- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പട്ടിണി മാറ്റാൻ പ്രാർത്ഥനക്കാകുമോ; ഭജനയും പൂജയും അവസാനിപ്പിച്ച് ഭൗതിക സൗഭാഗ്യങ്ങൾ ആവോളം അനുഭവിക്കാൻ ടിബറ്റൻ ജനതയെ പഠിപ്പിച്ച് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം; നൂറ്റാണ്ടുകൾ പഴക്കമുള്ള സംസ്കാരത്തെ വേരോടെ പിഴുതെറിയാൻ ചൈനയുടെ പുതിയ പദ്ധതി ഇങ്ങനെ..
ബീജിംഗ്: ടിബറ്റൻ അധിനിവേശം പൂർണമാക്കാനൊരുങ്ങി ചൈന. ടിബറ്റൻ സംസ്കാരം അപ്പാടെ തുടച്ചുമാറ്റി കമ്മ്യൂണിസ്റ്റ് വിശ്വാസം പൗരന്മാരിൽ അടിച്ചേൽപ്പിക്കാൻ ചൈന ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ട്. ദാരിദ്ര്യനിർമ്മാർജന പരിപാടികൾ എന്ന പേരിൽ ടിബറ്റൻ സംസ്കാരത്തെ പോലും ഇല്ലാതാക്കാനുള്ള പദ്ധതികളാണ് ബീജിംഗ് നടപ്പാക്കാൻ ഒരുങ്ങുന്നത്. ആദ്യപടിയായി, ടിബറ്റിലെ പരമ്പരാഗത ബുദ്ധമത വിശ്വാസികളെ നിരീശ്വര വാദത്തിന്റെ പാതയിലേക്ക് കൊണ്ടുവരികയാണ് ചൈനയുടെ പദ്ധതി. മതവും പ്രാർത്ഥനയും മാറ്റിവച്ച് ഭൗതിക സൗഭാഗ്യങ്ങളിലേക്ക് കണ്ണുപായിക്കാനാണ് ചൈനീസ് ഭരണകൂടവും കമ്മ്യൂണിസ്റ്റ് പാർട്ടിയും ടിബറ്റൻ ജനതയെ ബോധവത്ക്കരിക്കുന്നത്.
നൂറ്റാണ്ടുകളായി മതാധിഷ്ഠിത സമൂഹത്തിന്റെ ഭാഗമായി ആത്മീയാചാര്യനിലും പുനർജന്മത്തിലും വിശ്വസിച്ചു ജീവിക്കുന്ന ജനതയുടെ ‘മാനസികനില' നിയന്ത്രിക്കാനാണു ശ്രമിക്കുന്നതെന്നാണ് ചൈനീസ് അധികൃതരുടെ വിശദീകരണം. പാവപ്പെട്ടവർക്ക് സർക്കാർ സൗജന്യമായി അനുവദിക്കുന്ന വീട്ടിൽ ബുദ്ധ പ്രാർത്ഥനയ്ക്കായി പ്രത്യേക മുറി ഒരുക്കാൻ അനുവാദമില്ല. കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് ഔദാര്യം പറ്റുന്നവർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന വാദമാണ് അധികൃതർ ഉന്നയിക്കുന്നത്. പ്രാർത്ഥനയ്ക്കായി ഒരു മുറി മാറ്റിവയ്ക്കുമ്പോൾ കുടുംബത്തിലെ രണ്ട് കുട്ടികൾ ഒരു മുറിയിലേക്കു ചുരുങ്ങേണ്ടിവരും. അതു കുട്ടികളുടെ ആരോഗ്യപരമായ വികാസത്തിനു നല്ലതല്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ദാരിദ്ര്യ നിർമ്മാർജന പദ്ധതിയുടെ ഗുണഭോക്താക്കളോടും മതപരമായ കാര്യങ്ങൾക്കു പണം ചെലവഴിക്കരുതെന്ന നിർദ്ദേശമാണു നൽകിയിരിക്കുന്നത്. വരുമാനം വർധിക്കുന്ന തരത്തിൽ നിക്ഷേപം നടത്താനാണ് ഇവരെ ഉപദേശിക്കുന്നത്. പത്തുവർഷം മുമ്പു വരെ മതപരമായ വിഷയങ്ങളിൽ മത്സരിച്ചിരുന്നവർ ഇപ്പോൾ ദൗതികനേട്ടങ്ങളുടെ പേരിലാണു മത്സരിക്കുന്നതെന്നു ചൈനീസ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. തിബറ്റിലെ ഭൂരിപക്ഷം വീടുകളിലും ഉണ്ടായിരുന്ന ദലൈലാമയുടെ ചിത്രങ്ങൾ ഇപ്പോൾ നിരോധിച്ചിരിക്കുകയാണ്. പകരം ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്ങിന്റെ ചിത്രമാണ് കാണാൻ കഴിയുക. ദാരിദ്ര്യനിർമ്മാർജനത്തിന്റെ പേരിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി തിബറ്റിൽ മനുഷ്യാവകാശ ലംഘനമാണു നടത്തുന്നതെന്നു സന്നദ്ധ സംഘടനകൾ വിമർശനം ഉന്നയിക്കുന്നു.
മതപരവും ചിന്താപരവുമായി ജനതയുടെ സ്വാതന്ത്ര്യം ഹനിക്കുന്ന തരത്തിൽ ആളുകളുടെ ജീവിതശൈലി തന്നെ മാറ്റിമറിക്കുന്ന പ്രവർത്തനങ്ങളാണു നടക്കുന്നതെന്ന് ഹ്യൂമൻസ് റൈറ്റ്സ് വാച്ചിലെ മായാ വാങ് പറഞ്ഞു. തിബറ്റിലെ ആയിരക്കണക്കിന് ആളുകളെ മിലിറ്ററി മോഡൽ പരിശീലന കേന്ദ്രങ്ങളിലേക്കു ബലം പ്രയോഗിച്ചു കൊണ്ടുപോകുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തൊഴിൽപരിശീലനം നൽകുന്നതിനു വേണ്ടിയാണിതെന്നാണ് ചൈനയുടെ വിശദീകരണം. എന്നാൽ ഇത്തരത്തിൽ തൊഴിൽ പരിശീലനം നേടുന്നവരെ പിന്നീട് അന്വേഷിച്ചു കണ്ടെത്തുകയെന്നതു ബുദ്ധിമുട്ടേറിയ കാര്യമാണെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കുറഞ്ഞ കൂലിക്കു പണിയെടുക്കാനുള്ള റിക്രൂട്ട്മെന്റാണു നടക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
ടിബറ്റിന്റെ ചരിത്രാരംഭം മുതലേ അവർ ചൈനയുമായി തർക്കത്തിലായിരുന്നു. ടിബറ്റുകാരുടെ മതാധ്യക്ഷനായിരുന്ന ദലൈലാമ രാജ്യത്തിന്റെ ഭരണത്തലവനായത് 1640-കളിലായിരുന്നു. 1940-ൽ ഇന്ത്യയിലെ ബ്രിട്ടീഷുകാർ ടിബറ്റ് ആക്രമിക്കുകയും തുടർന്ന് ടിബറ്റുമായി സഖ്യമുണ്ടാക്കി 1904-ൽ തിരിച്ചുപോവുകയും ചെയ്തു. ഈ സന്ധി ബ്രിട്ടീഷുകാർ ടിബറ്റിനെ അംഗീകരിച്ചതിന്റെ തെളിവായി ചൂണ്ടികാണിക്കപ്പെടുന്നു. 1912ൽ പതിമൂന്നാമത്തെ ദലൈലാമ ടിബറ്റിലെ ചൈനാപ്പട്ടാളക്കാരെ മുഴുവൻ പുറത്താക്കി ടിബറ്റിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 1949 വരെ ഈ നില തുടർന്നു. ടെൻസിൻ ഗ്യാറ്റ്സോ അധികാരമേൽക്കുമ്പോഴും ഈ അവസ്ഥ തുടരുകയായിരുന്നു. എന്നാൽ അധികം താമസിയാതെ അദ്ദേഹത്തിന് രാജ്യത്ത് നിന്നും പലായനം ചെയ്യേണ്ടിവന്നു.
ടിബറ്റൻ ബുദ്ധ വിശ്വാസപ്രകാരം ദലൈലാമയുടെ ആത്മാവ് മരണശേഷം മറ്റൊരു കുട്ടിയിലൂടെ പുനർ ജനിക്കും. 1935ൽ ജനിച്ച ഇപ്പോഴത്തെ ദലൈലാമയെ അദ്ദേഹത്തിന്റെ രണ്ടാമത്തെ വയസിലാണ് പുനരവതാരമായി കണ്ടെത്തിയത്. 1959ൽ ഇന്ത്യയിൽ അഭയാർത്ഥിയായെത്തിയ ദലൈലാമ 60 വർഷമായി രാജ്യത്താണ് കഴിയുന്നത്. 1950ൽ ടിബറ്റിന്റെ നിയന്ത്രണമേറ്റെടുത്തിന് ശേഷം 83കാരനായ ദലൈലാമയെ ചൈന വിഘടനവാദിയായണ് കാണുന്നത്. വടക്ക് കിഴക്കൻ ടിബറ്റിലെ താക്റ്റ്സെർ എന്ന കർഷക ഗ്രാമത്തിൽ 1935 ജൂലൈ 6-നായിരുന്നു ഗ്യാറ്റ്സോയുടെ ജനനം.
മരണശേഷം തന്റെ പിന്മഗാമി ഇന്ത്യയിൽ നിന്നാവാമെന്ന് പതിനാലാമത് ദലൈലാമയായ ടെൻസിൻ ഗ്യാറ്റ്സോ നേരത്തേ വ്യക്തമാക്കിയിരുന്നു. ചൈന നിശ്ചയിക്കുന്ന പിൻഗാമിയെ അംഗീകരിക്കില്ലെന്നും ലാമ പറഞ്ഞിരുന്നു. ''ദലൈലാമയുടെ പുനരവതാരാത്തെ ചൈന വളരെ പ്രധാന്യത്തോടെയാണ് കാണുന്നത്. എന്നേക്കാൾ അടുത്ത ദലൈലാമയാണ് ചൈനയെ ആശങ്കപ്പെടുത്തുന്നത്. ഭാവിയിൽ നിങ്ങൾ രണ്ട് ദലൈലാമമാർ ഉണ്ടാവുകയാണെങ്കിൽ അതിൽ ഒരാൾ ഇവിടെ നിന്നും മറ്റൊന്ന് ചൈന തെരഞ്ഞെടുത്തതും, ചൈനയുടെ പ്രതിനിധിയെ ആരും വിശ്വസിക്കുകയില്ല. ചൈനയ്ക്ക് അതൊരു അധിക പ്രശ്നമാവും. അങ്ങനെ സംഭവിക്കാൻ സാധ്യതയുണ്ട്. ''- ദലൈലാമ പറഞ്ഞിരുന്നു.
പതിനഞ്ചാമത് ദലൈലാമയെ തെരഞ്ഞെടുക്കുന്നതിൽ ഇന്ത്യ ഇടപെടരുതെന്ന് ഇതോടെ ചൈന മുന്നറിയിപ്പും നൽകിയിരുന്നു. ദലൈലാമയുടെ തെരഞ്ഞെടുപ്പ് ചൈനയുടെ ആഭ്യന്തരകാര്യമാണെന്നാണ് ചൈന വ്യക്തമാക്കുന്നത്. ഇക്കാര്യം ചൈനയ്ക്കുള്ളിൽ തന്നെ തീരുമാനിക്കേണ്ടതുണ്ട്. വിഷയത്തിൽ ഇന്ത്യ നടത്തുന്ന ഇടപെടലുകൾ ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നും ചൈനീസ് അധികൃതർ അറിയിച്ചു. ദലൈലാമയുടെ പുനർജന്മത്തിന് ചൈനീസ് സർക്കാർ അംഗീകാരം നൽകണമെന്നും 200 വർഷമായി തുടരുന്ന രീതിയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് രാജ്യത്തിനുള്ളിൽ നടക്കണമെന്നും ചൈനീസ് മുതിർന്ന ഉദ്യോഗസ്ഥരും വിദഗ്ധരും പറഞ്ഞു.
'ദലൈലാമയുടെ പുനർജന്മം ചരിത്രപരവും മതപരവും രാഷ്ട്രീയവുമായ വിഷയമാണ്. ദലൈലാമയുടെ പുനർജന്മത്തിനായി സ്ഥാപിതമായ ചരിത്ര സ്ഥാപനങ്ങളും ഔപചാരികതകളും ഉണ്ട്,' ടിബറ്റിലെ ഉപമന്ത്രി പദവിയിലുള്ള ഒരു ഉദ്യോഗസ്ഥനായ വാങ് നെങ് ഷെങ് ഇന്ത്യയിൽ നിന്നുള്ള മാധ്യമ സംഘത്തോട് പറഞ്ഞു.
ദലൈലാമയുടെ പുനർജന്മം തീരുമാനിക്കുന്നത് വ്യക്തിപരമായ ആഗ്രഹത്താലോ മറ്റ് രാജ്യങ്ങളിൽ താമസിക്കുന്ന ചില ആളുകളോ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ ദലൈലാമയെ ബീജിങ് അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പിൻഗാമിയെ ചൈനയ്ക്കുള്ളിലെ നറുക്കെടുപ്പിലൂടെ കണ്ടെത്തണമെന്നും ടിബറ്റ് സ്വയംഭരണ മേഖലയിലെ ഡയറക്ടർ ജനറൽ ജനറൽ വാങ് പറഞ്ഞു. ചൈനയിൽ തിരഞ്ഞെടുക്കപ്പെടുന്ന അടുത്ത ദലൈലാമയെ അംഗീകരിക്കാൻ ഇന്ത്യ വിസമ്മതിക്കുന്നത് ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് ചൈന ടിബറ്റോളജി റിസർച്ച് സെന്ററിലെ ഡയറക്ടർ സാ ലുവോയും പറയുന്നു.
മറുനാടന് ഡെസ്ക്