്ന് ബൗണ്ടറികൾ പറത്തി പ്രതീക്ഷ നൽകിയെങ്കിലും ടൈമൽ മിൽസിന്റെ ഷോർട്ട് പിച്ച് പന്തിൽ ഡേവിഡ് മലന്റെ മനോഹരമായ ക്യാച്ചിൽ വീണു. 13 പന്തിൽ 13 റൺസായിരുന്നു ഗെയ്ലിന്റെ സംഭാവന. ഇതോടെ വിൻഡീസ് 31-4ലേക്ക് കൂപ്പുകുത്തി.

തുടക്കത്തിലെ തകർച്ചയിൽ നിന്ന് കരകയറുമെന്ന് കരുതിയ വിൻഡീസ് ആരാധകരെ ഞെട്ടിച്ചുക്കൊണ്ട് പിന്നീട് കണ്ടത് കൂട്ടത്തകർച്ചയായിരുന്നു. ക്രിസ് ഗെയ്ലിന് പിന്നാലെ ഡ്വയിൻ ബ്രാവോ(5), നിക്കോളാസ് പുരാൻ(1), എന്നിവരെ നഷ്ടമായ ശേഷം വിൻഡീസിന്റെ അവസാന പ്രതീക്ഷയായിരുന്ന ആന്ദ്രെ റസലിനെയും(0), ക്യാപ്റ്റൻ കീറോൺ പൊള്ളാർഡിനെയും(6) മടക്കി ആദിൽ റഷീദ് വിൻഡീസിന്റെ നടുവൊടിച്ചു. വാലറ്റത്ത് ഒബെഡ് മക്കോയിയെയും(0), രവി രാംപോളിനെയും(3) കൂടി വീഴ്‌ത്തി റഷീദ് തന്നെ വിൻഡീസിന്റെ വാലരിഞ്ഞു. 2.2 ഓവറിൽ വെറും രണ്ട് റൺസ് വഴങ്ങിയാണ് റഷീദ് നാലു വിക്കറ്റെടുത്തത്. മൊയീൻ അലിയും ടൈമൽ മിൽസും 17 റൺസിന് രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന് ഓപ്പണർമാർ 'മികച്ച' തുടക്കം നൽകി. വിക്കറ്റ് നഷ്ടമില്ലാതെ 21 റൺസിലെത്തിയ ഇംഗ്ലണ്ടിന് നാലാം ഓവറിൽ ഓപ്പണർ ജേസൺ റോയിയെ(11) നഷ്ടമായി. രവി രാംപോളിനായിരുന്നു വിക്കറ്റ്. സ്‌കോർ 30ൽ എത്തിയപ്പോൾ ജോണി ബെയർ‌സ്റ്റോയെ(9) മടക്കി അക്കീൽ ഹൊസൈൻ ഇംഗ്ലണ്ടിന് രണ്ടാം പ്രഹരമേൽപ്പിച്ചു.

പിന്നാലെ മൊയീൻ അലി(3) റണ്ണൗട്ടാവുകയും ലിയാം ലിവിങ്സ്റ്റൺ(1) അക്കീൽ ഹൊസൈന്റെ അവിശ്വസനീയ റിട്ടേൺ ക്യാച്ചിൽ പുറത്താവുകയും ചെയ്തതോടെ ഇംഗ്ലണ്ട് പൊടുന്നനെ 39-4ലേക്ക് കൂപ്പുകുത്തി. എന്നാൽ വിജയം പിടിച്ചെടുക്കാനോ പ്രതിരോധിക്കാനോ ഉള്ള സ്‌കോർ വിൻഡീസ് സ്‌കോർ ബോർഡിലുണ്ടായിരുന്നില്ല. അപ്രതീക്ഷിതമായതൊന്നും സംഭവിക്കില്ലെന്ന് ഉറപ്പാക്കി ക്രീസിൽ നിന്ന ജോസ് ബട്ലർ(22 പന്തിൽ 24*), ക്യാപ്റ്റൻ ഓയിൻ മോർഗനുമായി(7) ചേർന്ന് വിൻഡീസ് വധം പൂർണമാക്കി. വിൻഡീസിനായി അക്കീൽ ഹൊസൈൻ 24 റൺസിന് രണ്ട് വിക്കറ്റെടുത്തു.