സിഡ്‌നി: ഓസ്‌ട്രേലിയയ്ക്കെതിരായ സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മൂന്നാം പേസ് ബോളറായി പ്ലേയിങ് ഇലവനിൽ ഇടം കണ്ടെത്തിയ യുവ ബോളർ നവ്ദീപ് സെയ്‌നി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറും. ടെസ്റ്റ് പരിചയമുള്ള ഷാർദുൽ താക്കൂറിനെയും യുവബൗളർ ടി.നടരാജനെയും പിന്തള്ളിയാണ് നവ്ദീപ് സെയ്‌നി ടീമിൽ ഇടംപിടിച്ചത്.

രോഹിത് ശർമയുടെ തിരിച്ചുവരവോടെ ഓപ്പണർ മായങ്ക് അഗർവാളിനും ടീമിലെ സ്ഥാനം നഷ്ടമായി. ഇതോടെ, യുവതാരം ശുഭ്മാൻ ഗില്ലിനൊപ്പം രോഹിത് ശർമ സിഡ്‌നിയിൽ ഇന്ത്യയ്ക്കായി ഇന്നിങ്‌സ് ഓപ്പൺ ചെയ്യുമെന്ന് ഉറപ്പായി. വിരാട് കോലിയുടെ അസാന്നിധ്യത്തിൽ അജിൻക്യ രഹാനെ നയിക്കുന്ന ഇന്ത്യൻ ടീമിന്റെ ഉപനായകനും രോഹിത് ശർമ തന്നെയാണ്.

മായങ്ക് അഗർവാൾ പുറത്തായതോടെ ഹനുമ വിഹാരി മധ്യനിരയിലെ സ്ഥാനം നിലനിർത്തി. ഋഷഭ് പന്ത് വിക്കറ്റ് കീപ്പറായി തുടരും. രോഹിത് ശർമയുടെ വരവോടെ വൈസ് ക്യാപ്റ്റൻ സ്ഥാനം നഷ്ടമായ ചേതേശ്വർ പൂജാരയും ടീമിലുണ്ട്. രവിചന്ദ്രൻ അശ്വിനൊപ്പം രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ സ്പിൻ ആക്രമണം നയിക്കുക.

ജസ്പ്രീത് ബുമ്ര നയിക്കുന്ന പേസ് വിഭാഗത്തിൽ, കഴിഞ്ഞ മത്സരത്തിൽ അരങ്ങേറ്റം കുറിച്ച മുഹമ്മദ് സിറാജിനൊപ്പമാണ് നവ്ദീപ് സെയ്‌നിയെയും ഉൾപ്പെടുത്തിയത്. നിലവിൽ ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ബോളറായി അറിയപ്പെടുന്ന താരമാണ് സെയ്‌നി.


സിഡ്‌നി ടെസ്റ്റിനുള്ള ഇന്ത്യൻ ടീം

അജിൻക്യ രഹാനെ (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, നവ്ദീപ് സെയ്‌നി

NEWS - #TeamIndia announce Playing XI for the 3rd Test against Australia at the SCG.

Navdeep Saini is all set to make his debut.#AUSvIND pic.twitter.com/lCZNGda8UD

- BCCI (@BCCI) January 6, 2021