- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആളൊന്നുക്ക് 10,000 രൂപ മുതൽ വാങ്ങും; ഐജി ലക്ഷ്മണൻ ശബരിമല ദർശനത്തിനായി ഭക്തരിൽ നിന്ന് വ്യാപകമായി പണം വാങ്ങി; ഇടപാടിനായി ഹൈദരാബാദിൽ ഓഫീസും തുറന്നു; പരാതി വന്നിട്ടും മുൻ ഡിജിപി ബെഹ്റ ഒതുക്കി എന്നും ആരോപണം
കൊച്ചി: മോൻസൺ കേസിൽ പെട്ട് സസ്‌പെൻഷനിലായ ഐജി ഗുഗുലോത്ത് ലക്ഷ്മൺ ശബരിമല ദർശനത്തിനായി ഭക്തരിൽ നിന്നും വ്യാപകമായി പണം വാങ്ങിയെന്ന് ആരോപണം. 10,000 രൂപ മുതൽ ഒരാളിൽ നിന്നും വാങ്ങിയെന്നാണ് റിപ്പോർട്ട്. ഇതിനായി ഹൈദരാബാദിൽ ഓഫീസ് തുറന്നുവെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിട്ടും ഐജിക്കെതിരെ നടപടി എടുക്കാതെ പരാതി ഒതുക്കി.
ഒന്നാം പിണറായി സർക്കാരിന്റെ ശബരിമല തീർത്ഥാടന കാലത്താണ് ദർശനത്തിനായി പണം വാങ്ങുന്ന കാര്യം ഉന്നത ഉദ്യോഗസ്ഥർ അറിയുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അതിഥികളും ബന്ധുക്കളുമൊക്കെയെത്തുമ്പോൾ ശബരിമലയിലെ ഡ്യൂട്ടിലുള്ള പൊലീസ് ഉദ്യോഗസ്ഥരോട് ദർശന സൗകര്യമൊരുക്കാൻ പറയുക പതിവ് സംഭവമാണ്. എന്നാൽ, ഐജി ലക്ഷമണയുടെ അതിഥികളായി നിരവധിപ്പേർ ഓരോ ദിവസവും ശബരിമല ദർശനത്തിനെത്തിയതോടെയാണ് സംശയം തുടങ്ങിയത്.
ശബരിമലയിലുള്ള സ്‌പെഷ്യൽ ഓഫീസർമാർ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ വിവമറിയിച്ചു. സ്‌പെഷ്യൽ ബ്രാഞ്ചും അന്വേഷിച്ചു. ഹൈദരാബാദിൽ ദർശനത്തിന് സൗകര്യമൊരുക്കാൻ ഒരു ഓഫീസ് തന്നെ തുടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇതിന് പിന്നിൽ ലക്ഷമണാണെന്ന വിവരവും ആഭ്യന്തരവകുപ്പിനും ഉന്നത പൈാലീസ് ഉദ്യോഗസ്ഥർക്കും ലഭിച്ചു. 10,000 രൂപ മുതൽ ഒരാളിൽ നിന്നും വാങ്ങിയെന്ന വിവരവും ലഭിച്ചു. അന്നത്തെ ആഭ്യന്തര സെക്രട്ടറി ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ മുൻ പൊലീസ് മേധാവി ബെഹ്‌റയോട് ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ കാര്യമായി അന്വേഷണമൊന്നും നടക്കാതെ സംഭവം ഒതുക്കി.
മോൻസൺ പിടിയിലായതോടെയാണ് ലക്ഷ്മണയുടെ കൂടുതൽ തട്ടിപ്പുകൾ പുറത്തുവരുന്നത്. മോൻസൺ മാവുങ്കലിന് ഒത്താശ ചെയ്തതിന് കഴിഞ്ഞദിവസം മുഖ്യമന്ത്രി ഇയാളെ സസ്‌പെൻഡ് ചെയ്തു. പൊലീസിന്റെ അധികാരമുപയോഗിച്ച് തട്ടിപ്പുകാരനെ സംരക്ഷിച്ചെന്ന് തെളിവുകൾ സഹിതം ക്രൈംബ്രാഞ്ച് കണ്ടെത്തിയതിനെത്തുടർന്നായിരുന്നു സസ്പെൻഷൻ. ഡിജിപി ആയിരുന്ന ലോക്‌നാഥ് ബെഹ്‌റയടക്കം ഒട്ടേറെ പൊലീസുകാർക്കു മോൻസനുമായി പരിചയമുണ്ടെങ്കിലും വഴിവിട്ട ഇടപാടു കണ്ടെത്തിയിരിക്കുന്നത് ഐജിക്കെതിരെ മാത്രമാണ്.
മോൻസനെതിരെ ആലപ്പുഴ എസ്‌പി നടത്തിയ അന്വേഷണത്തിൽ, ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഇടപെട്ട ലക്ഷ്മൺ കേസിന്റെ അന്വേഷണച്ചുമതല ചേർത്തല സിഐക്കു മാറ്റി നൽകിയിരുന്നു. ഇതിൽ കാരണം കാണിക്കൽ നോട്ടിസ് നൽകിയെങ്കിലും ലക്ഷ്മൺ പിന്നെയും മോൻസനുമായി വഴിവിട്ട ഇടപാടുകൾ തുടർന്നതായാണു ക്രൈംബ്രാഞ്ച് റിപ്പോർട്ട്. തട്ടിപ്പ് ഐജി അറിഞ്ഞിരുന്നതായും സംശയമുണ്ട്.
ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തപ്പോൾ തെറ്റുപറ്റിയെന്ന വിശദീകരണം നൽകിയെങ്കിലും ക്രൈംബ്രാഞ്ച് മുഖവിലയ്‌ക്കെടുത്തില്ല. ഇതോടെയാണു നടപടിക്കു ശുപാർശ ചെയ്തു റിപ്പോർട്ട് നൽകിയത്. തെലങ്കാന സ്വദേശിയായ ലക്ഷ്മൺ നിലവിൽ പൊലീസ് ആസ്ഥാനത്തു ട്രാഫിക്കിന്റെയും ആഭ്യന്തര സുരക്ഷയുടെയും ചുമതലയുള്ള ഐജിയായിരുന്നു. ജനുവരിയിൽ എഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് സസ്പെൻഷൻ.
മറുനാടന് മലയാളി ബ്യൂറോ