- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അനധികൃതമായി കൈവശം വച്ചിരിക്കുന്ന സ്ഥലങ്ങൾ ഒഴിയണം; യുഎൻ രക്ഷാസമിതിയിൽ പാക്കിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ; കാശ്മീരിലേക്ക് യാത്ര വേണ്ടെന്ന് പൗരന്മാർക്ക് അമേരിക്കയുടെ നിർദ്ദേശം
ന്യൂഡൽഹി: യുഎൻ രക്ഷാസമിതിയിൽ പാക്കിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. കാശ്മീരിൽ പാക്കിസ്ഥാൻ അനധികൃതമായി കൈവശം വച്ചിരിക്കുന്ന സ്ഥലങ്ങൾ ഒഴിയണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.അന്താരാഷ്ട്ര സമാധാനത്തെ കുറിച്ചുള്ള ചർച്ചക്കിടെയായിരുന്നു പാക്കിസ്ഥാന് ഇന്ത്യ ശക്തമായ സന്ദേശം നൽകിയത്.
ജമ്മുകശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്, ഇവിടെ പാക്കിസ്ഥാൻ അനധികൃതമായി കൈവശം വച്ചിരിക്കുന്ന സ്ഥലങ്ങൾ ഒഴിയണമെന്നും ഇന്ത്യൻ പ്രതിനിധി ഡോ. കാജൽ ഭട്ട് ആവശ്യപ്പെട്ടു. ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾക്ക് നിർദ്ദേശം നൽകി. സാധാരണക്കാരെ ഭീകരർ ലക്ഷ്യമിടുന്നത് തടയാനായി കശ്മീരിൽ പ്രവർത്തന പരിചയമുള്ള എൻഐഎ അടക്കമുള്ള ഏജൻസികളിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തെയും നിയോഗിക്കും. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഭീകരരുടെ പ്രവർത്തനങ്ങൾ തടയുന്നതായുള്ള നടപടികളും ഇവർ സ്വീകരിക്കും.
കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ രണ്ട് വ്യവസായികൾ കൊല്ലപ്പെട്ട സാഹചര്യം യോഗത്തിൽ ചർച്ചയായെന്നാണ് വിവരം. അതേസമയം നിലവിലെ സാഹചര്യം കണക്കിലെടുത്ത് കശ്മീരിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്ക പൗരന്മാർക്ക് നിർദ്ദേശം നൽകി. ജമ്മുകശ്മീരിലേക്കും ഇന്ത്യ-പാക് അതിർത്തിയുടെ 10 കിലോമീറ്റർ ചുറ്റളവിലുമുള്ള സ്ഥലങ്ങളിലേക്കും നിലവിൽ യാത്ര ചെയ്യരുതെന്നാണ് പൗരന്മാർക്ക് അമേരിക്കയുടെ നിർദ്ദേശം. തിങ്കളാഴ്ചയാണ് അമേരിക്ക ലെവൽ ത്രീ അഡൈ്വസറി പുറത്തിറക്കിയത്.
മറുനാടന് മലയാളി ബ്യൂറോ