- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിഡ്‌നിയിൽ സ്വപ്നം കണ്ടത് മിന്നും ജയം; നിർണായക വിക്കറ്റുകൾ വീണപ്പോൾ ആശങ്ക; പിന്നെ അശ്വിന്റെയും വിഹാരിയുടേയും വീരോചിത ചെറുത്തു നിൽപ്; 'വന്മതിൽ'തീർത്ത് ഇന്ത്യ നേടിയ സമനിലയ്ക്ക് വിജയത്തോളം മധുരം
സിഡ്‌നി: ജയത്തിനായി വീറോടെ പോരാട്ടം. മുന്നിൽ നിന്നു പൊരുതിയ ഋഷഭ് പന്തും ചേതേശ്വർ പുജാരയും ക്രീസ് വിട്ടതോടെ അഞ്ചാം ദിനം കളി കൈവിടുമോ എന്ന ആശങ്ക. പിന്നെ സിഡ്‌നി സാക്ഷ്യം വഹിച്ചത് ഇന്ത്യൻ താരങ്ങളുടെ വീറുറ്റ ചെറുത്തു നിൽപ്പിന്. ഒടുവിൽ വിജയത്തിനൊപ്പം വയ്ക്കാവുന്ന സമനില പൊരുതി നേടി ഇന്ത്യ.
407 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 334 റൺസെടുത്താണ് സമനില സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽതന്നെ ഇടംപിടിക്കാവുന്ന സമനിലയാണ് ഹനുമ വിഹാരി (161 പന്തിൽ 23), രവിചന്ദ്രൻ അശ്വിൻ (128 പന്തിൽ 39) ചേർന്ന ആറാം വിക്കറ്റിൽ പൊരുതി നേടിയത്.
പരുക്കും ഓസീസ് ആരാധകരുടെ വംശീയാധിക്ഷേപം, താരങ്ങളുടെ സ്ലെജിങ്ങുമൊക്കെ കണ്ട സിഡ്‌നി ടെസ്റ്റിൽ കളിക്കളത്തിലും പുറത്തും അസാമാന്യ ധീരതയോടെ നേരിട്ടാണ് സിഡ്‌നിയിൽ ഇന്ത്യ സമനില പിടിച്ചത്.
നാലാം ദിനം മൂന്നാം സെഷനിലും അവസാന ദിനമായ ഞായറാഴ്ചയിലെ മൂന്നു സെഷനിലുമായി 131 ഓവർ പൊരുതിനിന്നാണ് ഇന്ത്യ സമനില സ്വന്തമാക്കിയത്. അഞ്ചാം ദിനം ഒരു ഓവർ ബാക്കിനിൽക്കെ ഇരു ക്യാപ്റ്റന്മാരും സമനിലയെന്ന് സമ്മതിച്ചു. ഹനുമ വിഹാരിയും രവിചന്ദ്രൻ അശ്വിനും പുറത്താകാതെ നിന്നു. ഇതോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പര 1-1 എന്ന നിലയിൽ തുടരുകയാണ്. നാലാം ടെസ്റ്റ് ഈ മാസം 15 മുതൽ ബ്രിസ്‌ബേനിലാണ് നടക്കേണ്ടത്.
ടെസ്റ്റിലെ മൂന്നാം സെഞ്ചുറിക്ക് മൂന്നു റൺസ് മാത്രം അകലെ പുറത്തായ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. എല്ലാവരും ടെസ്റ്റിലും വെടിക്കെട്ട് ബാറ്റിങ് തുടർന്ന പന്ത് 118 പന്തുകൾ നേരിട്ട് 12 ഫോറും മൂന്നു സിക്‌സും സഹിതം 97 റൺസെടുത്തു. ചേതേശ്വർ പൂജാരയും അർധസെഞ്ചുറി നേടി. 205 പന്തുകൾ നേരിട്ട പൂജാര, 12 ഫോറുകൾ സഹിതം 77 റൺസെടുത്തു.
എന്നാൽ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽനിന്ന് 'സമനില തെറ്റാതെ' ഇന്ത്യൻ ടീം തിരികെ കയറുമ്പോൾ, നന്ദി പറയേണ്ടത് രണ്ടു പേരോടാണ്. അസാമാന്യമെന്ന് തന്നെ ഉറപ്പിച്ചു പറയാവുന്ന നിശ്ചയദാർഢ്യത്തോടെ അവസാന സെഷനിൽ ക്രീസിലുറച്ചുനിന്ന ഹനുമ വിഹാരിയോടും രവിചന്ദ്രൻ അശ്വിനോടും. ബാറ്റിങ്ങിനിടെ പരുക്കേറ്റിട്ടും ഓസീസിന്റെ ബോളിങ് ആക്രമണത്തെ ചെറുത്തുനിന്ന ഇരുവരും വിജയകരമായി പ്രതിരോധിച്ചത് 256 പന്തുകളാണ്! ആകെ നേടിയത് 62 റൺസും! ഈ കൂട്ടുകെട്ട് തകർക്കാൻ കഴിയാതെ പോയതോടൊണ് ഓസ്‌ട്രേലിയയ്ക്ക് തോൽവിക്കു തുല്യമായ സമനിലയ്ക്ക് സമ്മതിക്കേണ്ടി വന്നത്.
വിജയം സ്വപ്നം കണ്ട ശേഷം സമനില
ഇന്ത്യ തോൽക്കുമെന്ന് എല്ലാവരും ഉറപ്പിച്ചിരുന്ന മത്സരത്തിന്റെ അഞ്ചാം ദിനം, ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ സമ്പൂർണ ആധിപത്യം പുലർത്തുന്ന കാഴ്ചയാണ് കണ്ടത്. ക്യാപ്റ്റൻ അജിൻക്യ രഹാനെ അഞ്ചാം ദിനത്തിലെ രണ്ടാം ഓവറിൽത്തന്നെ പുറത്തായെങ്കിലും പിന്നീട് ക്രീസിൽ ഒരുമിച്ച ഋഷഭ് പന്ത് - ചേതേശ്വർ പൂജാര സഖ്യമാണ് ഇന്ത്യയെ താങ്ങിനിർത്തിയത്. തകർപ്പൻ സെഞ്ചുറി കൂട്ടുകെട്ടുമായി മിന്നിത്തിളങ്ങിയ ഇരുവരും 22 റൺസിന്റെ ഇടവേളയിൽ പുറത്തായതാണ് വിജയസ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിച്ചത്. ഇരുവരും ചേർന്ന് 148 റൺസാണ് ഇന്ത്യൻ സ്‌കോർ ബോർഡിൽ ചേർത്തത്. ആദ്യം പന്തും പിന്നീട് പൂജാരയും പുറത്തായതോടെയാണ് ഇന്ത്യ പിന്നീട് സമനില ലക്ഷ്യമിട്ടത്.
ഓസീസിനെതിരെ ഇന്ത്യയുടെ പ്രത്യാക്രമണം നയിച്ച പന്ത് 97 റൺസെടുത്താണ് പുറത്തായത്. 118 പന്തിൽ 12 ഫോറും മൂന്നു സിക്‌സും സഹിതം 97 റൺസെടുത്ത പന്തിനെ നഥാൻ ലയോണാണ് പുറത്താക്കിയത്. പാറ്റ് കമ്മിൻസ് ക്യാച്ചെടുത്തു. ഈ സമയത്ത് ഇന്ത്യൻ സ്‌കോർ 250 റൺസ്. 22 റൺസ് കൂടി ചേർക്കുമ്പോഴേയ്ക്കും പൂജാരയും പുറത്തായി. 205 പന്തിൽ 12 ഫോറുകൾസഹിതം 77 റൺസെടുത്ത പൂജാരയെ ഹെയ്‌സൽവുഡ് ക്ലീൻ ബൗൾഡാക്കി. ക്യാപ്റ്റൻ അജിൻക്യ രഹാനെയാണ് ഇന്ന് പുറത്തായ മറ്റൊരു ബാറ്റ്‌സ്മാൻ. 18 പന്തിൽ നാലു റൺെസടുത്ത രഹാനെയെ നഥാൻ ലയോണാണ് പുറത്താക്കിയത്.
118 പന്തുകൾ നേരിട്ട ഋഷഭ് പന്ത് കരിയറിലെ മൂന്നാം ടെസ്റ്റ് സെഞ്ചുറിയിലേക്കുള്ള കുതിപ്പിലാണ് പുറത്തായത്. അതേസമയം, ഓസീസിനെതിരെ അവരുടെ നാട്ടിൽ തുടർച്ചയായ 10-ാം ഇന്നിങ്‌സിലും 25+ സ്‌കോർ നേടിയ പന്ത്, തന്റെ തന്നെ പേരിലുള്ള റെക്കോർഡ് ഒന്നുകൂടി പുതുക്കി. ഒന്നാം ഇന്നിങ്‌സിൽ 174 പന്തിൽ അർധസെഞ്ചുറി നേടി കരിയറിലെ ഏറ്റവം വേഗം കുറഞ്ഞ അർധസെഞ്ചുറിയെന്ന 'പേരുദോഷം' സ്വന്തമാക്കിയ പൂജാര, ഇത്തവണ 170 പന്തിലാണ് അർധസെഞ്ചുറി പിന്നിട്ടത്. 80-ാം ടെസ്റ്റ് കളിക്കുന്ന പൂജാരയുടെ 26-ാം അർധസെഞ്ചുറി കൂടിയാണിത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 148 റൺസ് കൂട്ടിച്ചേർത്തു.
ബാറ്റിങ്ങിൽ പന്താണ് താരം
രണ്ടു വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് എന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക്, തുടക്കത്തിൽത്തന്നെ തിരിച്ചടിയേറ്റു. രണ്ടാം ഓവറിൽത്തന്നെ ടീമിന്റെ പ്രധാന പ്രതീക്ഷയായിരുന്ന അജിൻക്യ രഹാനെ പുറത്തായി. ലയണിന്റെ പന്തിൽ മാത്യു വെയ്ഡ് ക്യാച്ചെടുത്തു. സമ്പാദ്യം. 18 പന്തിൽ നാലു റൺസ്.
ഇന്ത്യയുടെ പ്രതീക്ഷയറ്റെങ്കിലും ഹനുമ വിഹാരിക്കു മുൻപേ സ്ഥാനക്കയറ്റം നേടിയെത്തിയ ഋഷഭ് പന്ത് രണ്ടും കൽപ്പിച്ചായിരുന്നു. ഒന്നാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിടെ ഏറുകൊണ്ട് സ്‌കാനിങ്ങിന് വിധേയനായ പന്ത്, ഏകദിന ശൈലിയിൽ കടന്നാക്രമിച്ചതോടെ ഓസീസ് പതറി. 64 പന്തിൽ നാലു ഫോറും മൂന്നു സിക്‌സും സഹിതം പന്ത് അർധസെഞ്ചുറി പിന്നിട്ടു. 68 ഓവറിൽ ഇന്ത്യ 200 കടന്നു. ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ.
ഉച്ചഭക്ഷണത്തിനുശേഷം ബൗണ്ടറിയുമായി തുടക്കമിട്ട പൂജാരയും അധികം വൈകാതെ അർധസെഞ്ചുറിയിലെത്തി. 170 പന്തിൽ ഏഴു ഫോറുകൾ സഹിതമാണ് പൂജാര 50 കടന്നത്. 79-ാം ഓവറിൽ ഇന്ത്യ 250 കടന്നു. വിജയപ്രതീക്ഷയുമായി ഇന്ത്യ മുന്നോട്ടു പോകുന്നതിനിടെയായിരുന്നു പന്തിന്റെ മടക്കം. 118 പന്തിൽ 12 ഫോറും മൂന്നു സിക്‌സും സഹിതം 97 റൺസുമായി പന്ത് കൂടാരം കയറി. ഇടയ്ക്ക് പാറ്റ് കമ്മിൻസിനെതിരെ തുടർച്ചയായി മൂന്നു ഫോറുകൾ നേടി പ്രതീക്ഷ നൽകിയെങ്കിലും 22 റൺസ് കൂടി ചേർക്കുമ്പോഴേയ്ക്കും പൂജാരയും മടങ്ങി. 205 പന്തിൽ 12 ഫോറുകൾ സഹിതം 77 റൺസെടുത്ത പൂജാരയെ ഹെയ്സൽവുഡ് ബൗൾഡാക്കി.
നേരത്തെ, ഓസ്‌ട്രേലിയയ്‌ക്കെതിരായ 3-ാം ടെസ്റ്റിൽ 407 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 4-ാം ദിനം കളി നിർത്തുമ്പോൾ 2നു 98 എന്ന നിലയിലായിരുന്നു. പൂജാരയും (9) ക്യാപ്റ്റൻ അജിൻക്യ രഹാനെയും (4) ക്രീസിൽ. ഓപ്പണർമാരായ രോഹിത് ശർമ (52), ശുഭ്മാൻ ഗിൽ (31) എന്നിവരാണ് പുറത്തായത്. 2005ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയ നേടിയ 288 റൺസാണു സിഡ്‌നിയിൽ 4-ാം ഇന്നിങ്‌സിലെ ഏറ്റവും ഉയർന്ന വിജയകരമായ റൺ ചേസ്.
സ്പോർട്സ് ഡെസ്ക്