രാജകുമാരി: പരിസ്ഥിതി ലോലമാണ് ഇടുക്കി. ഇവിടെ കൈയേറ്റക്കാർക്ക് എന്തുമാകാം.. പക്ഷേ കർഷകർക്ക് കഷ്ടകാലമാണ്. പിണറായി സർക്കാരും യാത്ര ചെയ്തത് ഈ വഴിയിൽ. ഇടുക്കി ജില്ലയിൽ 1964ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചു നൽകിയ പട്ടയ ഭൂമിയിലെ, വീട് ഒഴികെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് സമ്പൂർണ നിരോധനം നടപ്പായിത്തുടങ്ങുമ്പോൾ അത് പ്രതിഷേധത്തിന് ഇടനൽകുന്നു. താൽക്കാലിക നിർമ്മിതികൾക്കുൾപ്പെടെ നിരാക്ഷേപ പത്രം (എൻഒസി) നിരസിച്ചാണു റവന്യു വകുപ്പ് നിരോധനം നടപ്പാക്കാൻ ആരംഭിച്ചത്.

ഇതോടെ ഇത് തെരഞ്ഞെടുപ്പ് വിഷയമായി മാറുകയാണ്. ഇടുക്കിയിൽ തെരഞ്ഞെടുപ്പു കാലത്ത് കത്തി പടരാൻ പോകുന്ന ചർച്ചാ വിഷയം. വെള്ളത്തൂവൽ സ്വദേശിനി സ്വന്തം പട്ടയഭൂമിയിൽ ടെന്റ് ക്യാംപ് നിർമ്മിക്കുന്നതിനു വേണ്ടി റവന്യു വകുപ്പിനു നൽകിയ അപേക്ഷയിൽ അനുമതി നിഷേധിച്ചു കലക്ടർ കത്തു നൽകിയതോടെ ചർച്ച തുടരുകയാണ്. എല്ലാം പാവങ്ങൾക്ക് മാത്രം ബാധകം. വൻകിടക്കാർ യഥേഷ്ടം ടെന്റും മറ്റും കെട്ടുമ്പോഴാണ് ഈ നിയന്ത്രണം. ഇതാണ് പ്രതിഷേധം കൂട്ടുന്നത്.

ടൂറിസം ആവശ്യങ്ങൾക്കായി നിർമ്മിക്കുന്ന ടെന്റ് ക്യാംപ് സ്ഥിരം നിർമ്മിതിയല്ലാത്തതിനാൽ മുൻപ് റവന്യുവകുപ്പിന്റെ നിയമങ്ങൾക്കു വിധേയമായിരുന്നില്ല. എന്നാൽ പട്ടയ ഭൂമിയിലെ നിയമലംഘനം തടയാനുള്ള ഉത്തരവ് കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി താൽക്കാലിക ടെന്റ് പോലും പട്ടയ ഭൂമിയിൽ നിർമ്മിക്കാനാവില്ലെന്നാണു റവന്യു വകുപ്പിന്റെ നിലപാട്. കഴിഞ്ഞ 3നു കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരായ സ്റ്റേറ്റ് അറ്റോർണി ഭൂപതിവ് ചട്ടലംഘനം തടയാനുള്ള ഉത്തരവ് റവന്യു വകുപ്പ് ഡിസംബർ 2നും തദ്ദേശവകുപ്പ് ഫെബ്രുവരി 22 നും ഇറക്കിയതായി കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഇതിനു ശേഷം ആദ്യമായാണു ജില്ലയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള നിരാക്ഷേപ പത്രം നിരാകരിച്ചുകൊണ്ടു റവന്യു വകുപ്പ് രംഗത്തു വരുന്നത്.

നിർമ്മാണ രംഗത്തെ സമ്പൂർണ നിരോധനം ജില്ലയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് നാട്ടുകാർ പറയുന്നു. എത്രയും പെട്ടെന്ന് നിരോധനം നീക്കാനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ ഭൂസമരങ്ങളിലേക്കു കടക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ. ഇത് തെരഞ്ഞെടുപ്പിനേയും ബാധിക്കും. ഇടുക്കിയിൽ വലിയ പ്രതീക്ഷയാണ് ഇടതു പക്ഷത്തിനുള്ളത്. ജില്ലയുടെ വികസനം ലക്ഷ്യമിട്ടുള്ള ഇടുക്കി പാക്കേജിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയിരുന്നു. അഞ്ചുവർഷംകൊണ്ട് നടപ്പാക്കാവുന്ന 12,000 കോടി രൂപയുടെ പാക്കേജാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

ഇടുക്കിയുടെ സമഗ്ര വികസനവും സമ്പൽസമൃദ്ധിയും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് പാക്കേജെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. കാർഷിക വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി സ്ഥായിയായ രീതികളിലൂടെ കൃഷിയുയുടേയും മൃഗപരിപാലനത്തിന്റേയും ഉത്പാദനക്ഷമത ഉയർത്തുക, ദാരിദ്ര്യം തുടച്ചുനീക്കുക, സന്തുലനാവസ്ഥ പുനഃസ്ഥാപിക്കുക തുടങ്ങിയവയാണ് ലക്ഷ്യമെന്നും വിശദീകരിച്ചു. ഇത്തരം പദ്ധതികളെ പോലും അപ്രസക്തമാക്കുന്ന വിവാദമാണ് ഇപ്പോൾ ഉയരുന്നത്.

ഭൂപതിവു ചട്ടം ലംഘിച്ചു പട്ടയഭൂമിയിൽ നടത്തുന്ന നിർമ്മാണങ്ങൾ വിലക്കിയ സർക്കാർ ഉത്തരവ് ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണമാക്കും. ഇടുക്കിയിലെ 8 വില്ലേജുകളിൽ മാത്രമായി നിർമ്മാണ നിരോധനം ഏർപ്പെടുത്തിയ റവന്യു വകുപ്പിന്റെ ഉത്തരവിനെതിരെ അതിജീവന പോരാട്ട വേദി ഹൈക്കോടതിയെ സമീപിച്ചതോടെയാണു ജില്ലയിലെ സങ്കീർണമായ ഭൂപ്രശ്‌നങ്ങൾ വീണ്ടും സജീവമായത്. റവന്യു വകുപ്പ് അനുവദിക്കുന്ന കൈവശ സർട്ടിഫിക്കറ്റ് പരിശോധിച്ച ശേഷമേ ഇനി നിർമ്മാണ അനുമതി ലഭിക്കൂ. ഈ സർട്ടിഫിക്കറ്റിൽ ഭൂമി എന്തിനാണു പതിച്ചു നൽകിയിരിക്കുന്നത് എന്നു വ്യക്തമാക്കണമെന്നും നിർദേശമുണ്ട്. അങ്ങനെ വരുമ്പോൾ വ്യവസായ ആവശ്യങ്ങൾക്കുള്ള നിർമ്മാണ അനുമതിയെ ഇതു ബാധിക്കും.

1964 ലെ ഭൂപതിവു ചട്ടപ്രകാരം അനുവദിച്ച പട്ടയത്തിൽ ഉൾപ്പെടുന്ന ഭൂമിയിൽ വീടും കൃഷി അനുബന്ധ നിർമ്മാണങ്ങളും മാത്രമേ അനുവദിക്കൂ. നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ പട്ടയം റദ്ദാക്കുന്നതിനു വരെ റവന്യു വകുപ്പിന് അധികാരം ഉണ്ട്. 1964 ലെ ഭൂപതിവു ചട്ടം അനുസരിച്ചു നൽകിയിട്ടുള്ള പട്ടയ ഭൂമിയിൽ ഏലം ഡ്രയർ, ഭക്ഷ്യ സംസ്‌കരണ കേന്ദ്രങ്ങൾ, ടൂറിസം അനുബന്ധ വ്യവസായങ്ങൾ, ഹോട്ടലുകൾ, കട മുറികൾ എന്നിവയെല്ലാം നിയമ വിരുദ്ധമാണ്. ചെറുകിട വ്യവസായങ്ങൾക്കും അനുമതിയില്ല

വാടകയ്ക്കു കൊടുക്കുന്നതിനു വേണ്ടി നിർമ്മിച്ച വീടുകൾ വരെ വാണിജ്യാവശ്യങ്ങളിൽ വരും. അതിനാൽ ഇതും നിയമവിരുദ്ധം.- നിലവിൽ വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്കും നിയമം ബാധകം. സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കാനും ബാങ്ക് വായ്പകളുമായി ബന്ധപ്പെട്ട ഇടപാടുകൾക്കും നിയമം തടസ്സമാകും. ഇതെല്ലാം സാധാരണക്കാരെ വലയ്ക്കും.