- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിഡ്നിയിൽ ഇന്ത്യക്ക് ജയിക്കാൻ ഇനി വേണ്ടത് 309 റൺസ്; അഞ്ചാം ദിനം വേണ്ടിവന്നാൽ ജഡേജ ബാറ്റ് ചെയ്യും; നിർദേശിച്ചത് ആറാഴ്ചത്തെ വിശ്രമം; ഇംഗ്ലണ്ടിനെതിരായ രണ്ട് ടെസ്റ്റുകളും നഷ്ടമാകുമെന്ന് റിപ്പോർട്ട്
സിഡ്‌നി: ഓസ്‌ട്രേലിയയ്ക്കെതിരായ സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിൽ ആവശ്യമെങ്കിൽ പരുക്കിന്റെ പിടിയിലുള്ള രവീന്ദ്ര ജഡേജയും ബാറ്റിങ്ങിന് ഇറങ്ങുമെന്ന് റിപ്പോർട്ട്. 407 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ നാലാം ദിനം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റിന് 98 റൺസ് എന്ന നിലയിലാണ്. ഒരു ദിവസവും എട്ടു വിക്കറ്റും ബാക്കിയിരിക്കെ ഇന്ത്യയ്ക്ക് വിജയത്തിലേക്ക് ഇനിയും 309 റൺസ് കൂടി വേണം. ഒൻപതു റൺസുമായി ചേതേശ്വർ പൂജാരയും നാലു റൺസുമായി അജിൻക്യ രഹാനെയുമാണ് ക്രീസിൽ. ഓപ്പണർമാരായ രോഹിത് ശർമ (98 പന്തിൽ 52), ശുഭ്മാൻ ഗിൽ (64 പന്തിൽ 31) എന്നിവരാണ് പുറത്തായത്.
പരുക്കേറ്റ് വിശ്രമത്തിലാണെങ്കിലും സിഡ്‌നി ടെസ്റ്റിൽ അത്യാവശ്യം വന്നാൽ ജഡേജ കുത്തിവയ്‌പ്പ് എടുത്തിട്ടാണെങ്കിലും ബാറ്റു ചെയ്യുമെന്നാണ് വിവരം. ജഡേജയ്ക്കു പുറമെ ഒന്നാം ഇന്നിങ്‌സിൽ പരുക്കേറ്റതിനെ തുടർന്ന് പുറത്തിരിക്കുന്ന ഋഷഭ് പന്തും ബാറ്റിങ്ങിന് എത്തുമെന്നാണ് വിവരം.
ഒന്നാം ഇന്നിങ്‌സിൽ ബാറ്റു ചെയ്യുന്നതിനിടെ മിച്ചൽ സ്റ്റാർക്കിന്റെ പന്ത് കൈവിരലിൽ കൊണ്ടാണ് ജഡേജയ്ക്ക് പരുക്കേറ്റത്. അപ്പോൾത്തന്നെ ചികിത്സ തേടിയെങ്കിലും ബാറ്റിങ് തുടർന്ന ജഡേജയാണ് ഇന്ത്യൻ സ്‌കോർ 240 കടത്തിയത്. ജഡേജ 37 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 28 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യൻ ഇന്നിങ്‌സ് പൂർത്തിയായതിനു പിന്നാലെയാണ് ജഡേജ വിശദ പരിശോധനകൾക്കായി ആശുപത്രിയിലെത്തിയത്. ജഡേജയ്ക്ക് പകരം മായങ്ക് അഗർവാളാണ് രണ്ടാം ഇന്നിങ്‌സിൽ ഫീൽഡിങ്ങിന് ഇറങ്ങിയത്.
ഈ പരമ്പരയിലെ ശേഷിക്കുന്ന ടെസ്റ്റും ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റും ജഡേജയ്ക്ക് നഷ്ടമാകും. പരുക്കിന്റെ വെളിച്ചത്തിൽ ജഡേജയ്ക്ക് നാലു മുതൽ ആറ് ആഴ്ച വരെയാണ് വിശ്രമം നിർദ്ദേശിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനു പുറമെ ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ മത്സരങ്ങളും ജഡേജയ്ക്ക് നഷ്ടമാകുമെന്നാണ് വിവരം. ഇതിനിടെയാണ് അഞ്ചാം ദിനം ആവശ്യമെങ്കിൽ കുത്തിവയ്‌പ്പ് എടുത്ത് ജഡേജയെ കളത്തിലിറക്കാനുള്ള നീക്കം.
ഇന്ത്യയുടെ സമീപകാല മത്സരങ്ങളിലെല്ലാം ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനം പുറത്തെടുക്കാറുള്ള ജഡേജയുടെ അഭാവം ബോളിങ്ങിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു. ഒന്നാം ഇന്നിങ്‌സിൽ ഓസീസിനെതിരെ നാലു വിക്കറ്റ് വീഴ്‌ത്തിയ ജഡേജയുടെ അഭാവത്തിൽ രണ്ടാം ഇന്നിങ്‌സിൽ ഓസീസ് ആറു വിക്കറ്റ് നഷ്ടത്തിൽ 312 റൺസെടുത്ത് ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു.
സ്പോർട്സ് ഡെസ്ക്