ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ കണക്കുകൾ പിടിവിട്ട നിലയിൽ. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻവർധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,00,739 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 93,528 പേർ രോഗമുക്തി നേടി. രാജ്യത്ത് കോവിഡ് കേസുകൾ 10 ദിവസത്തിനിടെ ഇരട്ടിയിലധികമായിരിക്കുകയാണ്. ചികിത്സയിൽ തുടരുന്നവരുടെ എണ്ണം 14,71,877 ആയി. വരും ദിവസങ്ങളിൽ കോവിഡ് കണക്കുകൾ മൂന്ന് ലക്ഷത്തിലേക്ക് എത്തുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

10 ദിവസങ്ങൾക്ക് മുമ്പായിരുന്നു രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വീണ്ടും ലക്ഷം കടന്നത്. യു.എസിൽ മാത്രമാണ് പ്രതിദിനം രണ്ടുലക്ഷം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്ത ശേഷം 21 ദിവസങ്ങൾക്ക് ശേഷമാണ് അവിടെ രണ്ട് ലക്ഷം കേസുകളിലെത്തിയത്.

ഒക്‌ടോബർ 30ന് പ്രതിദിന കേസുകളുടെ എണ്ണം ലക്ഷം കടന്ന യു.എസിൽ അത് രണ്ട് ലക്ഷമായത് നവംബർ 20നായിരുന്നു. വേൾഡോമീറ്റർ വെബ്‌സൈറ്റിലെ കണക്കുകൾ പ്രകാരം ജനുവരി എട്ടാം തിയതി യു.എസിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 3,09,035 ആയിരുന്നു.

കഴിഞ്ഞ ദിവസവും രാജ്യത്ത് മരണസംഖ്യ 1000 കവിഞ്ഞു. 1038 മരണങ്ങളാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. ഒക്‌ടോബർ രണ്ടിന് ശേഷം രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്. മഹാരാഷ്ട്രക്ക് പിന്നാലെ ഉത്തർപ്രദേശിലും കോവിഡ് പിടിവിട്ട് കുതിക്കുകയാണ്. 20,510 പുതിയ കേസുകളാണ് യു.പിയിൽ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ 58,952 പുതിയ കേസുകളാണ് റിപോർട്ട് ചെയ്തത്.

അതേസമയം രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം മെയ്‌ അവസാനം വരെ തുടരാമെന്നും പുതിയ പ്രതിദിന കേസുകളുടെ എണ്ണം ഏകദേശം 3 ലക്ഷമായി ഉയരുമെന്നും പ്രമുഖ വൈറോളജിസ്റ്റ് ഡോ. ഷാഹിദ് ജമീൽ വ്യക്തമാക്കി. സജീവമായ കേസുകളിലെ വർധനവ് പ്രതിദിനം 7% വരും. അത് വളരെ ഉയർന്ന വർധനവാണ്. ഈ നിരക്ക് തുടരുകയാണെങ്കിൽ, പ്രതിദിനം ഏകദേശം 3 ലക്ഷം കേസുകൾ ഉണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം തരംഗം എളുപ്പത്തിൽ പടർന്നു പിടിക്കുന്നതാണ്. പക്ഷേ അവ മാരകമാണെന്ന് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ വാക്‌സീൻ ക്ഷാമം ഉണ്ടാകുമെന്ന ആശങ്ക അദ്ദേഹം നിരസിച്ചു. സീറം ഇൻസ്റ്റിറ്റ്യൂട്ടിന് പ്രതിമാസം 50-60 ദശലക്ഷം ഡോസുകൾ ഉൽപാദിപ്പിക്കാൻ കഴിയും. ഭാരത് ബയോടെക്കിന് പ്രതിമാസം 20-30 ദശലക്ഷം ഡോസുകൾ ഉൽപാദിപ്പിക്കാൻ കഴിയും.

രേഖകൾ പരിശോധിച്ചാൽ രണ്ട് കമ്പനികളും ഇതുവരെ ഏകദേശം 310-320 ദശലക്ഷം ഡോസ് വാക്‌സീൻ ഉൽപാദിപ്പിച്ചു. അതിൽ 120 ദശലക്ഷം ഡോസുകൾ ഇന്ത്യയിൽ ഉപയോഗിച്ചു. ഏകദേശം 65 ദശലക്ഷം ഡോസുകൾ കയറ്റുമതി ചെയ്തു. രാജ്യത്ത് 100 ദശലക്ഷം ഡോസുകൾ ഉണ്ട്. അതിനാൽ വാക്‌സീന് ഒരു കുറവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളിൽ 2021 അവസാനത്തോടെ കോവിഡ് അവസാനിക്കുമെന്നും ഏഷ്യയിലും മറ്റ് ചില രാജ്യങ്ങളിലും 2022 വരെ നീണ്ടുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.