പത്തനംതിട്ട: കടുത്ത വിഭാഗീയതയെ തുർന്ന് സിപിഐ ഇലന്തൂർ ലോക്കൽ സമ്മേളനം തീരുമാനമാകാതെ പിരിഞ്ഞു. പ്രതിനിധികളിൽ ഭൂരിഭാഗവും ഉപരി കമ്മറ്റി നിർദേശിച്ച ഭാരവാഹി പാനലിലെ അംഗീകരിക്കാതെ ഇറങ്ങിപ്പോയതോടെയാണ് സമ്മേളനം മുഴുമിപ്പിക്കാൻ കഴിയാതെ പോയത്.

നിലവിലുള്ള സെക്രട്ടറി സുധിരാജിനെ ഒഴിവാക്കിയുള്ള ഒരു പാനലാണ് ജില്ലാ കൗൺസിൽ അംഗം വി.കെ. പുരുഷോത്തമൻ പിള്ള, മണ്ഡലം സെക്രട്ടറി അബ്ദുൾ ഷുക്കൂർ, കമ്മറ്റിയംഗം അടൂർ സേതു എന്നിവർ അടങ്ങുന്ന ഉപരി കമ്മറ്റി നിർദേശിച്ചത്. ആകെയുണ്ടായിരുന്ന 67 സമ്മേളന പ്രതിനിധികളിൽ 13 പേർ മാത്രമാണ് ഇത് അനുകൂലിച്ചത്. ശേഷിച്ച 54 പേരും സുധിരാജിനൊപ്പം നില കൊണ്ടു. ഇലന്തൂർ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ഗീതാ സദാശിവനെ ലോക്കൽ കമ്മറ്റി സെക്രട്ടറി ആക്കാനാണ് ഉപരി കമ്മറ്റി ശ്രമിച്ചത്. എന്നാൽ, ഇവർക്കെതിരേ നിരവധി അഴിമതി ആരോപണങ്ങൾ നിലനിൽക്കുന്നതായി സമ്മേളന പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

രണ്ടാം വാർഡിൽ അംഗൻവാടി കെട്ടിടത്തിന് വേണ്ടി ഭൂമി വാങ്ങാൻ വേണ്ടി നടത്തിയ നീക്കത്തിന് പിന്നിൽ സ്വജന പക്ഷപാതമുണ്ടെന്ന ആക്ഷേപമാണ് അംഗങ്ങൾ ശക്തമായി ഉന്നയിക്കുന്നത്. നിലവിൽ ജില്ലാ കൗൺസിൽ അംഗവും മന്ത്രി ചിഞ്ചു റാണിയുടെ പഴ്സണൽ സ്റ്റാഫ് അംഗവുമായ എം.കെ സജിയുടെ നേതൃത്വത്തിലാണ് നിലവിലെ ലോക്കൽ സെക്രട്ടറി സുധിരാജിനെ മാറ്റാൻ നീക്കമെന്നാണ് ഉയരുന്ന ആരോപണം.

സജി 14 വർഷം ലോക്കൽ കമ്മറ്റി സെക്രട്ടറിയും മൂന്നു വർഷം മണ്ഡലം കമ്മറ്റി അംഗവുമായിരുന്നു. ആ സമയത്ത് ഇലന്തൂരിൽ പാർട്ടിക്കുണ്ടായിരുന്നത് 50 അംഗങ്ങളും വെറും നാല് ബ്രാഞ്ചുമായിരുന്നു. സജി മാറി സുധിരാജ് സെക്രട്ടറിയായതോടെ ബ്രാഞ്ചിന്റെ എണ്ണം നാലിൽ നിന്ന് ഒമ്പതായി ഉയർന്നു. പാർട്ടി അംഗങ്ങളുടെ എണ്ണം 200 ആയി. ഇതോടെ ഇലന്തൂരിൽ തന്റെ സ്വധീനം നഷ്ടമായെന്ന് മനസിലാക്കിയാണ് സജിയുടെ നേതൃത്വത്തിൽ വിഭാഗീയത ശക്തമായതെന്ന് പറയുന്നു.

സജിയുടെ കൂടെ അനിൽ മാത്യു, സുശീൽ കുമാർ എന്നിങ്ങനെ നാലു പേർ മാത്രമാണത്രേ ഉള്ളത്. ഇവർ ഒന്നിച്ച പ്രതിദിന ചിട്ടി നടത്തുന്നവരാണ്. സുധിരാജിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ആറു ബ്രാഞ്ച് സെക്രട്ടറിമാരും ഒരു അസി. സെക്രട്ടറിയുമടക്കം രാജിക്ക് തീരുമാനിച്ചുവെന്നും സൂചനുണ്ട്.