ന്യൂഡൽഹി: മുൻ രാഷ്ട്രപതി ഗ്യാനി സെയിൽ സിങ്ങിന്റെ ചെറുമകൻ ഇന്ദർജീത് സിങ് ബിജെപിയിൽ. കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയാണ് ഇന്ദർജീതിന് പാർട്ടി അംഗത്വം നൽകിയത്. ബിജെപിയിൽ ചേർന്നതിലൂടെ മുത്തച്ഛന്റെ ആഗ്രഹമാണ് നിറവേറ്റിയതെന്ന് ഇന്ദർജീത് പ്രതികരിച്ചു.

''മുത്തച്ഛനോട് കോൺഗ്രസ് നല്ല രീതിയിലല്ല പെരുമാറിയത്. മദൻ ലാൽ ഖുറാനയുടെ കാലത്ത് ഞാൻ ബിജെപിക്ക് വേണ്ടി ഡൽഹിയിൽ പ്രചരണത്തിനിറങ്ങിയിട്ടുണ്ട്. ഞാൻ ബിജെപിയിൽ ചേരണമെന്നായിരുന്നു മുത്തച്ഛന്റെ ആഗ്രഹം. അദ്ദേഹമാണ് എന്നെ അടൽ ബിഹാരി വാജ്‌പേയ്, ലാൽ കൃഷ്ണ അദ്വാനി എന്നിവർക്ക് പരിചയപ്പെടുത്തിയത്'' - ഇന്ദർജീത് പാർട്ടി വേദിയിൽ പറഞ്ഞു.

പഞ്ചാബിലെ ജനഹൃദയങ്ങളിൽ ബിജെപിക്ക് സ്ഥാനമുണ്ടെന്നാണ് ഇതിലൂടെ തെളിയുന്നതെന്ന് ഇന്ദർജീതിനെ സ്വാഗതം ചെയ്ത് പഞ്ചാബിന്റെ ചുമതല വഹിക്കുന്ന ബിജെപി ജനറൽ സെക്രട്ടറി ദുഷ്യന്ത് ഗൗതം പറഞ്ഞു.

ഒബിസി വിഭാഗത്തിലുള്ള രാംഗാർഹിയ എന്ന സിഖ് സമുദായത്തിൽ ഉൾപെടുന്നയാളാണ് ഇന്ദർജീത് സിങ്. പഞ്ചാബിലെ ദോബ, മാജാ പ്രദേശങ്ങളിൽ നിർണായക സ്വാധീനമുള്ള വിഭാഗമാണിത്. കർഷക സമരത്തിനു പിൻതുണയുമായി ശിരോമണി അകാലി ദൾ എൻഡിഎ വിട്ടതോടെ വരുന്ന പഞ്ചാബ് തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥിതി മോശമാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

പഞ്ചാബിലും ഹരിയാനയിലും മറ്റും കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസും കർഷകസംഘടനകളും നടത്തിയ സമരങ്ങളിൽ അകാലിദളും അണിചേർന്നിരുന്നു. ഇന്ദർജീത്തിനെപ്പോലുള്ളവരുടെ വരവ് സിഖ് സമുദായങ്ങളിൽ സ്വാധീനം ചെലുത്താനുള്ള ബിജെപി നീക്കത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.