- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
സർദാർ വല്ലഭായ് പട്ടേലിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ക്ഷീരകർഷക സംഘം; ഡോ. വർഗീസ് കുര്യൻ എത്തിയതോടെ തലവര മാറി; ലോകത്ത് ആദ്യമായി എരുമപ്പാൽ സംസ്കരിച്ച് ക്ഷീരോദ്പന്നങ്ങൾ നിർമ്മിച്ചു; ഇന്ന് 25-ൽ അധികം രാജ്യങ്ങളിലെ വിപണിയിൽ സജീവ സാന്നിദ്ധ്യം; ലക്ഷദ്വീപ് വിഷയത്തിൽ ബഹിഷ്ക്കരണം നേരിടുന്ന ലോക മറിയുന്ന ഇന്ത്യൻ ബ്രാൻഡ് അമൂലിന്റെ വിശേഷങ്ങൾ
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാരങ്ങൾ വിവാദമായതോടെ അതിനൊപ്പം ഉയർന്നുവന്ന ഒരു പേരാണ് അമൂൽ എന്നത്. കഴിഞ്ഞ അരനൂറ്റാണ്ടിലേറെക്കാലമായി ഇന്ത്യൻ ജീവിതവുമായി ഇഴുകിച്ചേർന്ന് കിടക്കുന്ന അമൂൽ ഇന്നൊരു ആഗോള ബ്രാൻഡാണ്. അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും ഉൾപ്പടെ പല വികസിത രാജ്യങ്ങളിലേയും ഏറ്റവും വലിയ സൂപ്പർമാർക്കറ്റുകളിൽ പോലും ഒഴിവാക്കാനാകാത്ത ഒന്നായി മാറിയിട്ടുണ്ട് അമൂൽ എന്ന പേര്. അത്തരമൊരു ബ്രാൻഡാണ് കേവലം 70,000-ൽ താഴെ മാത്രം ജനങ്ങൾ അധിവസിക്കുന്നിടത്തെ, അത്രയധികം സമ്പന്നമല്ലാത്ത ഒരു വിപണി പിടിച്ചെടുക്കാൻ അനാവശ്യ സ്വാധീനങ്ങൾ ഉപയോഗിക്കുന്നു എന്ന പഴി കേൾക്കുന്നത്.
ലക്ഷദ്വീപിലെ ഡയറിഫാമുകൾ അടച്ചുപൂട്ടിയത് അമൂലിന്റെ വില്പന വർദ്ധിപ്പിക്കുവാൻ വേണ്ടിയാണത്രെ! അതുകാരണം തൊഴിൽ നഷ്ടപ്പെട്ടവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അമൂൽ ഉദ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ഇറങ്ങിയിരിക്കുകയാണ് കുറച്ചുപേർ സമൂഹ മാധ്യമങ്ങളിൽ. കുളത്തോട് പിണങ്ങി കുളികാതിരുന്നാൽ ദേഹം നാറുമെന്നല്ലാതെ കുളത്തിനൊന്നും സംഭവിക്കുകയില്ല എന്ന് ഇക്കൂട്ടരെ ഓർമ്മിപ്പിക്കുന്നതോടൊപ്പം അമൂൽ എന്ന ആഗോള ഇന്ത്യൻ ബ്രാൻഡിന്റെ വിശേഷങ്ങളും അറിയാം
അമൂലിന്റെ പിറവി
വേണമെങ്കിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഒരു ഭാഗമായിരുന്നു അമൂലിന്റെ പിറവി എന്നുതന്നെ പറയാം. അക്കാലത്ത് ഗുജറാത്ത് എന്ന സംസ്ഥാനം ഇല്ലായിരുന്നു. ഇന്നത്തെ ഗുജറാത്ത് അന്ന് ബോംബെ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. ബോംബെ സർക്കാർ നടപ്പിലാക്കിയ ബോംബെ ക്ഷീര പദ്ധതിയിലേക്ക് പാൽ കൂടുതലായി നൽകിയിരുന്നത് ഇന്നത്തെ ഗുജറാത്ത് സംസ്ഥാനത്തിലെ കൈറാ ജില്ലയിലെ ക്ഷീരകർഷകരായിരുന്നു.
കൈറയിൽ നിന്നും ഏകദേശം 472 കി. മീ ദൂരെയുള്ള ബോംബെ നഗരത്തിലായിരുന്നു പാൽ എത്തിക്കേണ്ടിയിരുന്നത്. അതായത് പാൽ സംസ്കരിക്കാതെ കൊണ്ടുപോകാനാകില്ലെന്ന് ചുരുക്കം. ഇതിനായി അന്ന് കൈറ ജില്ലയിലെ ആനന്ദിൽ ഒരു പോൾസൺസ് ഡയറി ലിമിറ്റഡ് എന്നൊരു കോർപ്പറേറ്റ് സ്ഥാപനമുണ്ടായിരുന്നു. ഇവർ കുറഞ്ഞ വിലയ്ക്ക് ക്ഷീര കർഷകരിൽ നിന്നും പാൽ സംഭരിച്ച് അത് സംസ്കരണം ചെയ്ത് സർക്കാർ നിശ്ചയിച്ച തുകയ്ക്ക് ബോംബെ ക്ഷീര പദ്ധതിക്ക് നൽകുകയായിരുന്നു പതിവ്.
ഈ പദ്ധതിയിൽ ഉൾപ്പെട്ടിരുന്ന പോൾസൺസിനും, ബോംബെ സർക്കാരിനുമൊക്കെ ഏറെ ലാഭം ലഭിച്ചിരുന്ന ഈ ഇടപാടിൽ കാര്യമായ ഗുണമൊന്നും ലഭിക്കാത്തവർ ക്ഷീരകർഷകർ മാത്രമായിരുന്നു. അന്ന്, സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കർഷക പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന സർദാർ വല്ലഭായ് പട്ടേലിനെ കൈറയിലെ ക്ഷീര കർഷകർ സമീപിച്ച് തങ്ങളുടെ അവസ്ഥ ബോദ്ധ്യപ്പെടുത്തി.
അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം,അമ്പതിൽ താഴെ കർഷകർ ഒത്തുചേർന്ന് ഒരു സഹകരണ സംഘം രൂപീകരിക്കുകയും അതിന്റെ പേരിൽ ഒരു പാൽ സംസ്കരണ യൂണിറ്റ് ആരംഭിക്കുകയും ചെയ്തു. പിന്നീട് ഇവർ നേരിട്ട് ബോംബെ ക്ഷീരപദ്ധതിക്ക് പാൽ നൽകാൻ ആരംഭിച്ചു. 1942 -ൽ അമ്പതിൽ താഴെ അംഗങ്ങളുമായി കൈറ ജില്ലയിലെ ആനന്ദ് ആസ്ഥാനമായി രൂപീകരിച്ച കൈറ ജില്ലാ സഹകരണ ക്ഷീരകർഷക യൂണീയൻ ലിമിറ്റഡ് എന്ന സംഘത്തിൽ 1948 ആയപ്പോഴേക്കും 432 അംഗങ്ങളായി.
അപ്പോഴേക്കും സംഘത്തിന്റെ പാലുൽപാദനം വളരെയധികം വർദ്ധിച്ചിരുന്നു. ബോംബെ ക്ഷീര പദ്ധതിക്ക് ആവശ്യമായതിലും അധികം പാൽ ഉൽപാദിപ്പിക്കാൻ തുടങ്ങിയതോടെയാണ്, ക്ഷീര ഉദ്പന്നങ്ങളായ വെണ്ണ, നെയ്യ് തുടങ്ങിയവ ഉദ്പാദിപ്പിക്കാനുള്ള രണ്ട് കേന്ദ്രങ്ങൾ ആനന്ദിൽ തന്നെ തുടങ്ങുന്നത്. ഇതോടൊപ്പം പാൽപ്പൊടി നിർമ്മാണവും ആരംഭിച്ചു. അധികം വരുന്ന പാൽ കേടാകാതെ ഉപയോഗിക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം.
1946-ൽ ആയിരുന്നു ഇത് ഒരു സഹകരണ സംഘമായി റെജിസ്റ്റർ ചെയ്യുന്നത്. ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് എന്ന ഈ സഹകരണ സംഘത്തിൽ ഗുജറാത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 36 ലക്ഷം ക്ഷീരകർഷകർ അംഗങ്ങളാണ്. ഗുജറാത്തിലെ 13,000 ഗ്രാമങ്ങളിലെ ക്ഷീരകർഷകരെ പ്രതിനിധാനം ചെയ്യുന്ന 13 ജില്ലാ ക്ഷീര ഉദ്പാദക യൂണിയനുകളാണ് ഇതിന്റെ ഭരണം നിർവ്വഹിക്കുന്നത്.
അമൂലിന്റെ ശില്പി വർഗ്ഗീസ് കുര്യന്റെ വരവ്
സർദാർ പട്ടേലിന്റെ നിർദ്ദേശം അനുസരിച്ച് ത്രിഭുവൻ ദാസ് പട്ടേലായിരുന്നു ഇതിന്റെ സ്ഥാപക ചെയർമാൻ ആയിരുന്നത്. എഴുപതുകളുടെ മദ്ധ്യം വരെ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു. ഇദ്ദേഹമാണ് 1949-ൽ ഡോ.. വർഗീസ് കുര്യൻ എന്ന ഭാവനാസമ്പന്നനായ ഉദ്യോഗസ്ഥനെ ഈ ക്ഷീര സഹകരണ സംഘത്തിലേക്ക് ക്ഷണിക്കുന്നത്. അത് ഒരു യുഗത്തിന്റെ ആരംഭമായിരുന്നു. ഇന്ത്യൻ ധവള വിപ്ലവത്തിന്റെ തന്നെ പ്രതീകമായി തലയുയർത്തി നിൽക്കുന്ന അമൂൽ എന്ന ഉദ്പന്നത്തിന്റെ പിറവികാലം കൂടിയായിരുന്നു അത്.
ഇന്ത്യയുടെ പാൽക്കാരൻ എന്നറിയപ്പെടുന്ന ഡോ. വർഗീസ് കുര്യൻ എന്ന മനുഷ്യൻ തന്നെയാണ് അക്ഷരാർത്ഥത്തിൽ അമൂലിന്റെ ശില്പി. (ഒരു മലയാളിയായ ഈ അതുല്യ പ്രതിഭയ്ക്ക് തന്റെ സേവനം കേരളത്തിന് നൽകാൻ കഴിയാതെവന്ന സാഹചര്യങ്ങൾ എന്തായാലും ഇവിടെ പരാമർശിക്കുന്നില്ല) സർക്കാർ ഉദ്യോഗസ്ഥനായ വർഗീസ് കുര്യൻ സർക്കാരിന്റെ പ്രതിനിധിയായാണ് സഹകരണ സംഘത്തിലെത്തുന്നത്. എന്നാൽ, കേടായ യന്ത്രങ്ങൾ റിപ്പയർ ചെയ്യുന്നത് മുതൽ, പുതിയ വ്യാപാര നയങ്ങൾ രൂപീകരിക്കുന്നതുവരെ സംഘത്തിന്റെ മുഴുവൻ കാര്യങ്ങളിലും സജീവമായ ഇടപെടലുകളായിരുന്നു വർഗീസ് കുര്യൻ നടത്തിയത്.
1955 ആയപ്പോഴേക്കും നവീകരിച്ച യന്ത്രസാമഗ്രികളുമായി പുതിയ സംസ്കരണപ്ലാന്റുകൾ നിലവിൽ വന്നു. അതേവർഷം തന്നെയാണ് ഡയറി ടെക്നോളജിയിൽ ഒരു പുതിയ സംഭവത്തിന് ഈ സഹകരണസംഘം സാക്ഷ്യം വഹിച്ചത്. ലോകത്തിലാദ്യമായി എരുമപ്പാല് സംസ്കരിച്ച് ക്ഷീരോദ്പന്നങ്ങൾ ഉണ്ടാക്കിയത് അന്ന് ഒരു മഹാസംഭവം തന്നെയായിരുന്നു. തുടർന്നാണ് ഉദ്പന്നങ്ങൾ വിൽക്കുവാൻ ഒരു ബ്രാൻഡ് നെയിം തെരഞ്ഞെടുക്കുന്നത്. അമൂല്യമായത് എന്നർത്ഥം വരുന്ന അമൂൽ എന്ന പേര് നിർദ്ദേശിക്കപ്പെട്ടു. സഹകരണസംഘം ആദ്യമായി രൂപീകരിച്ച ആനന്ദ് മില്ക്ക് യൂണിയൻ ലിമിറ്റഡ് എന്നതിന്റെ ചുരുക്കപ്പേരുകൂടിയായി അത്.
ത്രിഭുവൻ ദാസ് പട്ടേലിന്റെ മരണശേഷം കുര്യൻ സംഘത്തിന്റെ ചെയർമാനായി നിയമിക്കപ്പെട്ടു. അധികാരം ലഭിച്ചപ്പോൾ സംഘത്തെ മുഴുവൻ കൈപ്പിടിയിൽ ഒതുക്കാനായിരുന്നില്ല ആ മഹാനായ വ്യക്തി ശ്രമിച്ചത്. മറിച്ച് അധികാരം താഴേത്തട്ടിലേക്ക് എത്തിക്കുകയായിരുന്നു. ഉദ്പാദനം മുതൽ ഗുണമേന്മ നിയന്ത്രണം വരെയുള്ള കാര്യങ്ങളുടെ ചുമതല താഴേ തട്ടിലുള്ള ക്ഷീരകർഷക യൂണിയനുകൾക്ക് നൽകുക മാത്രമല്ല, അതിനുവേണ്ട സാങ്കേതിക വിദ്യയും ഉപകരണങ്ങളും അവർക്ക് ലഭ്യമാക്കി. വിവിധ ഉദ്പന്നങ്ങളുടെ വിപണനം മാത്രം അമൂൽ എന്ന പേരിന്റെ കീഴിൽ കേന്ദ്രീകൃതമാക്കി.
ദി ടേസ്റ്റ് ഓഫ് ഇന്ത്യ
1994-ൽ മുംബൈ ആസ്ഥാനമായ അഡ്വെർടൈസിങ് ആൻഡ് സെയിൽസ് പ്രമോഷൻ (എ എസ് പി) എന്ന പരസ്യകമ്പനിയിലെ കണ്ണൻ കൃഷ്ണ എന്ന വ്യക്തിയാണ് ഇന്ന് അമൂലിന്റെ ലോഗോയ്ക്കൊപ്പമുള്ള ടേസ്റ്റ് ഓഫ് ഇന്ത്യ എന്ന മുദ്രാവാക്യം ഉണ്ടാക്കിയത്. എന്നാൽ അത് കേവലം ഒരു വില്പന തന്ത്രം മാത്രമായിരുന്നില്ല. സത്യത്തിൽ ആരംഭം മുതൽ തന്നെ അമൂൽ നിലനിർത്തിയിരുന്ന ഒരുകാര്യം അതിന്റെ ഉദ്പന്നങ്ങളിലെ ഇന്ത്യൻ ഗ്രമീണ രുചി ആയിരുന്നു.
ഇത് ഔദ്യോഗിക മുദ്രവാക്യമായി സ്വീകരിച്ചതോടെ ഇന്ത്യൻ പരമ്പരാഗത രുചി കാത്തുസൂക്ഷിക്കുക എന്നത് അമൂലിന്റെ ഒരു ബാദ്ധ്യത തന്നെ ആയിത്തീർന്നു. അത് അവർ ഇന്നും കാര്യക്ഷമതയോടെ നിർവ്വഹിക്കുന്നു. പിന്നീട് 1996-ൽ ആയിരുന്നു പരസ്യങ്ങളിലെ മുഖമായ ബട്ടർ ഗേൾ പ്രത്യക്ഷപ്പെടുന്നത്. വിപണന രംഗത്ത് തന്റേതായ കഴിവുതെളിയിച്ച വർഗീസ് കുര്യൻ പരസ്യങ്ങൾക്കുള്ള പൂർണ്ണ ഉത്തരവാദിത്തം പരസ്യകമ്പനിക്ക് നൽകുകയായിരുന്നു.
തികച്ചും സ്വതന്ത്രമായ ഭാവനയ്ക്ക് ചിറകുവിരിച്ച് പറക്കാൻ അവസരം ലഭിച്ചതോടെ രാഷ്ട്രീയ-സാമൂഹിക-കല-സാംസ്കാരിക സംഭവങ്ങൾ കൂട്ടിച്ചേർത്തുള്ള അമൂൽ പരസ്യങ്ങൾ ജനശ്രദ്ധയാകർഷിക്കാൻ തുടങ്ങി. ഇന്ത്യയുടെ സ്വാദ് മാത്രമല്ല, മനോഗതവും അങ്ങനെ അമൂലിലൂടെ വെളിപ്പെടാൻ തുടങ്ങി. കേവലം ഒരു ഉദ്പന്ന ബ്രാൻഡ് എന്നതിലുപരി ഇന്ത്യൻ സമൂഹത്തിന്റെ പരിച്ഛേദമായി മാറി അമൂൽ.
അമൂൽ കയറ്റുമതി ആരംഭിക്കുന്നു
ഇന്ത്യൻ ക്ഷീരോദ്പന്ന വിപണിയിൽ എതിരാളികൾ ഇല്ലാത്ത സാഹചര്യം സൃഷ്ടിച്ചതിനു ശേഷമാണ് അമൂൽ വിദേശ വിപണിയെ ഉന്നം വച്ചത്. 13 വർഷം മുൻപായിരുന്നു അമൂൽ തങ്ങളുടെ ഉദ്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ ആരംഭിച്ചത്. ആദ്യമാദ്യം വിദേശ ഇന്ത്യാക്കാരെ ലക്ഷ്യം വച്ച് നടത്തിയ ശ്രമങ്ങൾ പിന്നീട് പല വിദേശവിപണികളും കീഴടക്കുന്നതിൽ എത്തിച്ചേർന്നു. ഇന്ന് 20 ൽ അധികം ക്ഷീരോദ്പന്നങ്ങൾ 25-ൽ അധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട് ഈ കർഷക കൂട്ടായ്മ.
ഇന്ന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും ഉൾപ്പടെ പല വികസിത രാജ്യങ്ങളിലേയും പ്രധാന സൂപ്പർമാർക്കറ്റുകളിൽ ഒഴിവാക്കാൻ ആകാത്ത ഒരു ബ്രാൻഡ് നെയിം ആയി മാറിയിരിക്കുന്നു അമൂൽ എന്നത്. പലയിടങ്ങളിലുംക്ഷീരോദ്പന്നങ്ങൾക്ക് ഉപഭോക്താക്കൾ ആദ്യം പരിഗണിക്കുന്ന പേരായി മാറിയിരിക്കുകയാണ് അമൂൽ. കോവിഡ് പ്രതിസന്ധി രൂക്ഷമായി പല രാജ്യങ്ങളും ലോക്ക്ഡൗൺ ആയിരുന്ന കഴിഞ്ഞ വർഷം പോലും 1,214 കോടി രൂപയുടെ കയറ്റുമതിയാണ് അമൂൽ ചെയ്തത്. അഭ്യന്തര വിപണിയിൽ അമൂലിന്റെ 2019-2020 വർഷത്തെ മൊത്തം വിറ്റുവരവ് 38,542 കോടി രൂപയാണ്. തൊട്ടുമുൻപത്തെ വർഷത്തേക്കാൾ 17 ശതമാനത്തിന്റെ വർദ്ധനയാണ് ഇക്കാര്യത്തിൽ അമൂൽ കൈവരിച്ചത്.
ലക്ഷദ്വീപ് വിവാദവും അമൂലും
ലക്ഷദ്വീപിൽ ഡയറി ഫാമുകൾ അടച്ചുപൂട്ടിയത് അമൂലിന് വിപണി പിടിച്ചെടുക്കാനാണ് എന്നൊരു വാദമാണ് അമൂൽ ഉദ്പന്നങ്ങൾ ബഹിഷ്കരിക്കുന്നതിന് കാരണമായി പറയുന്നത്. ഇവിടെയാണ് നമ്മൾ അല്പം ബുദ്ധിപൂർവ്വം ചിന്തിക്കേണ്ടത്. ലക്ഷദ്വീപിലെ ആകെ ജനസംഖ്യ 70,000- ൽ താഴെ മാത്രമാണ്. മാത്രമല്ല, അതീവ സമ്പന്നരായ ജനങ്ങളൊന്നുമല്ല അവിടത്തെ താമസക്കാർ. മത്സ്യബന്ധനമാണ് പ്രധാന വരുമാന മാർഗ്ഗം. അതുപോലെ സർക്കാർ ഉദ്യോഗവും ഉണ്ട്. അതായത് അപ്പർ മിഡിൽ ക്ലാസ്സ് എന്ന് വിശേഷിപ്പിക്കാവുന്ന വിഭാഗത്തിൽ ഉൾപ്പെടുന്നവർ തന്നെ വളരെ കുറവാണ് എന്നർത്ഥം.
അത്തരത്തിലുള്ള ഒരു വിപണിയിൽ നിന്നും എത്രമാത്രം വ്യാപാരം ഉണ്ടാക്കാനാകും എന്ന് ചിന്തിക്കുവാൻ ബിസിനസ്സ് മാനേജ്മെന്റിൽ ബിരുദമൊന്നും ആവശ്യമില്ല. 39,000 കോടി രൂപയുടെ അടുത്ത് വിറ്റുവരവുള്ള ഒരു സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം തീർത്തും നിസ്സാരമായ ഒരു ടേൺ ഓവർ മാത്രമായിരിക്കും ലക്ഷദ്വീപ് പോലുള്ള ഒരു വിപണിയിൽ നിന്നും അവർക്ക് ലഭിക്കുക. ഇതിനായി അവർ ഉന്നതകേന്ദ്രങ്ങളിൽ സമ്മർദ്ദംചെലുത്തുമെന്ന് വിശ്വസിക്കുവാൻ പ്രയാസമുണ്ട്. കാര്യമായ എന്തെങ്കിലും ഗുണങ്ങളില്ലാതെ ആരും ഉന്നതങ്ങളിൽ സ്വാധീനം ചെലുത്താറില്ല.
അമൂൽ എന്നത് ഒരു സഹകരണ പ്രസ്ഥാനമാണ്. പല രാഷ്ട്രീയങ്ങളിൽ വിശ്വസിക്കുന്നവർ അതിലുണ്ടെങ്കിലും തെരഞ്ഞെടുപ്പു പ്രക്രിയ ഒരിക്കലും രാഷ്ട്രീയത്തിൽ ഊന്നിയുള്ളതല്ല. ക്ഷീരകർഷകരുടെ ക്ഷേമം മാത്രം നോക്കുന്ന, ഒപ്പമുപഭോക്താക്കളോട് സാമൂഹിക ബാദ്ധ്യത പാലിക്കുന്ന ഉയർന്ന നൈതികത പുലർത്തുന്ന ഒന്നാണ് അമൂൽ എന്ന് ഇതിനോടകം തന്നെ തെളിയിച്ചിട്ടുമുണ്ട്. ഇങ്ങനെയുള്ള അമൂലിനെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നതിന്റെ ലക്ഷ്യം ഏതായാലും അത്ര നല്ലതാകാൻ വഴിയില്ല.