കൊൽക്കത്ത: മൂന്നാം ട്വന്റി 20 മത്സരത്തിൽ ന്യൂസീലൻഡിനെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മികച്ച തുടക്കം. നായകൻ രോഹിത് ശർമയും ഇഷാൻ കിഷനുമാണ് ഇന്നിങ്‌സ് ഓപ്പൺ ചെയ്ത്. ആദ്യ മൂന്ന് ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 29 ഇന്ത്യ റൺസ് എന്ന നിലയിലാണ്.

പരമ്പരയിലെ മൂന്നാം മത്സരത്തിലും രോഹിത് ടോസ് ജയിച്ചു. ഇന്ത്യ രണ്ട് മാറ്റങ്ങളുമായാണ് ഇന്ന് കളിക്കുന്നത്. കെ.എൽ.രാഹുൽ, രവിചന്ദ്ര അശ്വിൻ എന്നിവർക്ക് പകരം ഇഷാൻ കിഷൻ, യൂസ്വേന്ദ്ര ചാഹൽ എന്നിവർ ടീമിലിടം നേടി. ടിം സൗത്തിയുടെ അഭാവത്തിൽ ന്യൂസീലൻഡിനെ മിച്ചൽ സാന്റ്നറാണ് നയിക്കുന്നത്.സൗത്തിക്ക് പകരം ലോക്കി ഫെർഗൂസൻ ടീമിലിടം നേടി.

സ്ഥിരം ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത് ശർമയുടെയും പരിശീലകനായി രാഹുൽ ദ്രാവിഡിന്റെയും തുടക്കം ഗംഭീരമായി. ന്യൂസീലൻഡിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു.

ആദ്യ മത്സരത്തിൽ അഞ്ചു വിക്കറ്റിനും വെള്ളിയാഴ്ച ഏഴു വിക്കറ്റിനും ന്യൂസീലൻഡിനെ മറികടന്ന ഇന്ത്യയുടെ പ്രകടനം ഏറക്കുറെ തൃപ്തികരമായിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മേധാവിത്തം പുലർത്താനായി. ഇന്ത്യയുടെ മുൻനിരയിൽ രോഹിത് ശർമയും കെ.എൽ. രാഹുലും ഉജ്ജ്വല ഫോമിൽ. ഋഷഭ് പന്ത്, സൂര്യകുമാർ യാദവ് എന്നിവരും തിളങ്ങി.

അവസാന മത്സരം വിജയിച്ച് നാണക്കേട് ഒഴിവാക്കാനാണ് ന്യൂസീലൻഡ് ശ്രമിക്കുക. ആദ്യ രണ്ട് മത്സരങ്ങളിലും വേണ്ടത്ര മികവ് പുലർത്താൻ ട്വന്റി 20 ലോകകപ്പ് ഫൈനലിസ്റ്റുകളായ കിവീസിന് സാധിച്ചിരുന്നില്ല.