കണ്ണുർ: ലോക് ഡൗൺപ്രഖ്യാപിച്ചതോടെ കോളടിച്ചത് വാറ്റുചാരായക്കാർക്ക് .നാടൻ കശുമാങ്ങയും നെല്ലും പഴവർഗങ്ങളുമൊക്കെയിട്ട് വാറ്റുന്ന ചാരായത്തിന് ലിറ്ററിന് രണ്ടായിരം രൂപയാണ് ഇവർ ഈടാക്കുന്നത്. ലോക്ക് ഡൗണിന് മുൻപെ മദ്യശാലകൾക്ക് താഴ് വീണതോടെ പെരുവഴിയിലായത് മദ്യപന്മാരാണ്. പിന്നീട് വ്യാജ വിൽപനക്കാരായിരുന്നു ഇവരുടെ ആശ്രയം.

മൂന്നിരട്ടി മദ്യമാണ് ഇങ്ങനെ പലരും വാങ്ങി കുടിച്ചത്. എന്നാൽ മാഹിയിലും കോവിഡ് നിയന്ത്രണങ്ങളാൽ ബാറുകളും മദ്യവിൽപ്പനശാലകളും അടച്ചതോടെ വ്യാജമദ്യ വിൽപ്പനക്കാരുടെ സ്റ്റോക്കും തീർന്നു. ഇതോടെ തൊട്ടടുത്ത സംസ്ഥാനമായ കർണാടകയിലേക്കാണ് പലരും വെച്ചുപിടിച്ചത്. കർണാടകയിൽ നിന്നും കണ്ണുർ ,കാസർകോട് ജില്ലകളിലേക്കുള്ള മദ്യക്കടത്തും വർധിച്ചു. ഇതിനിടെ കർണാടകയിലും ലോക്ക് ഡൗൺപ്രഖ്യാപിച്ചതോടെ വീണ്ടും നാടൻ വാറ്റിലേക്ക് തിരിഞ്ഞിരിക്കുകയാണ് വലിയൊരു വിഭാഗമാളുകൾയ

കണ്ണുരിലെ മലയോര പ്രദേശങ്ങളിലെ വനമേഖലയിലാണ് വ്യാവസായിക അടിസ്ഥാനത്തിൽ മാലുർ , ഇരിട്ടിക്കടുത്തെ എടക്കാനം ചെറുപുഴ ,കണ്ണവം, കൊട്ടിയൂർ വനമേഖലകൾ എന്നിവടങ്ങളിൽ കള്ളവാറ്റ് നടക്കുന്നുണ്ട്. തോക്ക് അടക്കമുള്ള മാരകായുധങ്ങളുമായാണ് ഇവിടെ കള്ളവാറ്റുകാരെ സംരക്ഷിക്കുന്നവർ കാവൽ നിൽക്കുന്നത്. കള്ളവാറ്റ് നടക്കുന്ന മലയുടെ താഴ്‌വാരങ്ങൾ ഇവരുടെ നിയന്ത്രണത്തിലാണ്.

രാഷ്ട്രീയ ക്രിമിനലുകളുടെ കാവലിലാണ് കള്ളവാറ്റ് വ്യാവസായികാടിസ്ഥാനത്തിൽ നടക്കുന്നത്. നേരത്തെ ഒരു ലിറ്ററിന് ആയിരം രൂപ വരെയാണ് വാങ്ങിയിരുന്നതെങ്കിൽ ഇപ്പോഴത് രണ്ടായിരം രൂപ വരെയായി. മലകളിലും ഉൾനാടൻ പ്രദേശങ്ങളിലും സ്ത്രീകളടക്കമുള്ളവർ വാറ്റുന്നുണ്ട്. പഴവർഗങ്ങളുടെ വില വർധിച്ചതിനാൽ മലയോരത്ത് സുഗമമായി ലഭിക്കുന്ന കശുമാങ്ങയാണ് കള്ളവാറ്റുകാർ ഉപയോഗിക്കുന്നത്. വീര്യം കൂട്ടാനായി അനുബന്ധ സാധനങ്ങളും ഉപയോഗിക്കുന്നുണ്ട്.

ലോക്ക് ഡൗണിൽ ഹോം ഡെലിവറിയും സ്‌പോട്ട് ഡെലിവറിയും ഇവർ നടത്തുന്നുണ്ട്. ഇതിനായി പ്രത്യേക നെറ്റ് വർക്ക് സംഘം തന്നെയുണ്ട്. ചില്ലറയായി ബൈക്കിലൂടെയാണ് ഇവരുടെ മദ്യക്കടത്ത്. വാട്‌സ് വഴിയാണ് ഇവർ വ്യാജപേരുകളിൽ ആവശ്യക്കാരുമായി ബന്ധപ്പെടുന്നത്. ജീവജലം, ഇളനീര്, നാരങ്ങ മിഠായി എന്നിങ്ങനെയാണ് വാറ്റുചാരായത്തിനിട്ടിരിക്കുന്ന ഓമനപ്പേരുകൾ. സർക്കാർ മദ്യഷാപ്പുകൾ അടച്ചിട്ടതിൽ പ്രതിഷേധിച്ച് സ്വയം വാറ്റ് ചാരായം വീട്ടിൽ നിന്നുമുണ്ടാക്കുന്നവരുമുണ്ട്.

പ്രഷർകുക്കർ ഉപയോഗിച്ചാണ് ഇവരുടെ നിർമ്മാണം. കഴിഞ്ഞ തവണത്തെ ലോക്ക് ഡൗണിൽ വ്യാപകമായി വാറ്റുചാരായം നാട്ടുമ്പുറങ്ങളിൽ ആളൊഴിഞ്ഞ വീടുകളും സ്ഥലങ്ങളും കേന്ദ്രീകരിച്ച് നിർമ്മിക്കപ്പെട്ടിരുന്നു.എന്നാൽ കോവിഡ് കാലത്തിന് ശേഷവും ഇതു സ്വയംതൊഴിൽ പോലെ പലരും തുടരുകയാണ് ചെയ്യുന്നത്. നാടെങ്ങും കൂണു പോലെ വാറ്റുചാരായ നിർമ്മാണവും വിൽപ്പനയും നടക്കുമ്പോൾ ഇവ പിടി കുടുന്നതിനായി ഓടി തളരുകയാണ് എക്‌സൈസ് സംഘം. മദ്യദുരന്തത്തിന്റെ സാധ്യതയും ഭീഷണിയായി മാറുന്നു.