മെൽബൺ: ഇന്ത്യയ്‌ക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിൽ ഓസ്‌ട്രേലിയ 195 റൺസിന് പുറത്ത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിര ഇന്ത്യൻ ബോളിങ്ങിന് മുന്നിൽ തകർന്നടിയുകയായിരുന്നു. 132 പന്തിൽ 48 റൺസെടുന്ന മാർനസ് ലബുഷെയ്‌നാണ് ഓസിസിന്റെ ടോപ്‌സ്‌കോറർ. മാത്യു വേഡ് 39 പന്തിൽ 30 റൺസും ട്രാവിസ് ഹെഡ് 92 പന്തിൽ 38 റൺസുമെടുത്തു. നാലു വിക്കറ്റുകൾ വീഴ്‌ത്തിയ പേസർ ജസ്പ്രീത് ബുമ്രയുടേയും മൂന്ന് വിക്കറ്റെടുത്ത സ്പിന്നർ ആർ അശ്വിന്റെയും തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്.

ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 36 റൺസെന്ന നിലയിലാണ് ഇന്ത്യ. സ്‌കോർബോർഡ് തുറക്കുംമുമ്പെ മായങ്ക് അഗർവാളിനെ മിച്ചൽ സ്റ്റാര്ക്ക് വിക്കറ്റിന് മുന്നിൽ കുരുക്കി. 38 പന്തിൽ 28 റൺസെടുത്ത അരങ്ങേറ്റക്കാരൻ ശുഭ്മാൻ ഗില്ലും ഏഴ് റൺസുമായി ചേതേശ്വർ പുജാരയുമാണ് ക്രീസിൽ.

10 പന്തുകൾ നേരിട്ട് റണ്ണൊന്നുമെടുക്കാതെ നിന്ന ജോ ബേൺസിനെ പുറത്താക്കിയ ഇന്ത്യ തുടക്കത്തിലെ ഓസിസിന് തിരിച്ചടി നൽകി. ബേൺസിനെ ബുമ്ര വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു. സ്‌കോർ 35 ൽ നിൽക്കെ മാത്യു വെയ്ഡിനെ അശ്വിൻ പുറത്താക്കി. സ്റ്റീവ് സ്മിത്ത് പൂജ്യത്തിന് മടങ്ങി, അശ്വിന് രണ്ടാം വിക്കറ്റ്. മൂന്ന് വിക്കറ്റിന് 38 റൺസ് എന്ന നിലയിൽ പരുങ്ങിയ ഓസിസിനെ ലബുഷെയ്‌നും ട്രാവിസ് ഹെഡും ചേർന്ന് 100 കടത്തി. ഹെഡിനെ പുറത്താക്കി ബുമ്ര ഈ കൂട്ടുകെട്ടു പൊളിച്ചു.

132 പന്തുകൾ നേരിട്ട ലബുഷെയ്‌നെ ശുഭ്മാൻ ഗില്ലിന്റെ കൈകളിലെത്തിച്ചാണ് സിറാജ് കരിയറിലെ ആദ്യ ടെസ്റ്റ് വിക്കറ്റ് വീഴ്‌ത്തിയത്. തൊട്ടുപിന്നാലെ കാമറൂൺ ഗ്രീനിനെയും സിറാജ് മടക്കി. 13 റൺസെടുത്ത ക്യാപ്റ്റൻ ടിം പെയ്ൻ ഹനുമാ വിഹാരിക്കു ക്യാച്ച് നൽകിയാണ് പുറത്തായത്.

മിച്ചൽ സ്റ്റാർക്കിനെയും നേഥൻ ലയണെയും മടക്കി ബുമ്ര വിക്കറ്റ് നേട്ടം നാലാക്കി. 33 പന്തിൽ ഒൻപത് റൺസെടുത്ത പാറ്റ് കമ്മിൻസിനെ രവീന്ദ്ര ജഡേജയുടെ പന്തിൽ മുഹമ്മദ് സിറാജ് ക്യാച്ചെടുത്തു പുറത്താക്കി. ഇന്ത്യയ്ക്കായി ആർ. അശ്വിൻ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. സിറാജ് രണ്ടും ജഡേജ ഒരു വിക്കറ്റും നേടി.