- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'മുഹമ്മദ് സിറാജിനോടും ഇന്ത്യൻ ക്രിക്കറ്റ് ടീമിനോടും മാപ്പ് ചോദിക്കുന്നു'; 'ഒരു തരത്തിൽ വംശീയ അധിക്ഷേപം അംഗീകരിക്കാനാവില്ല'; ' നാട്ടുകാരിൽ നിന്ന് കൂടുതൽ മികച്ച പ്രതികരണം പ്രതീക്ഷിക്കുന്നു'; സിഡ്നിയിലെ 'സംഭവങ്ങൾ'ക്ക് പിന്നാലെ മാപ്പ് ചോദിച്ച് ഡേവിഡ് വാർണർ
സിഡ്നി: മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യൻ താരങ്ങൾക്കെതിരെ കാണികൾ വംശീയ അധിക്ഷേപം നടത്തിയതിൽ മാപ്പ് ചോദിച്ച് ഓസീസ് ഓപ്പണർ ഡേവിഡ് വാർണർ. ഇത്തരം പ്രവണതകൾ അംഗീകരിക്കാനാവില്ലെന്ന് വാർണർ പറഞ്ഞു. സിഡ്‌നിയിൽ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് സിറാജിനും ബുംറയ്ക്കുമെതിരെ കാണികളിൽ നിന്ന് വംശീയാധിക്ഷേപം ഉണ്ടായത്.
'മുഹമ്മദ് സിറാജിനോടും ഇന്ത്യൻ ക്രിക്കറ്റ് ടീമിനോടും മാപ്പ് ചോദിക്കുന്നു. ഒരു തരത്തിൽ വംശീയ അധിക്ഷേപം അംഗീകരിക്കാനാവില്ല. നമ്മുടെ നാട്ടുകാരിൽ നിന്ന് കൂടുതൽ മികച്ച പ്രതികരണം പ്രതീക്ഷിക്കുന്നു', വാർണർ പറഞ്ഞു.
മൂന്നാം ദിനത്തിലെ മത്സരം അവസാനിച്ച ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം മാച്ച് റഫറി ഡേവിഡ് ബൂണിന് ഔദ്യോഗികമായി പരാതി നൽകിയിരുന്നു. പരാതി നൽകിയിട്ടും നാലാം ദിവസവും സിറാജിന് മോശം അനുഭവം ഉണ്ടായി. സിറാജിനോട് മോശമായി പെരുമാറിയ ആറ് ഓസ്‌ട്രേലിയൻ ആരാധകരെ സിഡ്‌നി ക്രിക്കറ്റ് മൈതാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
ടെസ്റ്റിന്റെ നാലാം ദിവസവും ബൗളർ സിറാജിന് നേരെ തുടർച്ചയായി വംശീയാധിക്ഷേപം നടത്തിയ കാണികളെയാണ് അധികൃതർ നേരത്തേ പുറത്താക്കിയിരുന്നത്.
ബൗണ്ടറി ലൈനരികിൽ ഫീൽഡ് ചെയ്യുകയായിരുന്ന സിറാജിനെ കാണികൾ വംശീയമായി അധിക്ഷേപിച്ച് സംസാരിക്കുകയായിരുന്നു. ക്യാപ്റ്റൻ രഹാനെയും സിറാജും അംപയറുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരെത്തി കാണികളെ സ്റ്റേഡിയത്തിൽ നിന്നും പുറത്താക്കിയത്.
ഇന്ത്യൻ ടീം പരാതി നൽകിയ ശേഷവും സിഡ്‌നി കാണികളിൽ നിന്ന് വംശീയാധിക്ഷേപമുണ്ടായ സംഭവം ആശ്ചര്യപ്പെടുത്തിയെന്ന് അശ്വിൻ പ്രതികരിച്ചു. ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അശ്വിൻ ആവശ്യപ്പെട്ടു.
'അഡ്‌ലെയ്ഡിലും മെൽബണിലും കാര്യങ്ങൾ ഇത്ര മോശമായിരുന്നില്ല. എന്നാൽ സിഡ്‌നിയിൽ പണ്ടേ ഇങ്ങനെയാണ്. മുൻകാലങ്ങളിൽ എനിക്കും ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവിടുത്തെ ആരാധകർ മോശമായി പെരുമാറുന്നവരാണ്. എനിക്കറിയില്ല അവർ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന്,' അശ്വിൻ പറഞ്ഞു.
സംഭവത്തെ തുടർന്ന് മാച്ച് കുറച്ച് സമയത്തേക്ക് നിർത്തിവെച്ച ശേഷമാണ് പുനരാരംഭിച്ചത്. അധിക്ഷേപം നടത്തിയവരെ ചോദ്യം ചെയ്തുവരികയാണെന്ന് അധികൃതർ അറിയിച്ചു.
വംശീയാധിക്ഷേപങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും സംഭവത്തിൽ ക്രിക്കറ്റ് ആസ്‌ട്രേലിയയും ഐ.സി.സിയും ഉചിതമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബി.സി.സിഐ നേരത്തെ പ്രതികരിച്ചിരുന്നു.
സ്പോർട്സ് ഡെസ്ക്