- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിഡ്നിയിൽ 42 വർഷങ്ങൾക്ക് ശേഷം ജയം ലക്ഷ്യമിട്ട് ടീം ഇന്ത്യ; ഓപ്പണറാകാൻ രോഹിത് ശർമ്മ; രഹാനെയെ കാത്തിരിക്കുന്നത് അപൂർവ നേട്ടം; ഓസിസ് നിരയിൽ വാർണർ മടങ്ങിയെത്തും; നിർണായക മൂന്നാം ടെസ്റ്റിന് നാളെ തുടക്കമാകുമ്പോൾ
സിഡ്‌നി: പരുക്ക് പൂർണമായും ഭേദമാകാതെ ഡേവിഡ് വാർണറെ കളത്തിലിറക്കാൻ നിർബന്ധിതമാകുന്ന ഓസ്‌ട്രേലിയ. ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനുമൊപ്പം മൂന്നാം പേസറായി ആരെ ഉൾപ്പെടുത്തുമെന്ന് തലപുകയ്ക്കുന്ന ടീം ഇന്ത്യ. ഇതിനൊക്കെ പുറമെ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ ഉൾപ്പെടെയുള്ള അഞ്ച് താരങ്ങൾ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ. കോവിഡ് ഭീഷണി നിലനിൽക്കുന്ന സിഡ്‌നിയും അവസാന ടെസ്റ്റിന് വേദിയാകേണ്ട ബ്രിസ്‌ബേനെ ചുറ്റിപ്പറ്റിയുള്ള വാഗ്വാദങ്ങളും.
അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യയുടെ ദയനീയ തോൽവിയും മെൽബണിലെ ബോക്‌സിങ് ഡേ ടെസ്റ്റിൽ ടീം ഇന്ത്യയുടെ ഉയിർത്തെഴുനേൽപ്പും കണ്ട ക്രിക്കറ്റ് ആരാധകർ പിന്നീട് സാക്ഷിയായത് കളിക്കളത്തിന് പുറത്തെ കാഴ്ചകൾക്കാണ്. 'നിയമം പാലിക്കാൻ വയ്യെങ്കിൽ ഇങ്ങോട്ടു വരേണ്ട' എന്ന് ഇന്ത്യൻ ടീമിനോടായുള്ള ക്വീൻസ്ലൻഡ് ആരോഗ്യമന്ത്രിയുടെ പഞ്ച് ഡയലോഗ് വരെയുള്ള കാര്യങ്ങൾ.
ബോക്‌സിങ് ഡേ ടെസ്റ്റിലെ ഇന്ത്യയുടെ ഉജ്ജ്വല ജയത്തിന് പിന്നാലെ അരങ്ങേറിയ സംഭവങ്ങൾ ഒക്കെ ഇനി മറക്കാം. പരമ്പരയിലെ നിർണായക മത്സരത്തിന് നാളെ സിഡ്‌നിയിൽ തുടക്കമാകുകയാണ്. ആദ്യ രണ്ട് ടെസ്റ്റുകളിൽ ഓരോ ജയം നേടി തുല്യത പാലിക്കുന്ന ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും ബോർഡർ - ഗവാസ്‌കർ ട്രോഫിക്കായുള്ള പോരാട്ടം കടുപ്പിച്ചെ മതിയാകു. പരുക്കാണ് ഇരുടീമുകളേയും അലട്ടുന്ന പ്രധാന പ്രശ്‌നം. എന്നാൽ സൂപ്പർ താരങ്ങളുടെ അഭാവത്തിൽ ടീമിലേക്ക് കടന്നെത്തിയ യുവതാരങ്ങൾ മിന്നും പ്രകടനം കാഴ്ച വയ്ക്കുന്നത് ആരാധകർക്ക് ആവേശം പകരുന്നു.
മെൽബണിലെ 8 വിക്കറ്റ് ജയത്തിന്റെ ആവേശത്തിലിറങ്ങുന്ന അജിൻക്യ രഹാനെയുടെ ഇന്ത്യൻ സംഘം ആത്മവിശ്വാസത്തിലാണ്. സിഡ്‌നി സ്പിന്നിനെ തുണയ്ക്കും എന്നതും ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്ന ഘടകമാണ്. കഴിഞ്ഞ തവണ ഇന്ത്യ ചരിത്രവിജയം നേടിയ പരമ്പരയിൽ അവസാന മത്സരമായിരുന്നു സിഡ്‌നിയിലേത്. ബാറ്റുമായി ചേതേശ്വർ പൂജാരയും (193) ഋഷഭ് പന്തും (159) തിളങ്ങിയപ്പോൾ ഇന്ത്യ ഒന്നാം ഇന്നിങ്‌സിൽ 7ന് 622ൽ ഡിക്ലയർ ചെയ്തു. 5 വിക്കറ്റെടുത്ത സ്പിന്നർ കുൽദീപ് യാദവിന്റെ മികവിൽ ഓസീസിനെ ഇന്ത്യ 300ൽ ഒതുക്കി ഫോളോഓൺ ചെയ്യിച്ചു. പക്ഷേ, മഴയുടെ ട്വിസ്റ്റിൽ കളി സമനിലയായി. ഇന്ത്യ പരമ്പരയും നേടി.
പിച്ച് സ്പിന്നിനെ തുണച്ചാൽ ഹീറോയാകാൻ ഇന്ത്യൻ നിരയിൽ ആർ. അശ്വിനുണ്ട്; ഓസീസിനായി നേഥൻ ലയണും. ആദ്യ 2 ടെസ്റ്റുകളിലും ഓസീസ് ബാറ്റ്‌സ്മാന്മാരുടെ പേടിസ്വപ്നമായിരുന്നു അശ്വിൻ. പരമ്പരയിൽ ഇതുവരെ 10 വിക്കറ്റ് നേടിക്കഴിഞ്ഞു. 2 തവണ സ്റ്റീവ് സ്മിത്തിനെ വീഴ്‌ത്തിയതും അശ്വിൻതന്നെ.
ഇന്ത്യൻ നിരയിൽ ഓപ്പണറുടെ സ്ഥാനത്ത് മായങ്ക് അഗർവാളിനു പകരം വൈസ് ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമ എത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഏറ്റവും ഒടുവിൽ കളിച്ച എട്ട് ടെസ്റ്റ് ഇന്നിങ്‌സുകളിൽ ഏഴിലും അഗർവാൾ പരാജയമായിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ രണ്ടു ടെസ്റ്റുകളിലും അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഈ സാഹചര്യത്തിലാണ് ഓപ്പണർ കൂടിയായ രോഹിത്തിന്റെ വരവ് അഗർവാളിന് തിരിച്ചടിയാകുക. പരിശീലന വേളയിൽ രോഹിത് പേസ്, സ്പിൻ ബോളർമാരെ അനായാസം നേരിട്ടത് താരം ഫോമിലാണെന്ന സൂചന നൽകുന്നു. നായകൻ രഹാനെ സെഞ്ചുറി പ്രകടനത്തോടെ കരുത്തറിയിച്ച് കഴിഞ്ഞു. അരങ്ങേറ്റക്കാരൻ ശുഭ്മാൻ ഗില്ലും ക്ലാസ് തെളിയിച്ചിട്ടുണ്ട്. ഇനി തെളിയിക്കേണ്ടത് ചേതേശ്വർ പൂജാര, ഋഷഭ് പന്ത്, ഹനുമ വിഹാരി എന്നീ താരങ്ങളാണ്. രോഹിത്തിനൊപ്പം ടീമിലെത്തുമെന്ന് പ്രതീക്ഷിച്ച കെ.എൽ.രാഹുലിനെ കൈക്കുഴയ്ക്കു പരുക്കേറ്റതോടെ ഒഴിവാക്കേണ്ടി വന്നത് ടെസ്റ്റിനു മുൻപ് ഇന്ത്യയ്ക്കു തിരിച്ചടിയായി.
മൂന്നാം പേസറായി ടെസ്റ്റ് പരിചയമുള്ള ഏക റിസർവ് താരം ഷാർദുൽ താക്കൂറിനാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. പന്ത് സ്വിങ് ചെയ്യിക്കാൻ കഴിവുള്ളതിനാൽ താക്കൂറിന് സാധ്യത നൽകുന്നത്.നിലവിൽ ഇന്ത്യയിലെ വേഗമേറിയ ബോളറായ സെയ്‌നിയെ, ഓസ്‌ട്രേലിയയ്ക്കെതിരെ തീർച്ചയായും ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുന്നവരിൽ മുൻ താരങ്ങളുമുണ്ട്. ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാന്മാർക്ക് സെയ്‌നിയുടെ പന്തുകൾ നേരിടുന്നതിലുള്ള പരിചയക്കുറവും അനുകൂല ഘടകമാണ്. ഉമേഷ് യാദവിനു പകരം ടീമിലെത്തിയ തമിഴ്‌നാട് താരം ടി.നടരാജനെയും മൂന്നാം പേസറായി പരിഗണിക്കുന്നുണ്ട്.
മൂടിക്കെട്ടിയ കാലാവസ്ഥയെ തുടർന്ന് സിഡ്‌നിയിലെ പിച്ച് മൂടിയിട്ടിരിക്കുന്നതും മൂന്നാം പേസറാരെന്ന തീരുമാനം വൈകിക്കുന്നതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. പിച്ചിന്റെ സ്വഭാവം ഒരിക്കൽക്കൂടി വിലയിരുത്തിയ ശേഷമാകും ആരെ കളിപ്പിക്കണമെന്ന കാര്യത്തിൽ ടീം മാനേജ്‌മെന്റ് തീരുമാനമെടുക്കുക. മൂടിക്കെട്ടിയ കാലാവസ്ഥ തുടർന്നാൽ താക്കൂർ തന്നെ കളിക്കാനാണ് സാധ്യത. മറിച്ചാണെങ്കിൽ സെയ്‌നിക്ക് അരങ്ങേറ്റത്തിന് അവസരം ലഭിക്കും.
മിച്ചൽ സ്റ്റാർക്, ജോഷ് ഹെയ്‌സൽവുഡ്, പാറ്റ് കമ്മിൻസ് പേസ് ത്രയം ആദ്യ 2 മത്സരങ്ങളിൽ ഉയർത്തിയ വെല്ലുവിളി ഇവിടെ ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. സ്പിന്നർ നേഥൻ ലയണായിരിക്കും ഇന്ത്യയുടെ തലവേദന. ലയണിനു പിന്തുണയുമായി മിച്ചൽ സ്വെപ്‌സൻ എന്ന ലെഗ് ബ്രേക്ക് ബോളറും കളിച്ചേക്കാം. സ്മിത്തിന്റെ മോശം ഫോമിൽ ആശങ്കപ്പെട്ടു നിൽക്കുന്ന ഓസീസിനു ഡേവിഡ് വാർണറുടെ തിരിച്ചുവരവിലാണു പ്രതീക്ഷ. ജോ ബേൺസിനു പകരം വാർണർ ഇന്നിങ്‌സ് ഓപ്പൺ ചെയ്യും. യുവ ബാറ്റ്‌സ്മാൻ വിൽ പുകോവ്‌സ്‌കി അരങ്ങേറ്റം നടത്തും.
നയിക്കാൻ രഹാനെ
സിഡ്നിയിൽ ജയിക്കാനായാൽ നായകനായ ആദ്യ നാലുടെസ്റ്റിലും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്ന രണ്ടാമത്തെ ക്യാപ്റ്റൻ എന്ന നേട്ടം രഹാനെയ്ക്ക് സ്വന്തമാക്കാം. 2008ൽ അനിൽ കുംബ്ലെയിൽ നിന്ന് നായകസ്ഥാനം ഏറ്റെടുത്ത ശേഷം തുടർച്ചയായ നാലു ടെസ്റ്റുകളിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച എം.എസ്. ധോണിയുടെ പേരിലാണ് നിലവിൽ ഈ റെക്കോഡ്.
ഇന്ത്യൻ ക്യാപ്റ്റനായി 100 ശതമാനം വിജയമുള്ള നായകനാണ് രഹാനെ. 2017ൽ ഓസ്ട്രേലിയക്കെതിരെയും 2018ൽ അഫ്ഗാനിസ്ഥാനെതിരെയും 2020ൽ ഓസ്ട്രേലിയക്കെതിരെയും ഇന്ത്യയെ നയിച്ച ആദ്യ മൂന്നു മത്സരങ്ങളും വിജയിക്കാൻ രഹാനെയ്ക്കായിരുന്നു. ഇതോടൊപ്പം 203 റൺസ് കൂടി നേടാനായാൽ ഓസ്ട്രേലിയൻ മണ്ണിൽ 1000 റൺസ് തികയ്ക്കാനും രഹാനെയ്ക്കാകും. നിലവിൽ 10 മത്സരങ്ങളിൽ നിന്ന് 797 റൺസാണ് രഹാനെയുടെ സമ്പാദ്യം.
കണ്ണും കാതും സിഡ്‌നിയിലേക്ക്
സിഡ്‌നിയിൽ 42 വർഷത്തിന് ശേഷം വീണ്ടുമൊരു ജയം സ്വപ്‌നം കാണുകയാണ് ടീം ഇന്ത്യ. മെൽബണിലെ എട്ട് വിക്കറ്റ് വിജയത്തിന്റെയും രോഹിത് ശർമയുടെ മടങ്ങിവരവിന്റെയും ആത്മവിശ്വാസത്തിലാണ് ഇന്ത്യ നാളെ ഇറങ്ങുന്നത്. സിഡ്‌നിയിൽ ഒരു ടെസ്റ്റിൽ മാത്രമാണ് ഇന്ത്യ ഇതുവരെ ജയിച്ചിട്ടുള്ളത്. 1978ൽ ഓസീസിനെ ഇന്ത്യ തോൽപിച്ചത് ഇന്നിങ്‌സിനും 2 റൺസിനുമാണ്. 42 വർഷത്തിനുശേഷം ജയം തേടിയാകും വ്യാഴാഴ്ച ഇറങ്ങുക. ആകെ 12 തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ഇതിൽ അഞ്ച് മത്സരങ്ങളിലും ഓസ്‌ട്രേലിയ വിജയിച്ചു. ആറ് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.
സിഡ്‌നിയിൽ കോവിഡ് ഭീഷണിയുള്ളതിനാൽ 10,000 കാണികൾക്കു മാത്രമാണു സ്റ്റേഡിയത്തിലേക്കു പ്രവേശനം. സാമൂഹിക അകലം പാലിച്ചു മാത്രമേ കാണികൾക്ക് ഇരിക്കാൻ കഴിയൂ. ഇരുപത്തയ്യായിരത്തോളം കാണികളെ പ്രവേശിപ്പിക്കാനായിരുന്നു നേരത്തേയെടുത്ത തീരുമാനം. ആദ്യ 2 ടെസ്റ്റുകൾക്കു വേദിയായ അഡ്ലെയ്ഡിലും മെൽബണിലും സ്റ്റേഡിയങ്ങളിലെ പകുതി ഇരിപ്പിടങ്ങളിലേക്കു കാണികളെ പ്രവേശിപ്പിച്ചിരുന്നു. നാളെ പുലർച്ചെ 5 മുതൽ സോണി ചാനലുകളിൽ മത്സരം തത്സമയം കാണാം. ഓരോ മത്സരങ്ങളും ജയിച്ച ഇരുടീമുകളും പരമ്പരയിൽ ഒപ്പത്തിനൊപ്പമാണ്.
സ്പോർട്സ് ഡെസ്ക്