തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിൽ ഒരു ഷട്ടർ തുറന്നിട്ടും ഡാമിലെ ജലനിരപ്പ് കാര്യമായി താഴുന്നില്ല. മഴ കനത്തതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. അതു കൊണ്ടാണ് ജലനിരപ്പ് കുറയാതിരിക്കുന്നത്. ഒരു ഷട്ടർ തുറന്നശേഷവും ജലനിരപ്പ് കൂടി 2399 അടി പിന്നിട്ടതോടെ ഇടുക്കി ചെറുതോണി അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വേണ്ടിവന്നാൽ ഇന്നു 2 ഷട്ടറുകൾ കൂടി തുറക്കുമെന്ന് അണക്കെട്ട് സുരക്ഷാ വിഭാഗം അറിയിച്ചു. 2398.90 അടിയായപ്പോഴാണ് ഉച്ചയ്ക്കു രണ്ടിന് ഒരു ഷട്ടർ 40 സെന്റിമീറ്റർ ഉയർത്തിയത്. സെക്കൻഡിൽ 42,800 ലീറ്റർ വീതം വെള്ളം ഒഴുക്കിയിട്ടും വൈകിട്ട് ആറിനു ജലനിരപ്പ് 2399.03 അടിയായി.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടി പിന്നിട്ടതോടെ തമിഴ്‌നാടിന്റെ ആദ്യ മുന്നറിയിപ്പ് ലഭിച്ചു. മഴ ശക്തമായാൽ സ്പിൽവേ ഷട്ടറുകൾ തുറന്നേക്കാം. പെരിയാറിന്റെ ഇരുകരകളിലും ജാഗ്രത പാലിക്കണമെന്നു കലക്ടർ അറിയിച്ചു.

അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടും തുറന്നേക്കും. ജലനിരപ്പ് 140.10 അടിയായി. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 900 ഘനയടിയായി വർധിപ്പിച്ചു. അതേസമയം മൂലമറ്റം വൈദ്യുതി നിലയത്തിലെ ഒന്നാം നമ്പർ ജനറേറ്ററിൽ സാങ്കേതിക തകരാർ കണ്ടെത്തി. ഇന്നലെ ഉച്ചയോടെ പരിഹരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. മറ്റ് അഞ്ച് ജനറേറ്ററുകളും പ്രവർത്തനസജ്ജമാണ്.

കക്കി ആനത്തോട് അണക്കെട്ടിന്റെ 2 ഷട്ടറുകൾ 60 സെന്റിമീറ്റർ വീതം ഉയർത്തി. മഴ ശക്തമായി തുടർന്നാൽ പമ്പ അണക്കെട്ട് തുറന്നേക്കും. കൊല്ലം തെന്മല പരപ്പാർ അണക്കെട്ടിന്റെ ഷട്ടറുകൾ 1.20 മീറ്റർ ഉയർത്തി. 115.82 മീറ്റർ വരെ സംഭരണ ശേഷിയുള്ള അണക്കെട്ടിൽ ജലനിരപ്പ് ഇന്നലെ വൈകിട്ട് 114.92 മീറ്ററായി.