- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിഡ്‌നി ടെസ്റ്റിൽ ഓസ്ട്രേലിയ 338 റൺസിന് പുറത്ത്; രാജ്യാന്തര കരിയറിലെ കന്നി അർദ്ധ സെഞ്ചുറിയുമായി ശുഭ്മാൻ ഗിൽ; രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ഭേദപ്പെട്ട നിലയിൽ
സിഡ്‌നി: രാജ്യാന്തര ക്രിക്കറ്റ് കരിയറിലെ രണ്ടാം ടെസ്റ്റിൽ അർദ്ധ സെഞ്ചുറി കുറിച്ച യുവ ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ മികവിൽ സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റിന് 96 റൺസ് എന്ന നിലയിലാണ്. 9 റൺസുമായി ചേതേശ്വർ പൂജാരയും അഞ്ച് റൺസുമായി അജിങ്ക്യാ രഹാനെയുമാണ് ക്രീസിൽ. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനൊപ്പമെത്താൻ ഇന്ത്യക്ക് 242 റൺസ് കൂടിവേണം.
ടെസ്റ്റിലെ കന്നി അർധസെഞ്ചുറി പൂർത്തിയാക്കിയ ശുഭ്മാൻ ഗിൽ തൊട്ടുപിന്നാലെ പുറത്തായി. 101 പന്തിൽ എട്ട് ഫോറുകൾ സഹിതം 50 റൺസെടുത്ത ഗില്ലിനെ, പാറ്റ് കമ്മിൻസാണ് പുറത്താക്കിയത്. കാമറൂൺ ഗ്രീൻ ക്യാച്ചെടുത്തു. പരുക്കിൽനിന്ന് തിരിച്ചെത്തിയ രോഹിത് ശർമയാണ് (26) പുറത്തായ രണ്ടാമൻ. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 338 റൺസ് പിന്തുടരുന്ന ഇന്ത്യയ്ക്ക് ശുഭ്മാൻ ഗില്ലും രോഹിത് ശർമയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്.
100 പന്തിൽനിന്ന് എട്ടു ഫോറുകൾ സഹിതമാണ് ഗിൽ കന്നി അർധസെഞ്ചുറി കുറിച്ചത്. മെൽബണിൽ നടന്ന ഓസ്‌ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിലാണ് ഗിൽ അരങ്ങേറ്റം കുറിച്ചത്. ഓപ്പണിങ് വിക്കറ്റിൽ രോഹിത് ശർമയ്ക്കൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകാനും ഗില്ലിനു കഴിഞ്ഞു. ഓപ്പണിങ് വിക്കറ്റിൽ 27 ഓവർ ക്രീസിൽനിന്ന ഗിൽ - രോഹിത് സഖ്യം 70 റൺസാണ് അടിച്ചെടുത്തത്. ജോഷ് ഹെയ്‌സൽവുഡിന്റെ പന്തിൽ അദ്ദേഹത്തിനു തന്നെ ക്യാച്ച് സമ്മാനിച്ച് മടങ്ങുമ്പോൾ രോഹിത് നേടിയത് 26 റൺസ്. 77 പന്തിൽ മൂന്നു ഫോറും ഒരു സിക്‌സും ഉൾപ്പെടുന്ന ഇന്നിങ്‌സ്.
സെഞ്ചുറിയുമായി സ്മിത്ത് വീണ്ടും
താരതമ്യേന നീണ്ട ഇടവേളയ്ക്കുശേഷം സെഞ്ചുറിയുമായി കരുത്തുകാട്ടിയ മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ മികവിലാണ് ഓസീസ് ഭേദപ്പെട്ട സ്‌കോറിൽ എത്തിയത്. 105.4 ഓവറിൽ 338 റൺസാണ് ഓസീസ് നേടിയത്. 226 പന്തുകൾ നേരിട്ട സ്മിത്ത് 16 ഫോറുകൾ സഹിതം 131 റൺസെടുത്തു. രവീന്ദ്ര ജഡേജയുടെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടായി പത്താമനായാണ് സ്മിത്ത് മടങ്ങിയത്. സ്മിത്തിനു പുറമെ ഓപ്പണർ വിൽ പുകോവ്‌സ്‌കി (110 പന്തിൽ 62), മാർനസ് ലബുഷെയ്ൻ (196 പന്തിൽ 91) എന്നിവരുടെ ഇന്നിങ്‌സുകളും ഓസീസിന് കരുത്തായി.
അതേസമയം പരുക്കു മാറി തിരിച്ചെത്തിയ ഓപ്പണർ ഡേവിഡ് വാർണർ (എട്ട് പന്തിൽ അഞ്ച്), മാത്യു വെയ്ഡ് (16 പന്തിൽ 13), കാമറൂൺ ഗ്രീൻ (0), ക്യാപ്റ്റൻ ടിം പെയ്ൻ (10 പന്തിൽ ഒന്ന്), പാറ്റ് കമ്മിൻസ് (0), നഥാൻ ലയോൺ (0) എന്നിവർ ഓസീസ് നിരയിൽ നിരാശപ്പെടുത്തി. മിച്ചൽ സ്റ്റാർക്ക് 30 പന്തിൽ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 24 റൺസെടുത്തു. ജോഷ് ഹെയ്‌സൽവുഡ് ഒരു റണ്ണുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ 18 ഓവറിൽ 62 റൺസ് വഴങ്ങി നാലു വിക്കറ്റ് പിഴുതു. ഇന്ത്യയ്ക്ക് പുറത്ത് ജഡേജയുടെ മികച്ച മൂന്നാമത്തെ പ്രകടനമാണിത്. ജസ്പ്രീത് ബുമ്ര, അരങ്ങേറ്റ മത്സരം കളിച്ച നവ്ദീപ് സെയ്‌നി എന്നിവർക്ക് രണ്ടു വിക്കറ്റ് വീതം ലഭിച്ചു. മുഹമ്മദ് സിറാജിനാണ് ശേഷിച്ച വിക്കറ്റ്.
ഒരു ഘട്ടത്തിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 232 റൺസുമായി ശക്തമായ നിലയിലായിരുന്ന ഓസീസിനെ, സ്വപ്നതുല്യമായ തിരിച്ചുവരവിലൂടെയാണ് ഇന്ത്യൻ പേസർമാർ 338 റൺസിൽ ഒതുക്കിയത്. 106 റൺസിനിടെയാണ് ഓസീസിന് അവസാനത്തെ ഏഴു വിക്കറ്റുകൾ നഷ്ടമായത്. രണ്ടാം വിക്കറ്റിൽ പുകോവ്‌സ്‌കി - ലബുഷെയ്ൻ സഖ്യവും (185 പന്തിൽ 100), മൂന്നാം വിക്കറ്റിൽ സ്റ്റീവ് സ്മിത്ത് - ലബുഷെയ്ൻ സഖ്യവും (220 പന്തിൽ 100) കൂട്ടിച്ചേർത്ത സെഞ്ചുറി കൂട്ടുകെട്ടുകളാണ് ഓസീസിന് ഇന്നിങ്‌സിന്റെ നട്ടെല്ല്. എട്ടാം വിക്കറ്റിൽ സ്റ്റാർക്കിനൊപ്പം സ്മിത്ത് കൂട്ടിച്ചേർത്ത 32 റൺസും അവസാന വിക്കറ്റിൽ ലയണിനൊപ്പം കൂട്ടിച്ചേർത്ത 22 റൺസും ഓസീസ് സ്‌കോർ 300 കടക്കുന്നതിൽ നിർണായകമായി.
ആഷസ് പരമ്പര മാറ്റിനിർത്തിയാൽ നീണ്ട മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സ്റ്റീവ് സ്മിത്ത് ടെസ്റ്റിൽ സെഞ്ചുറി നേടുന്നത്. ഇതിനു മുൻപ് 2017 മാർച്ച് 25ന് ധരംശാലയിൽ ഇന്ത്യയ്ക്കെതിരെയായിരുന്നു ഇതിനു മുൻപ് ആഷസ് പരമ്പരയ്ക്കു പുറമെ സ്മിത്തിന്റെ അവസാന സെഞ്ചുറി. ഇതിനിടെ നീണ്ട 22 ഇന്നിങ്‌സുകളാണ് സെഞ്ചുറിയില്ലാതെ കടന്നുപോയത്. അതേസമയം, ഇതേ കാലയളവിൽ ഇംഗ്ലണ്ടിനെതിരെ കളിച്ച 14 ടെസ്റ്റ് ഇന്നിങ്‌സുകളിൽ സ്മിത്ത് ആറു സെഞ്ചുറികൾ നേടി. ഇതിനു പുറമെ അഞ്ച് അർധസെഞ്ചുറികളും!
സിഡ്‌നിയിലെ സെഞ്ചുറിയോടെ ഇന്ത്യയ്ക്കെതിരെ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറികൾ നേടിയ താരങ്ങളുടെ പട്ടികയിൽ സ്മിത്തും ഒന്നാമതെത്തി. എട്ട് സെഞ്ചുറികൾ വീതം നേടിയ വെസ്റ്റിൻഡീസ് താരങ്ങളായ ഗാരി സോബേഴ്‌സ്, വിവിയൻ റിച്ചാർഡ്‌സ്, ഓസ്‌ട്രേലിയൻ താരം റിക്കി പോണ്ടിങ് എന്നിവർക്കൊപ്പമാണ് സ്മിത്തും. അതേസമയം, വേഗത്തിൽ ഈ നേട്ടത്തിലെത്തിയ താരം സ്മിത്താണ്. സോബേഴ്‌സ് 30 ഇന്നിങ്‌സുകളിൽനിന്നും റിച്ചാർഡ്‌സ് 41 ഇന്നിങ്‌സുകളിൽനിന്നും പോണ്ടിങ് 51 ഇന്നിങ്‌സുകളിൽനിന്നുമാണ് എട്ട് സെഞ്ചുറി നേടിയത്. സ്മിത്തിന് വേണ്ടിവന്നത് വെറും 25 ഇന്നിങ്‌സുകൾ മാത്രമാണ്.
സ്പോർട്സ് ഡെസ്ക്