- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്ലെഡ്ജിങ്ങ് വീരന്മാർക്ക് ചിരിയും അരോചകമോ; പന്തിന്റെ ചിരിയെ പരിഹസിച്ച് മാത്യു വെയ്ഡ്; വിക്കറ്റിന് പിന്നിൽ വെറുതെ ചിരിച്ചുകൊണ്ടിരിക്കും; ബോക്സിങ് ഡേ ടെസ്റ്റിൽ വാക്‌പോരിന് തുടക്കമിട്ട് വെയ്ഡ്
മെൽബൺ: ആദ്യ ടെസ്റ്റിലേറ്റ കനത്ത പരാജയം മറന്ന് പരമ്പരയിൽ ഒപ്പമെത്താൻ പൊരുതുന്ന ഇന്ത്യൻ നിരയെയാണ് മെൽബണിൽ കാണാൻ കഴിയുന്നത്. നായകൻ വിരാട് കൊലിയുടെ അഭാവത്തിൽ ടീമിനെ നയിക്കുന്ന അജിങ്ക്യാ രഹാനെയാകട്ടെ ബാറ്റിംഗിന് പുറമെ ഉജ്വലമായ തീരുമാനങ്ങളിലൂടെ ഫീൽഡിലും ഇതിനകം പ്രശംസ പിടിച്ചുപറ്റിക്കഴിഞ്ഞു.
എന്നാൽ കൊലിയില്ലാത്തതിന്റെ അഭാവം ടീമിൽ പ്രകടമാണ്. പ്രത്യേകിച്ച് ഗ്രൗണ്ടിലെ 'ആവേശപ്രകടനങ്ങളുടെ' പേരിൽ. സ്ലെഡ്ജിങ്ങിന് പേരുകേട്ട ഓസ്‌ട്രേലിയയ്‌ക്കെതിരെ കൂളായി ടീമിനെ നയിക്കുന്ന രഹാനെയ്ക്ക് കീഴിൽ ടീം രണ്ടാം ടെസ്റ്റിൽ മുൻതൂക്കം നേടിക്കഴിഞ്ഞു. പ്രത്യേകിച്ച് എങ്കിലും ഓസ്‌ട്രേലിയൻ താരങ്ങളുടെ ഭാഗത്തുനിന്ന് വലിയ രീതിയിലുള്ള പരിഹാസങ്ങളോ, വിമർശനങ്ങളോ ഇക്കുറിയുണ്ടായിട്ടില്ല.
എന്നാൽ മൂന്നാം ദിനത്തിൽ ഇന്ത്യൻ കീപ്പർ ഋഷഭ് പന്തിനെ കളിയാക്കി വാക്‌പോരിന് തുടക്കമിട്ടതാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് മാത്യു വെയ്ഡിന്റെ ബാറ്റിങ്ങിനിടെ ഇരുവരും തമ്മിലുള്ള വാക്‌പോര് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തത്. വെയ്ഡ് ബാറ്റു ചെയ്യുന്നതിനിടെ പന്ത് പിറകിൽനിന്നു ചിരിച്ചതാണ് താരത്തെ പ്രകോപിപ്പിച്ചത്. ഇതിനു പിന്നാലെ പന്തിന്റെ ചിരി അനുകരിച്ച് വെയ്ഡും മറുപടി കൊടുത്തു. ബിഗ് സ്‌ക്രീനിലേക്ക് നോക്കി, പന്ത് ചെയ്തതു എന്തു തമാശയാണെന്നു മനസ്സിലാക്കാനും വെയ്ഡ് യുവതാരത്തോട് പറഞ്ഞു. താരങ്ങളുടെ വാക്‌പോര് കേട്ട് കമന്റേറ്റർമാരും മത്സരത്തിനിടെ ചിരിക്കുന്നതു കേൾക്കാം.
മൂന്നാം ദിനത്തിൽ നൽകിയ ഒരു അഭിമുഖത്തിൽ പന്തിന്റെ രീതികളെക്കുറിച്ച് വെയ്ഡ് തുറന്നുപറയുകയും ചെയ്തു. ഒരു കാര്യവും ഇല്ലെങ്കിലും പന്ത് വെറുതെ ചിരിച്ചുകൊണ്ടിരിക്കുമെന്നാണു വെയ്ഡിന്റെ പരാതി. അദ്ദേഹം വെറുതെ ഇങ്ങനെ ചിരിച്ചുകൊണ്ടിരിക്കും, എന്താണിത്ര തമാശയെന്ന് എനിക്കു മനസ്സിലാകുന്നില്ല, അത് ഉറപ്പായും എന്റെ ബാറ്റിങ്ങിനെക്കുറിച്ചാകണം- വെയ്ഡ് ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.
രണ്ടാം ഇന്നിങ്‌സിൽ 137 പന്തിൽ 40 റൺസെടുത്താണ് വെയ്ഡ് പുറത്തായത്. രവീന്ദ്ര ജഡേജയുടെ പന്തിൽ വെയ്ഡ് എൽബി ആകുകയായിരുന്നു. ആദ്യ ഇന്നിങ്‌സിൽ വെയ്ഡ് 30 റൺസ് നേടിയിരുന്നു. മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഓസ്‌ട്രേലിയയ്ക്ക് രണ്ട് റൺസിന്റെ ലീഡ് മാത്രമാണുള്ളത്. 6 വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. 17 റൺസുമായി കാമറൂൺ ഗ്രീനും 15 റൺസുമായി പാറ്റ് കമ്മിൻസും ക്രീസിലുണ്ട്.
സ്പോർട്സ് ഡെസ്ക്