കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഐ.എൽ.എസ് പരിശോധനക്കുള്ള വിമാനം നാളെ രാവിലെ ആകാശത്ത് വട്ടമിട്ട് പറക്കും. എയർ ഇന്ത്യാ എക്സ്പ്രസ്സിന്റെ 189 യാത്രക്കാരെ വഹിക്കാവുന്ന ബോയിങ് 737-800 വിമാനം പറത്തി ഇൻസ്ട്രുമെന്റ് ലാന്റിങ് സിസ്റ്റത്തിന്റെ കൃത്യത ഉറപ്പാക്കാനാണ് നാളെയുള്ള പരിശോധന. രാത്രിയും മഞ്ഞ് കാലത്തും ഉൾപ്പെടെ ഏത് കാലാവസ്ഥയിലും വിമാനം ഇറക്കാനും പറന്ന് ഉയരാനും വേണ്ടുന്ന പരിശോധനയാണ് ഇൻസ്ട്രമെന്റ് ലാന്റിങ് സിസ്റ്റം. വാണിജ്യ വിമാനത്താവളമെന്ന നിലയിൽ ഏത് കാലാവസ്ഥയിലും ഏത് സമയത്തും വിമാനങ്ങൾ ഇറങ്ങുകയും ഉയരുകയും വേണം. കണ്ണൂർ വിമാനത്താവളത്തിൽ രണ്ട് പരീക്ഷണ പറക്കൽ ഇതുവരെ നടന്നെങ്കിലും രണ്ടും പകൽ സമയത്തെ ലാന്റിങുമായി ബന്ധപ്പെട്ട ഡി.വി.ഒ.ആർ. പരിശോധനകളാണ്. തെളിഞ്ഞ ആകാശത്തുനിന്ന് വിമാനത്താവളത്തിൽ സുരക്ഷിതമായി വിമനമിറക്കാൻ ഈ പരിശോധന മതി. 

ഐ.എൽ. എസ് പരിശോധന നാളെ പൂർത്തിയാക്കി റിപ്പോർട്ട് എയർപോർട്ട് അഥോറിറ്റിക്ക് നൽകിയാൽ മാത്രമേ വാണിജ്യ ലൈസൻസ് ലഭിക്കുകയുള്ളൂ. നാളെ പരീക്ഷണപറക്കൽ നടന്നാൽ വിമനാത്താവളത്തിന്റെ സാങ്കേതിക വിവരങ്ങൾ അഥവാ എറോനോട്ടിക്കൽ ഇൻഫർമേഷൻ പബ്ലിക്കേഷൻ നടത്താൻ കഴിയൂ. അന്താരാഷ്ട്ര വ്യോമയാന സംഘടന നിഷ്‌ക്കർഷിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് എയർപോർട്ട് അഥോറിറ്റിയാണ് വിമാനത്താവളം സംബന്ധിച്ച സാങ്കേതിക വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത്. എയറോ നോട്ടിക്കൽ ഇഫർമേഷൻ റഗുലേഷൻ ആന്റ് കൺട്രോൾ എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. അന്താരാഷ്ട്ര വ്യോമയാന സംഘടന ഈ വിവരങ്ങൾ പ്രസിദ്ധീകരിക്കേണ്ട തീയ്യതികൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

ഒക്ടോബർ 11 , നവംബർ 8, ഡിസംബർ 6, എന്നീ തീയ്യതികളിൽ മാത്രമേ ഇത് പ്രസിദ്ധീകരിക്കാൻ കഴിയൂ. നാളെ പരീക്ഷണ പറക്കൽ നടക്കുന്നതിനാൽ ഡിസംബർ 6 ന് എങ്കിലും വിവരങ്ങൾ പബ്ലിഷ് ചെയ്യാൻ കഴിയും. ഇക്കാര്യം അടിസ്ഥാനമാക്കിയാണ് അന്താരാഷ്ട്ര തലത്തിൽ സുരക്ഷിതവും സുഗമവുമായ വ്യോമയാന ഗതാഗതം ഉറപ്പ് വരുത്തുന്നത്. ലോകത്തിലെ വൈമാനികന്മാർ ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിമാനം പറത്തുന്നത്. 56 ദിവസം മുമ്പ് എ.ഐ.എസ്. ഡാറ്റ പ്രസിദ്ധീകരിച്ചിരിക്കണം. ഈ മാസം 11 ന് ഉള്ളിൽ ഇത് പ്രസിദ്ധീകരിച്ചാൽ മാത്രമേ അതിനുള്ള സാധ്യതയുള്ളൂ. വിമാനത്താവളത്തിന്റെ നിർമ്മാണപ്രവർത്തനങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞു. മിനുക്ക് പണികൾ ദിവസങ്ങൾ കൊണ്ട് തീരും. ഇതൊന്നും അന്തിമാനുമതിയുമായി ബന്ധവുമില്ല.

എയർപോർട്ട് അഥോറിറ്റിയും ഡയരക്ടർ ജനറൽ ഓഫ് സിവിൽ എവിയേഷൻ അധികാരികളുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാനാണ് ഇത്രയും വൈകിയത്. അതാണ് വാണിജ്യ വിമാനത്താവളമെന്ന ലൈസൻസ് ലഭിക്കാൻ നീണ്ടു പോയത്. നാളത്തെ ഐ.എൽ.എസ് പരീക്ഷണ പറക്കലോടെ വിമാനം ഇറങ്ങുന്നതും ഉയരുന്നതുമായ എല്ലാ നടപടിക്രമങ്ങളും അവസാനിക്കും. അതോടെ ഡിസംബർ 6 ന് രാജ്യാന്തര വ്യോമയാന സംഘടന (ഐ.സി.എ. ഒ ) നിർദേശിക്കുന്ന മാനദണ്ഡമനുസരിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തിയാകും. അതോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ വർഷം തന്നെ വിമാനത്താവളം ഉത്ഘാടനം നടക്കുമെന്ന പ്രഖ്യാപനം നടപ്പായേക്കും.