- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ടോസിലെ ഭാഗ്യം ബംഗ്ലാദേശിനെ തുണച്ചില്ല; അബുദാബിയിലെ സ്ലോ പിച്ചിൽ വരിഞ്ഞുമുറുക്കി ഇംഗ്ലീഷ് ബൗളർമാർ; സൂപ്പർ 12 പോരാട്ടത്തിൽ 125 റൺസ് വിജയലക്ഷ്യം; ഇംഗ്ലണ്ടിന് മികച്ച തുടക്കം
അബൂദാബി: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരേ ഇംഗ്ലണ്ടിന് 125 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. തകർപ്പൻ പ്രകടനം പുറത്തെടുത്ത ഇംഗ്ലീഷ് ബൗളർമാരാണ് ബംഗ്ലാദേശിനെ ചെറിയ സ്കോറിൽ ഒതുക്കിയത്. 29 റൺസെടുത്ത മുഷ്ഫിഖുർ റഹീമാണ് ബംഗ്ലാദേശിന്റെ ടോപ്പ് സ്കോറർ. നാലോവറിൽ 27 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ടൈമൽ മിൽസാണ് ബംഗ്ലാദേശിനെ എറിഞ്ഞിട്ടത്.
ആദ്യം ബാറ്റ് ചെയ്യാനുള്ള ബംഗ്ലാദേശ് നായകൻ മഹ്മദുള്ളയുടെ തീരുമാനം പാളുന്ന കാഴ്ചയാണ് ഗ്രൗണ്ടിൽ കണ്ടത്. സ്കോർ 14-ൽ നിൽക്കേ ഓപ്പണറായ ലിട്ടൺ ദാസിനെ ബംഗ്ലാദേശിന് നഷ്ടമായി. 9 റണ്സെടുത്ത താരത്തെ മോയിൻ അലി ലിയാം ലിവിങ്സ്റ്റണിന്റെ കൈയിലെത്തിച്ചു. പിന്നാലെ മറ്റൊരു ഓപ്പണറായ മുഹമ്മദ് നയീമിനെ മോയിൻ അലി ക്രിസ് വോക്സിന്റെ കൈയിലെത്തിച്ചു. അഞ്ചുറൺസ് മാത്രമെടുത്ത നയീം പുറത്താകുമ്പോൾ ബംഗ്ലാദേശ് 14 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലേക്ക് വീണു.
പിന്നാലെ വന്ന ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസ്സനും പിടിച്ചുനിൽക്കാനായില്ല. നാലുറൺസ് മാത്രമെടുത്ത താരത്തെ ക്രിസ് വോക്സ് ആദിൽ റഷീദിന്റെ കൈയിലെത്തിച്ചു. പിന്നീട് ക്രീസിലൊന്നിച്ച മുഷ്ഫിഖുർ റഹീമും നായകൻ മഹ്മദുള്ളയുമാണ് ബംഗ്ലാദേശ് ടീമിനെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. ഇരുവരും ചേർന്ന് ടീം സ്കോർ 50 കടത്തി.
എന്നാൽ റഹീമിനെ(30 പന്തിൽ 29) മടക്കി ലിയാം ലിവിങ്സ്റ്റൺ ബംഗ്ലാദേശിന് അടുത്ത തിരിച്ചടി നൽകി. മെഹമ്മദുള്ള(19) പിടിച്ചു നിൽക്കാൻ നോക്കിയെങ്കിലും ലിംവിഗ്സ്റ്റൺ തന്നെ മടക്കി. ആഫിഫ് ഹൊസൈൻ റണ്ണൗട്ടാവുകയും ചെയ്തതോടെ ബംഗ്ലാദേശ് 100 കടക്കില്ലെന്ന് തോന്നിച്ചു. വാലറ്റത്ത് നൂറുൾ ഹസനും(16), മെഹ്ദി ഹസനും(11), നാസും അഹമ്മദും(9 പന്തിൽ 19*) ചേർന്ന് നടത്തിയെ പോരാട്ടമാണ് ബംഗ്ലാദേശിന് വൻ തകർച്ചയിൽ നിന്നും രക്ഷിച്ചത്.
17.3 ഓവറിലാണ് ബംഗ്ലാദേശ് 100 റൺസിലെത്തിയത്. ആദിൽ റഷീദ് എറിഞ്ഞ 19-ാം ഓവറിൽ ബംഗ്ലാദേശ് 17 റൺസ് അടിച്ചെടുത്തു. റഷീദിന്റെ ഓവറിൽ നസും അഹമ്മദ് രണ്ട് സിക്സും ഒരു ഫോറും പറത്തി.
അവസാന ഓവറിൽ മിൽസ് നൂറുൽ ഹുസൈനിനെ പുറത്താക്കി. 16 റൺസെടുത്ത നൂറുൽ വിക്കറ്റ് കീപ്പർ ജോസ് ബട്ലർക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. അഴസാന പന്തിൽ മുസ്താഫിസുർ റഹ്മാനെ ക്ലീൻ ബൗൾഡാക്കി മിൽസ് ബംഗ്ലാദേശ് ഇന്നിങ്സ് അവസാനിപ്പിച്ചു. ഇംഗ്ലണ്ടിനായി ടൈമൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ മോയിൻ അലി, ലിയാം ലിവിങ്സ്റ്റൺ എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ക്രിസ് വോക്സ് ഒരു വിക്കറ്റ് നേടി.
സ്പോർട്സ് ഡെസ്ക്