- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐസ്ക്രീം കേസ് കത്തിനിൽക്കുന്ന കാലം... കുഞ്ഞാലിക്കുട്ടിക്കടുത്തേക്ക് മൈക്കും പേനയുമായി എത്തിയ മാധ്യമപ്രവർത്തകരെ മുസ്ലിംലീഗുകാർ വളഞ്ഞിട്ട് മർദ്ദിച്ചു; വിമാനത്താവളത്തിൽ കയറി മുസ്ലിം ലീഗിന്റെ കൊടിയും നാട്ടി; മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള സൈബർ ആക്രമണം ശക്തമാകുന്ന കാലത്ത് മാധ്യമപ്രവർത്തകരെ തല്ലിയോടിച്ച സംഭവം ചർച്ചയാക്കി ഇടത് സൈബർ ഗ്രൂപ്പുകൾ
കോഴിക്കോട്: മാധ്യമ പ്രവർത്തകർക്ക് നേരെ ഇടതു അനുഭാവികൾ തുടർന്നു കൊണ്ടിരിക്കുന്ന സൈബർ അക്രമണങ്ങളുടെ ഇക്കാലത്ത് 2004ൽ മാധ്യമപ്രവർത്തരെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും തല്ലിയോടിച്ച മുസ്ലിം ലീഗിന്റെ ചരിത്രം ഓർമ്മിപ്പിച്ച് ചില ഇടതു സൈബർ ഗ്രൂപ്പുകൾ. 2004ലെ കേരളപ്പിറവി ദിനത്തിലാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങിയ കുഞ്ഞാലിക്കുട്ടിയെ കാണാനെത്തിയ കോഴിക്കോട്ടെയും മലപ്പുറത്തെയും മാധ്യമ പ്രവർത്തകരെ മുസ്ലിം ലീഗ് പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിച്ചത്.
ഐസ്ക്രീം കേസ് വിവാദമായി നിൽക്കുന്ന കാലത്ത് കുഞ്ഞാലിക്കുട്ടി സൗദി അറേബ്യയിൽ നിന്നും മടങ്ങിയെത്തുമ്പോൾ വിപുലമായ സ്വീകരണവുമായി മുസ്ലിം ലീഗ് പ്രവർത്തകർ വിമാനത്താവള പരിസരത്തുണ്ടായിരുന്നു. കുഞ്ഞാലിക്കുട്ടി പുറത്തിറങ്ങാൻ നേരം മൈക്കും ക്യാമറയുമായി കുഞ്ഞാലിക്കുട്ടിക്കടുത്തേക്ക് എത്തിയ മാധ്യമപ്രവർത്തകരെ മുസ്ലിം ലീഗ് പ്രവർത്തകർ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. 15ലധികം മാധ്യമപ്രവർത്തകർക്കാണ് അന്ന് മർദ്ദനമേറ്റത്.
വി എം ദീപ, കെ പി രമേഷ് (ഏഷ്യാനെറ്റ്), പ്രദീപ് ഉഷസ്സ്, കോയാമു കുന്നത്ത് (കേരളശബ്ദം), സജീവ് സി വാര്യർ (എൻടിവി), ബിജു മുരളീധരൻ (ഇന്ത്യാവിഷൻ), എൻ പി ജയൻ (ഇന്ത്യൻ എക്സ്പ്രസ്), ജയൻ കോമത്ത് (സൂര്യാ ടിവി), അയ്യപ്പദാസ്, സുരേഷ് (ജീവൻ ടിവി), ശൈലേഷ് (കൈരളി ടിവി) എന്നിവർക്കാണ് അന്ന് പരിക്കേറ്റത്. വനിതയടക്കമുള്ള 15 മാധ്യമ പ്രവർത്തകരെയാണ് 2004 നവംബർ ഒന്നിന് കരിപ്പൂർ വിമാനത്താവളത്തിലിട്ട് വളഞ്ഞിട്ട് തല്ലിയത്. അന്ന് ഗുരുതരമായി പരിക്കേറ്റ പത്രപ്രവർത്തകരിൽ ചിലർക്ക് ഇപ്പോഴും അതിന്റെ ശാരീരിക അസ്വസ്ഥതകൾ മാറിയിട്ടുമില്ല.
ഐസ്ക്രീം സ്ത്രീപീഡന കേസിൽ ആരോപണവിധേയനായ അന്നത്തെ വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി സൗദി അറേബ്യയിൽ നിന്ന് കരിപ്പൂർ വഴി മടങ്ങിയെത്തുമെന്ന് അറിഞ്ഞ് വിപുലമായ സ്വീകരണ പരിപാടികളാണ് മുസ്ലിം ലീഗ് പ്രവർത്തകർ വിമാനത്താവള പരിസരത്ത് ഒരുക്കിയിരുന്നത്. മാധ്യമ പ്രവർത്തകരും നേരത്തെ തന്നെ അവിടെ എത്തിയിരുന്നു. കുഞ്ഞാലിക്കുട്ടിക്ക് ജയ് വിളികളുമായി നിൽക്കുന്ന പ്രവർത്തകർക്കിടയിലേക്കാണ് മാധ്യമ പ്രവർത്തർ എത്തിയത്.
ഇതോടെ മുസ്ലിം ലീഗ് പ്രവർത്തകർ മാധ്യമപ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. ഇതേ സംഭവത്തിനിടയിൽ തന്നെയാണ് എയർപോർട്ടിലെ അതീവ സുരക്ഷ മേഖലയിൽ സ്ഥാപിച്ചിരുന്ന ദേശീയ പതാക കണ്ട് ആരാണിവിടെ കോൺഗ്രസ് പതാക കെട്ടിയത് എന്ന് പറഞ്ഞ് കൊണ്ട് ഒരു മുസ്ലിം ലീഗ് പ്രവർത്തകൻ മുസ്ലി ലീഗിന്റെ പതാക സ്ഥാപിച്ചതും. അന്നത്തെ സംഭവത്തിൽ ദേശീയ പതാകയെ അവഹേളിച്ചതുൾപ്പെടെ ഉള്ള കുറ്റങ്ങൾക്ക് 16 മുസ്ലിംലീഗുകാരെ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ഒരുവർഷം കഠിനത തടവിന് ശിക്ഷിച്ചിരുന്നു.
ഇതിനെതിരെ പ്രതികൾ നൽകിയ അപ്പീൽ ഇപ്പോൾ ഹൈക്കോടതിയിലാണ്. പുതിയ കാലത്ത് മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള സൈബർ അക്രമങ്ങളുടെ കാലത്ത് അത്തരം ആരോപണങ്ങളെ പ്രതിരോധിക്കാനായി ഇടതു സൈബർ ഗ്രൂപ്പുകളിൽ ഇപ്പോൾ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്ത മുസ്ലിംലീഗിന്റെ ഈ ചരിത്രം സജീവമായി ചർച്ചചെയ്യപ്പെടുന്നു.
മറുനാടന് ഡെസ്ക്