- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്താരാഷ്ട്ര ചലച്ചിത്രമേള നാലിടങ്ങളിലായി നടത്താനുള്ള തീരുമാനത്തിൽ വിമർശനവുമായി തരൂരും ശബരീനാഥനും; മേളയുടെ വേദികൾ നാലായി തിരിച്ചത് അട്ടിമറിക്കാൻ അണിയറയിൽ നീക്കം നടക്കുന്നതിന്റെ ഭാഗമെന്ന് ആരോപണം; സ്ഥിരം വേദി തിരുവനന്തപുരം തന്ന, ഇപ്പോഴത്തെ വേദിമാറ്റം കോവിഡ് പശ്ചാത്തലത്തിലെന്ന് വിശദീകരണം
തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വേദികൾ നാലിടങ്ങളിലായി നടത്താനുള്ള തീരുമാനത്തെ വിമർശിച്ച് ശശി തരൂർ എംപിയും കെഎസ് ശബരിനാഥ് എംഎൽഎയും. അനന്തപുരിയുടെ അഭിമാനമായ, രാജ്യന്തര ചലച്ചിത്രമേളയുടെ വേദികൾ നാലായി തിരിച്ച് അട്ടിമറിക്കാൻ അണിയറയിൽ നീക്കം നടക്കുന്നതായി ആരോപണം. 25 വർഷമായി അന്താരാഷ്ട്ര ചലച്ചിത്ര രംഗത്ത് വളർത്തിയെടുത്ത 'തിരുവനന്തപുരം' എന്ന ബ്രാൻഡിനെ ഈ തീരുമാനം തകർക്കുമെന്നും ഭാവിയിൽ കേരള രാജ്യന്തര ചലച്ചിത്രമേള അപ്രസക്തമാക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മുന്നോട്ടുപോകുമെന്നുമാണ് പ്രധാന വിമർശനം.
അതുകൊണ്ടു സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. ഫെബ്രുവരി 10 മുതൽ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിങ്ങനെ നാലിടങ്ങളിലായാണ് 25-ാമത് കേരള രാജ്യന്തര ചലച്ചിത്രമേള സംഘടിപ്പിക്കുക. കോൺഗ്രസ്സ് എംപി. ശശി തരൂരൂം കെ.എസ്. ശബരീനാഥൻ എംഎൽഎയുമാണ് പ്രധാനമായും വിമർശനവുമായി രംഗത്തുവന്നത്.
'സർക്കാർ തീരുമാനം ദൗർഭാഗ്യകരമാണ്. ഐഎഫ്എഫ്കെയെ സംബന്ധിച്ച് ഒരു മികച്ച വേദി മാത്രമല്ല തിരുവനന്തപുരം നഗരം വാഗ്ദാനം ചെയ്യുന്നത്, മറിച്ച് അതൊരു പാരമ്പര്യമാണ്, സൗകര്യങ്ങളാണ്. എല്ലാത്തിലുമുപരി അവേശവും അറിവുമുള്ള സിനിമാപ്രേമികളുടെ ഇടം കൂടിയാണ്. സെനഗലിൽ നിന്നുള്ള സിനിമകൾ ഹൗസ്ഫുൾ ആവുന്ന, കിം കി ഡുക്ക് തെരുവിൽ 'കൈയേറ്റം' ചെയ്യപ്പെടുന്ന നഗരം', ശശി തരൂർ ഫേസ്‌ബുക്കിൽ കുറിച്ചു. #IFFKMustStay എന്ന ഹാഷ് ടാഗും അദ്ദേഹം പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.
ശബരീനാഥന്റെ ഫേസ്‌ബുക് പോസ്റ്റ് ഇങ്ങനെ;
ലോകത്തിലെ ഏറ്റവും വിഖ്യാതമായിട്ടുള്ള ഫിലിം ഫെസ്റ്റിവലുകൾ അറിയപ്പെടുന്നത് വേദികളുടെ പേരിലാണ്. ബെർലിൻ, വെനീസ്, കാൻ, റോയിട്ടർഡാം എന്നിവ ഉദാഹരണം. ഈ ഫെസ്റ്റിവലുകളുടെ ഐഡന്റിറ്റി തന്നെ ഈ നാല് നഗരങ്ങളാണ്. മേളകളിലൂടെ ലക്ഷകണക്കിന് സിനിമാ ആസ്വാദകർക്ക് ഈ നഗരങ്ങൾ സുപരിചിതമാണ്.
1996ൽ തുടങ്ങിയ ഐ.എഫ്.എഫ്.കെയിലൂടെ തിരുവനന്തപുരത്തിന് ലോക സിനിമാഭൂപടത്തിൽ ഒരു പ്രഥമസ്ഥാനമുണ്ട് . തിരുവനന്തപുരത്തെ മികച്ച തിയേറ്ററുകളും മികച്ച അടിസ്ഥാനസൗകര്യങ്ങളുമാണ് ഐ.എഫ്.എഫ്.കെയുടെ വിജയത്തിന്റെ പ്രധാന അടിത്തറ. ഒരു തീർത്ഥാടനം പോലെ ഡിസംബർ മാസത്തിൽ തിരുവനന്തപുരത്തേക്ക് വരുന്ന സിനിമാസ്വാദകാർക്ക് ഈ നഗരം ഒരു വികാരമാണ്. ഇതിനു സമാനമാണ് കൊച്ചിയിലേക്ക് ബിനാലെക്ക് വരുന്നവർക്കുള്ള കൊച്ചിയുമായിട്ടുള്ള ആത്മബന്ധം.
സർക്കാർ ഈ വർഷം മുതൽ ഐ.എഫ്.എഫ്.കെ പൂർണ്ണമായി തിരുവനന്തപുരത്ത് നടത്താതെ പകരം നാല് ജില്ലകളിൽ ഭാഗികമായി നടത്തുന്നത് നിർഭാഗ്യകരമാണ്. 25 വർഷമായി അന്താരാഷ്ട്ര ചലച്ചിത്ര രംഗത്ത് നമ്മൾ വളർത്തിയെടുത്ത 'തിരുവനന്തപുരം' എന്ന ബ്രാൻഡിനെ ഈ തീരുമാനം തകർക്കും. ഭാവിയിൽ ഐ.എഫ്.എഫ്.കെ അപ്രസക്തമാക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മുന്നോട്ടുപോകും. സർക്കാർ ഈ തീരുമാനം പുനപ്പരിശോധിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
മറുനാടന് ഡെസ്ക്