- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിഡ്‌നി ടെസ്റ്റിൽ ഓസ്‌ട്രേലിയയ്ക്ക് മേൽക്കൈ; മൂന്നാം ദിനം കളി നിർത്തുമ്പോൾ ഓസിസ് രണ്ടാം ഇന്നിങ്‌സിൽ 2വിക്കറ്റിന് 103 റൺസ്; ആകെ 197 റൺസിന്റെ ലീഡ്; ഇന്ത്യ 244 റൺസിന് പുറത്ത്; തിരിച്ചടിയായി പന്തിനും ജഡേജയ്ക്കും പരുക്ക്
സിഡ്‌നി: ഇന്ത്യയ്ക്കെതിരായ സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിൽ ആതിഥേയരായ ഓസ്‌ട്രേലിയയ്ക്ക് മേൽക്കൈ. ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യയെ 244 റൺസിന് പുറത്താക്കിയ ഓസിസ് 94 റൺസിന്റെ നിർണായക ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയിരുന്നു. മൂന്നാം ദിനം കളി നിർത്തുമ്പോൾ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് എന്ന നിലയിലാണ്. ഇതോടെ ഓസീസിന്റെ ആകെ ലീഡ് 197 റൺസായി. എട്ടു വിക്കറ്റും രണ്ടു ദിവസവും ബാക്കിനിൽക്കെ ടെസ്റ്റിൽ ഓസ്‌ട്രേലിയ വ്യക്തമായ മുൻതൂക്കം നേടിക്കഴിഞ്ഞു.
മൂന്നാം ദിനം കളി നിർത്തുമ്പോൾ 69 പന്തിൽ 47 റൺസുമായി മാർനസ് ലബുഷെയ്‌നും 63 പന്തിൽ 29 റൺസുമായി സ്റ്റീവ് സ്മിത്തുമാണ് ക്രീസിൽ. പിരിയാത്ത മൂന്നാം വിക്കറ്റിൽ ലബുഷെയ്ൻ - സ്മിത്ത് സഖ്യം 68 റൺസ് കൂട്ടിച്ചേർത്തു കഴിഞ്ഞു. ഓപ്പണർമാരായ ഡേവിഡ് വാർണർ രണ്ടാം ഇന്നിങ്‌സിലും പരാജയമായി. 29 പന്തിൽ ഒരു ഫോർ സഹിതം 13 റൺസ് മാത്രമെ വാർണർ സ്‌കോർ ചെയ്തുള്ളു. വിൽ പുകോവ്‌സ്‌കി 16 പന്തിൽ 10 റൺസ് എടുത്ത് പുറത്തായി. വാർണറിനെ അശ്വിൻ എൽബിയിൽ കുരുക്കിയപ്പോൾ, പുക്കോവ്‌സ്‌കിയെ മുഹമ്മദ് സിറാജിന്റെ പന്തിൽ പകരക്കാരൻ കീപ്പർ വൃദ്ധിമാൻ സാഹ പിടികൂടി.
ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ഓസീസ് പേസ് ആക്രമണത്തിനു മുന്നിൽ തകർന്ന ഇന്ത്യ, ഒന്നാം ഇന്നിങ്‌സിൽ 244 റൺസിന് പുറത്തായി. 100.4. ഓവറുകൾ ക്രീസിൽ നിന്നാണ് ഇന്ത്യൻ താരങ്ങൾ 244 റൺസ് നേടിയത്. രണ്ടു വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് എന്ന നിലയിൽ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക്, 150 റൺസ് ചേർക്കുന്നതിനിടെയാണ് ശേഷിച്ച എട്ട് വിക്കറ്റുകൾ നഷ്ടമായത്. ഇന്ത്യൻ നിരയിൽ മൂന്നു പേർ റണ്ണൗട്ടായി. ഹനുമ വിഹാരി, രവിചന്ദ്രൻ അശ്വിൻ, ജസ്പ്രീത് ബുമ്ര എന്നിവരാണ് റണ്ണൗട്ടായത്.
ഇന്ത്യയ്ക്കായി ഓപ്പണർ ശുഭ്മാൻ ഗില്ലിനു പിന്നാലെ ചേതേശ്വർ പൂജാരയും അർധസെഞ്ചുറി നേടി. 176 പന്തുകൾ നേരിട്ട പൂജാര, അഞ്ച് ഫോറുകൾ സഹിതം 50 റൺസെടുത്തു. ഉറച്ച പ്രതിരോധവുമായി കളത്തിൽ നിന്ന പൂജാരയുടെ ഏറ്റവും വേഗം കുറഞ്ഞ അർധസെഞ്ചുറിയെന്ന നേട്ടവും സിഡ്‌നിയിലെ ഈ ഇന്നിങ്‌സിനു സ്വന്തം. 174-ാം പന്തിലാണ് പൂജാര ഇവിടെ അർധസെഞ്ചുറി പിന്നിട്ടത്.
ഇതിനു മുൻപ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജൊഹാനാസ്ബർഗിൽ 173 പന്തിൽ നേടിയ അർധസെഞ്ചുറിയാണ് ഏറ്റവും വേഗം കുറഞ്ഞത്. അന്നും ഇന്നും അർധസെഞ്ചുറി പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെ വിക്കറ്റ് കീപ്പറിനു ക്യാച്ച് സമ്മാനിച്ചാണ് പൂജാര പുറത്തായതെന്ന പ്രത്യേകതയുമുണ്ട്. രവീന്ദ്ര ജഡേജ 37 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 28 റൺസുമായി പുറത്താകാതെ നിന്നു.
67 പന്തിൽ നാലു ഫോറുകൾ സഹിതം 36 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഋഷഭ് പന്താണ് ഇന്ന് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച മറ്റൊരു താരം. അഞ്ചാം വിക്കറ്റിൽ പൂജാര - പന്ത് സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് ഇന്ത്യൻ സ്‌കോർ 200 കടത്തിയത്. ക്യാപ്റ്റൻ അജിൻക്യ രഹാനെ 70 പന്തിൽ ഓരോ സിക്‌സും ഫോറും സഹിതം 22 റൺസെടുത്ത് മടങ്ങി. 15 പന്തിൽ രണ്ടു ഫോറുകളോടെ 10 റൺസെടുത്ത രവിചന്ദ്രൻ അശ്വിൻ റണ്ണൗട്ടായി. ഇന്ത്യൻ ഓപ്പണർമാരായ ശുഭ്മാൻ ഗിൽ (101 പന്തിൽ 50), രോഹിത് ശർമ (77 പന്തിൽ 26) എന്നിവർ രണ്ടാം ദിനം തന്നെ പുറത്തായിരുന്നു.
ഹനുമ വിഹാരി (38 പന്തിൽ നാല്) നിരാശപ്പെടുത്തി. നവ്ദീപ് സെയ്‌നി (13 പന്തിൽ മൂന്ന്), ജസ്പ്രീത് ബുമ്ര (0), മുഹമ്മദ് സിറാജ് (10 പന്തിൽ ആറ്) എന്നിങ്ങനെയാണ് വാലറ്റക്കാരുടെ സംഭാവന. ഓസ്‌ട്രേലിയയ്ക്കായി പാറ്റ് കമ്മിൻസ് 21.4 ഓവറിൽ 29 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്തു. ജോഷ് ഹെയ്‌സൽവുഡ് 21 ഓവറിൽ 43 രൺസ് വഴങ്ങി രണ്ടും മിച്ചൽ സ്റ്റാർക്ക് ഒരു വിക്കറ്റും വീഴ്‌ത്തി.
ബാറ്റിങ്ങിനിടെ പരുക്കേറ്റ ഋഷഭ് പന്തിനു പകരം രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യയ്ക്കായി വൃദ്ധിമാൻ സാഹയാണ് വിക്കറ്റ് കാത്തത്. ബാറ്റിങ്ങിനിടെ പരുക്കറ്റ രവീന്ദ്ര ജഡേജയും രണ്ടാം ഇന്നിങ്‌സിൽ കളത്തിലിറങ്ങിയില്ല.
സ്പോർട്സ് ഡെസ്ക്