സിഡ്‌നി: ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 407 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം. നാലാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് എന്ന നിലയിലാണ്. 952 റൺ്‌സ എടുത്ത രോഹിത് ശർമയുടേയും 31 റൺസ് എടുത്ത ശുഭ്മാൻ ഗില്ലിന്റെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 9 റൺസുമായി ചേതേശ്വർ പുജാരയും നാല് റൺസുമായി അജിങ്ക്യാ രഹാനെയുമാണ് ക്രീസിൽ.

ഒരു ദിവസവും എട്ടു വിക്കറ്റും ബാക്കിയിരിക്കെ ഇന്ത്യയ്ക്ക് വിജയത്തിലേക്ക് ഇനിയും 309 റൺസ് കൂടി വേണം. അതേസമയം, ഒന്നാം ഇന്നിങ്‌സിൽ ബാറ്റു ചെയ്യുന്നതിനിടെ പരുക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് രണ്ടാം ഇന്നിങ്‌സിൽ ബാറ്റു ചെയ്യാനാകുമോ എന്ന് ഇപ്പോഴും ഉറപ്പില്ല. ജഡേജയ്ക്ക് കളിക്കാനാകാത്ത പക്ഷം ഇന്ത്യയുടെ കൈവശം ഫലത്തിൽ ഏഴു വിക്കറ്റുകൾ മാത്രമേ ബാക്കിയുണ്ടാകൂ

അർധസെഞ്ചുറി കൂട്ടുകെട്ടുമായി ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകിയാണ് ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും പിരിഞ്ഞത്. 22-ാം ഓവറിന്റെ ആദ്യ പന്തിൽ പിരിയും മുൻപ് ഇരുവരും ചേർന്ന് നേടിയത് 71 റൺസ് നേടി. 64 പന്തിൽ നാലു ഫോറുകൾ സഹിതം 31 റൺസെടുത്ത ശുഭ്മാൻ ഗില്ലാണ് പുറത്തായത്. തുടർച്ചയായ രണ്ടാം ഇന്നിങ്‌സിലും അർധസെഞ്ചുറി കൂട്ടുകെട്ട് തീർക്കാൻ ഓപ്പണർമാർ കഴിഞ്ഞു. ജോഷ് ഹെയ്സൽവുഡാണ് ഗില്ലിനെ മടക്കിയത്. പാറ്റ് കമ്മിൻസിന്റെ പന്തിൽ മിച്ചൽ സ്റ്റാർക്കിന് ക്യാച്ചെടുത്താണ് രോഹിതിനെ പുറത്താക്കിയത്.

നാലാം ദിനം ആറു വിക്കറ്റ് നഷ്ടത്തിൽ 312 റൺസെന്ന നിലയിൽ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഓസ്ട്രേലിയ 407 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യയ്ക്ക് മുന്നിൽ വെച്ചത്. 132 പന്തിൽ നിന്ന് നാലു സിക്‌സും എട്ടു ഫോറുമടക്കം 84 റൺസെടുത്ത കാമറൂൺ ഗ്രീനാണ് ഓസീസിന്റെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ ടീം പെയ്ൻ 39 റൺസുമായി പുറത്താകാതെ നിന്നു. രണ്ടു വിക്കറ്റ് നഷ്ടത്തിൽ 103 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസ് 118 പന്തിൽ നിന്ന് ഒമ്പത് ബൗണ്ടറികളോടെ 73 റൺസെടുത്ത മാർനസ് ലബുഷെയ്നിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്.

മൂന്നാം വിക്കറ്റിൽ സ്റ്റീവ് സ്മിത്തിനൊപ്പം 103 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ലബുഷെയ്ൻ മടങ്ങിയത്. പിന്നാലെ നാലു റൺസെടുത്ത മാത്യു വെയ്ഡിനെയും സെയ്നി മടക്കി. 167 പന്തിൽ നിന്ന് 81 റൺസെടുത്ത സ്മിത്തിനെ അശ്വിനും പുറത്താക്കി. ഡേവിഡ് വാർണർ (13), വിൽ പുകോവ്സ്‌കി (10) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നേരത്തെ നഷ്ടമായത്.

സിഡ്‌നിയിൽ നടക്കുന്ന ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും അർധസെഞ്ചുറി കൂട്ടുകെട്ട് പൂർത്തിയാക്കിയതോടെ രോഹിത് - ഗിൽ സഖ്യം, റെക്കോർഡ് ബുക്കിലും ഇടംനേടി. ഇന്ത്യയ്ക്ക് പുറത്ത് ഒരു ടെസ്റ്റിന്റെ നാലാം ഇന്നിങ്‌സിൽ ഇന്ത്യൻ ഓപ്പണർമാർ അർധസെഞ്ചുറി കൂട്ടുകെട്ട് തീർക്കുന്നത് 14 വർഷങ്ങൾക്ക് ശേഷമാണ്. ഇതിനു മുൻപ് വിദേശ മണ്ണിൽ ഒരു ടെസ്റ്റിന്റെ നാലാം ഇന്നിങ്‌സിൽ ഇന്ത്യൻ ഓപ്പണർമാർ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്തത് 2006ലാണ്, വെസ്റ്റിൻഡീസിനെതിരെ. അന്ന് വീരേന്ദർ സേവാഗും വസിം ജാഫറും ചേർന്ന് 109 റൺസാണ് ഓപ്പണിങ് വിക്കറ്റിൽ കൂട്ടിച്ചേർത്തത്.

അതേസമയം, ഏഷ്യയ്ക്ക് പുറത്ത് ഒരു ടെസ്റ്റിൽത്തന്നെ രണ്ട് ഇന്നിങ്‌സിലും ഇന്ത്യൻ ഓപ്പണർമാർ അർധസെഞ്ചുറി കൂട്ടുകെട്ട് തീർക്കുന്നത് ഇത് എട്ടാം തവണ മാത്രം. ഇതിനു മുൻപ് 2018ൽ ട്രെന്റ്ബ്രിജിൽ ഇംഗ്ലണ്ടിനെതിരെ ശിഖർ ധവാൻ - കെ.എൽ. രാഹുൽ സഖ്യമാണ് രണ്ട് ഇന്നിങ്‌സിലും ഓപ്പണിങ് വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്തത്.

ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും ഇന്ത്യൻ ഓപ്പണർമാർ 20 ഓവറിലേറെ ബാറ്റു ചെയ്യുന്നത് 16 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ്. ഇതിനു മുൻപ് 2004-05ൽ ബെംഗളൂരുവിൽ പാക്കിസ്ഥാനെതിരെ വീരേന്ദർ സേവാഗ് - ഗൗതം ഗംഭീർ സഖ്യം രണ്ട് ഇന്നിങ്‌സിലും 20 ഓവർ ബാറ്റ് ചെയ്തിരുന്നു. അന്ന് ഒന്നാം ഇന്നിങ്‌സിൽ ഇരുവരും 23.2 ഓവറാണ് ക്രീസിൽ നിന്നത്. രണ്ടാം ഇന്നിങ്‌സിൽ 23.4 ഓവറും. സിഡ്‌നിയിൽ ഇന്ത്യൻ ഓപ്പണർമാർ ഒന്നാം ഇന്നിങ്‌സിൽ 27 ഓവറുകൾ ക്രീസിൽനിന്നു. 70 റൺസും കൂട്ടിച്ചേർത്തു. രണ്ടാം ഇന്നിങ്‌സിൽ 22.1 ഓവർ ക്രീസിൽനിന്ന് കൂട്ടിച്ചേർത്തത് 71 റൺസും.