ദുബായ്: ന്യൂസീലൻഡിന് എതിരായ ടെസ്റ്റ് പരമ്പര നേട്ടത്തിനൊപ്പം നഷ്ടപ്പെട്ട ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഐ.സി.സി പുറത്തുവിട്ട പുതിയ ടെസ്റ്റ് ടീം റാങ്കിങ് പ്രകാരം ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. ഇന്ത്യക്ക് 124 പോയിന്റുണ്ട്. രണ്ടാംസ്ഥാനത്തുള്ള ന്യൂസിലൻഡിനേക്കൾ മൂന്ന് പോയിന്റ് അധികം.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കളായ ന്യൂസീലൻഡിനെ തന്നെ മറികടന്നാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. രണ്ടാമതുള്ള ന്യൂസീലൻഡിന് 121 പോയന്റാണുള്ളത്. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യ 1-0 ന് സ്വന്തമാക്കിയിരുന്നു. ആദ്യ ടെസ്റ്റ് സമനിലയായപ്പോൾ രണ്ടാം ടെസ്റ്റിൽ ഇന്ത്യ കിവീസിനെ 372 റൺസിന് തകർത്തു.

ഓസ്ട്രേലിയയാണ് മൂന്നാം സ്ഥാനത്ത്. വരുന്ന ആഷസ് പരമ്പര നേടിയാൽ ഓസീസിന് പോയിന്റ് നില മെച്ചപ്പെടുത്താം. നിലവിൽ 108 പോയിന്റാണ് ഓസീസിനുള്ളത്. നാലാമതുള്ള ഇംഗ്ലണ്ടിന് 107 പോയിന്റുണ്ട്്. ആഷസിലെ പ്രകടനം ഇംഗ്ലണ്ടിനെ റേറ്റിംഗിൽ മാറ്റം വരുത്തും. അഞ്ചാം സ്ഥാനത്തുള്ള പാക്കിസ്ഥാന് 92 പോയിന്റുണ്ട്. ബംഗ്ലാദേശിനെതിരായ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പരമ്പര സ്വന്തമാക്കിയാൽ പാക്കിസ്ഥാന്റെ റേറ്റിംഗിൽ കാര്യമായ മാറ്റമുണ്ടാകും.

88 പോയിന്റുള്ള ദക്ഷിണാഫ്രിക്കയാണ് ആറാം സ്ഥാനത്ത്. ഇന്ത്യക്കെതിരെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയാണ് അവർക്കിനി കളിക്കാനുള്ളത്. വെസ്റ്റ് ഇൻഡീസിനെ 2-0ത്തിന് പരമ്പര ജയിച്ചത് ശ്രീലങ്കയ്ക്കും ഗുണം ചെയ്തു. 83 പോയിന്റുള്ള ലങ്ക ഏഴാം സ്ഥാനത്താണ്. അവരേക്കാൾ എട്ട് പോയിന്റ് കുറവുള്ള വിൻഡീസ് എട്ടാം സ്ഥാനത്തുണ്ട്. ബംഗ്ലാദേശ് (49), സിംബാബ്വെ (31) എന്നിവർ യഥാക്രമം ഒമ്പതും പത്തും സ്ഥാനങ്ങളിലാണ്. അഫ്ഗാനിസ്ഥാൻ, അയർലൻഡ് ടീമുകൾ റാങ്ക് പട്ടികയിലില്ല.

അതേ സമയം മുംബൈ ക്രിക്കറ്റ് ടെസ്റ്റിൽ ക്യാപ്റ്റനായി തിരിച്ചെത്തി ന്യൂസിലൻഡിനെ കീഴടക്കി ഇന്ത്യക്ക് വിജയവും പരമ്പരയും സമ്മാനിച്ചതിന് പിന്നാലെ കളിക്കാരനെന്ന നിലയിൽ അപൂർവ നേട്ടവും വിരാട് കോലി സ്വന്തമാക്കി. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20യിലും 50 വിജയങ്ങളിൽ പങ്കാളിയാവുന്ന ലോക ക്രിക്കറ്റിലെ ആദ്യ കളിക്കാരനെന്ന നേട്ടമാണ് മുംബൈ ടെസ്റ്റിലെ വിജയത്തോടെ വിരാട് കോലി സ്വന്തമാക്കിയത്.

ന്യൂസിലൻഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ വിശ്രമമെടുത്ത കോലി ക്യാപ്റ്റനായി തിരിച്ചെത്തിയ രണ്ടാം ടെസ്റ്റിൽ ടീമിന് കൂറ്റൻ ജയവും പരമ്പരയും സമ്മാനിച്ചിരുന്നു. കളിക്കാരനെന്ന നിലയിൽ വിരാട് കോലിയുടെ അമ്പതാമത് ടെസ്റ്റ് ജയമായിരുന്നു മുംബൈയിലേത്. ഏകദിനത്തിൽ 153 ജയങ്ങളിലും ട്വന്റി 20യിൽ 59 ജയങ്ങളിലും കോലി പങ്കാളിയായി.

മുംബൈ ടെസ്റ്റിലെ ജയത്തോടെ നാട്ടിൽ തുടർച്ചയായ പതിനാലാം ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ വിജയകരമായി സ്വന്തമാക്കുന്നത്. ക്യാപ്റ്റനെന്ന നിലയിൽ കോലിക്ക് കീഴിൽ നാട്ടിൽ തുടർച്ചയായ പതിനൊന്നാമത്തെ പരമ്പരയാണ് ഇന്ത്യ ജയിക്കുന്നത്.

1988നുശേഷം ഇന്ത്യയിൽ ടെസ്റ്റ് പരമ്പര ജയിക്കാൻ ന്യൂസിലൻഡിനായിട്ടില്ല. കാൺപൂരിൽ നടന്ന ആദ്യ ടെസ്റ്റിൽ 52 പന്ത് പ്രതിരോധിച്ചു നിന്ന അവസാന വിക്കറ്റ് കൂട്ടുകെട്ടിന്റെ മികവിൽ അത്ഭുത സമനില സ്വന്തമാക്കിയ കിവീസിന് പക്ഷെ മുംബൈയിലെ ടേണിങ് പിച്ചിൽ കാലിടറി. ആദ്യ ഇന്നിങ്‌സിൽ 62 റൺസിനും രണ്ടാം ഇന്നിങ്‌സിൽ 167 റൺസിനും പുറത്തായ ന്യൂസിലൻഡ് 372 റൺസിന്റെ കൂറ്റൻ തോൽവിയാണ് വഴങ്ങിയത്.