പത്തനംതിട്ട: ഏതെങ്കിലും ഒരു ഓട്ടത്തിനായി കാത്തു കിടക്കുന്ന ടാക്സി ഡ്രൈവറുടെ സ്വപ്നങ്ങൾ തകർത്തു കൊണ്ടാണ് കള്ളടാക്സികൾ തലങ്ങും വിലങ്ങും ഓടുന്നത്. റെന്റ എ കാർ എന്ന ഓമനപ്പേരിൽ വിളിക്കുന്ന ഇത്തരം വാഹനങ്ങൾ സർക്കാരിനും ടാക്സി ഉടമകൾക്കും ഡ്രൈവർമാർക്കും വരുത്തി വയ്ക്കുന്ന സാമ്പത്തിക നഷ്ടം ചില്ലറയല്ല. തൊഴിലാളി യൂണിയനുകൾ നിരവധി സമരങ്ങൾ കള്ള ടാക്സികൾക്കെതിരേ നടത്തി. ഒരു പ്രയോജനവുമുണ്ടായില്ലെന്ന് മാത്രമല്ല, ഇത്തരം വാഹനങ്ങൾ പെരുകി. വാഹനങ്ങളുടെ മാസത്തവണ നികുതിയും അടയ്ക്കാൻ കഴിയാത്ത വണ്ണം കടക്കെണിയിലായി ഉടമകളും ഡ്രൈവർമാരും.

ഒടുക്കം ആറന്മുളയിലെ ടാക്സി ഡ്രൈവറായ ഇടശേരിമല പ്രണവത്തിൽ മനേഷ് നായർ കള്ളടാക്സികൾക്കെതിരായ പോരാട്ടം നയിച്ച് രംഗത്തിറങ്ങി. ഏറെ നാൾ നീണ്ട പോരാട്ടത്തിനൊടുവിൽ കള്ളടാക്സികൾക്ക് പിടിവീണു തുടങ്ങി. മോട്ടോർ വാഹന വകുപ്പ് മനേഷിന്റെ നിർദ്ദേശം പ്രാവർത്തിമാക്കിയതോടെ പല സ്ഥലങ്ങളിലും കള്ളടാക്സികൾക്ക് വെളിയിൽ ഇറങ്ങാൻ കഴിയാത്ത അവസ്ഥയായി.

സംസ്ഥാനത്ത് കള്ളടാക്സികൾ വർധച്ചതോടെ ശരിക്കും വലഞ്ഞത് ടാക്സി ഡ്രൈവർമാരാണ്. പലർക്കും ഓട്ടമില്ലാത്ത അവസ്ഥ. നാട്ടുകാർക്ക് പ്രിയം സ്വകാര്യവാഹനങ്ങളിലുള്ള യാത്ര. ഇത്തരത്തിൽ കള്ള ടാക്സികൾ നാട്ടിൽ തലങ്ങും വിലങ്ങും ഓടുന്നതിനെപ്പറ്റി ഡ്രൈവർമാർ അധികൃതർക്ക് പരാതി നൽകുന്നത് പതിവാണെങ്കിലും വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു ഇതുവരെ. എന്നാൽ ഇനിയും ഈ കള്ളയോട്ടം നടക്കില്ല.

കള്ളടാക്സികളെപ്പറ്റി വാട്സാപ്പ്-ഫോൺ നമ്പരുകളിലേക്ക് പരാതി അറിയിച്ചാൽ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയത് അടുത്തിടെയാണ്. ഇത് വകവയ്ക്കാതെ നിരത്തിലിറങ്ങിയ പല വാഹനങ്ങളും ഇതിനോടകം പിടിയിലായി കഴിഞ്ഞു. മനേഷ് നായർ നിർദ്ദേശിച്ച പ്രധാന തന്ത്രം വാഹനങ്ങളെപ്പറ്റിയുള്ള വിവരം പ്രത്യേക നമ്പറിൽ അതത് ജില്ലകളിലെ മോട്ടോർ വാഹന വകുപ്പിന് കൈമാറുക എന്നതായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം മന്ത്രി ആന്റണി രാജുവിന് പരാതി നൽകി.

മന്ത്രിയുടെ ഓഫീസ് ഇത് പരിഗണിച്ചതോടെയാണ് ഓരോ ജില്ലയിലും ഇത്തരം ടോൾ ഫ്രീ നമ്പരുകൾ നിലവിൽ വന്നത്. ഈ നമ്പരിലേക്ക് വാടകയ്ക്ക് ഓടുന്ന സ്വകാര്യ വാഹനങ്ങളുടെ ചിത്രങ്ങൾ, വീഡിയോകൾ, മറ്റ് വിവരങ്ങൾ എന്നിവ നൽകാം. പരാതി ലഭിച്ചാലുടൻ അധികൃതർ വിവരം അതാത് താലൂക്കുകളിലെ വാഹന പരിശോധകരെ അറിയിക്കും. ഇത്തരത്തിലാണ് വാഹനങ്ങൾ പിടിയിലാകുന്നത്.

കള്ളടാക്സികളെ കുറിച്ച് അറിയിക്കാനുള്ള ഓരോ ജില്ലയിലെയും വാട്സാപ്പ്-ഫോൺ നമ്പരുകൾ ചുവടെ. ജില്ലയുടെ കോഡ് ക്രമത്തിലുള്ള നമ്പരുകളാണിവ. തിരുവനന്തപുരം-9188961001, കൊല്ലം-918896002, പത്തനംതിട്ട-918896003, ആലപ്പുഴ-918896004, കോട്ടയം-918896005, ഇടുക്കി-918896006, എറണാകുളം-918896007, തൃശൂർ-918896008, പാലക്കാട്-918896009, മലപ്പുറം-918896010, കോഴിക്കോട്-918896011, വയനാട്-918896012, കണ്ണൂർ-918896013, കാസർഗോഡ്-918896014.