- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബ്രിസ്‌ബെയ്ൻ ടെസ്റ്റിൽ ഓസ്ട്രേലിയ ഭേദപ്പെട്ട നിലയിൽ; ആദ്യ ദിനത്തിൽ ഓസിസ് 5 വിക്കറ്റിന് 274 റൺസ്; മാർനസ് ലബുഷെയ്ന് സെഞ്ചുറി; നിർണ്ണായക വിക്കറ്റുകളോടെ അരങ്ങേറ്റം ഗംഭീരമാക്കി നടരാജനും വാഷിങ്ടൺ സുന്ദറും
ബ്രിസ്‌ബെയ്ൻ: ഇന്ത്യയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യം ബാറ്റു ചെയ്യുന്ന ഓസ്‌ട്രേലിയ ഭേദപ്പെട്ട നിലയിൽ. ഒന്നാം ദിനം കളി നിർത്തുമ്പോൾ ഓസിസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 274 റൺസ് എന്ന നിലയിലാണ്. 70 പന്തിൽ നിന്നും 28 റൺസുമായി കാമറൂൺ ഗ്രീനും 62 പന്തിൽ 38 റൺസുമായി ടിം പെയ്‌നുമാണ് ക്രീസിൽ.
ഓസീസിനായി മാർനസ് ലബുഷെയ്ൻ സെഞ്ചുറി നേടി. 195 പന്തുകളിൽനിന്നാണ് ലബുഷെയ്ൻ സെഞ്ചുറി നേടിയത്. 204 പന്തിൽ 108 റൺസെടുത്തു താരം പുറത്തായി. ഇന്ത്യയ്ക്കായി നടരാജൻ രണ്ടു വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ശാർദുൽ ഠാക്കൂർ, മുഹമ്മദ് സിറാജ്, വാഷിങ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
ഓപ്പണർമാരായ ഡേവിഡ് വാർണർക്കും മാർകസ് ഹാരിസിനും തിളങ്ങാൻ സാധിച്ചില്ല. ഇരുവരും തുടക്കത്തിൽതന്നെ പുറത്തായി. നാലു പന്തിൽ ഒരു റൺസ് മാത്രമെടുത്ത വാർണർ മുഹമ്മദ് സിറാജിന്റെ പന്തിൽ രോഹിത് ശർമയ്ക്കു ക്യാച്ച് നൽകിയാണു പുറത്തായത്. മാർകസ് ഹാരിസിനെ അഞ്ച് റണ്ണിന് ഷാർദൂൽ താക്കൂർ പുറത്താക്കി. വൺഡൗണായി ഇറങ്ങിയ മാർനസ് ലബുഷെയ്‌നും സ്റ്റീവ് സ്മിത്തുമാണ് ആദ്യ ദിനം ഓസീസ് ഇന്നിങ്‌സിന് അടിത്തറയിട്ടത്. ഇരുവരും ചേർന്ന് സ്‌കോർ 50 കടത്തി.
77 പന്തിൽ 36 റൺസെടുത്തു നിൽക്കെ സ്റ്റീവ് സ്മിത്തിനെ വാഷിങ്ടൻ സുന്ദർ രോഹിത് ശർമയുടെ കൈകളിലെത്തിച്ചു. എന്നാൽ മറുവശത്ത് നന്നായി ബാറ്റ് ചെയ്ത ലബുഷെയ്ൻ സ്‌കോർ ഉയർത്തിക്കൊണ്ടിരുന്നു. സ്മിത്തിനുശേഷം ക്രീസിലെത്തിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മാത്യു വെയ്ഡിനെ കൂട്ടുപിടിച്ച് ലബുഷെയ്ൻ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി. ഒരു ഘട്ടത്തിൽ 87ന് മൂന്ന് എന്ന നിലയിൽ നിന്നുമാണ് വെയ്ഡും ലബുഷെയ്നും ചേർന്ന് ഓസിസിനെ രക്ഷിച്ചത്. ഇരുവരും ചേർന്ന് ടീം സ്‌കോർ 200 കടത്തി.
ലബുഷെയ്നിനെ പുറത്താക്കാനുള്ള അവസരം നേരത്തേ ലഭിച്ചിരുന്നെങ്കിലും നായകൻ അജിങ്ക്യ രഹാനെ ക്യാച്ച് കൈവിട്ടതോടെ താരത്തിന് വീണ്ടും ജീവൻ ലഭിച്ചു. ആ ക്യാച്ചിന് വലിയ വിലയാണ് ഇന്ത്യ നൽകിയത്. പിന്നാലെ ലബുഷെയ്ൻ സെഞ്ചുറിയും നേടി. താരത്തിന്റെ കരിയറിലെ അഞ്ചാം ടെസ്റ്റ് സെഞ്ചുറിയാണ് ഇന്ന് പിറന്നത്. 195 പന്തുകളിൽ നിന്നാണ് താരം സെഞ്ചുറി നേടിയത്. ഒൻപത് ബൗണ്ടറികൾ ലബുഷെയ്നിന്റെ ബാറ്റിൽ നിന്നും പിറന്നു.
എന്നാൽ ലബുഷെയ്ൻ സെഞ്ചുറി നേടിയതിന് തൊട്ടുപിന്നാലെ മാത്യു വെയ്ഡിനെ പുറത്താക്കി കൂട്ടുകെട്ട് തകർത്ത് നടരാജൻ ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷയേകി. പന്ത് ഉയർത്തിയടിക്കാനുള്ള വെയ്ഡിന്റെ ശ്രമം പാളി. പന്ത് ഉയർന്നുപൊങ്ങി നേരെ ശാർദുൽ ഠാക്കൂറിന്റെ കൈകളിലെത്തി. നടരാജൻ ടെസ്റ്റ് ക്രിക്കറ്റിൽ നേടുന്ന ആദ്യ അന്താരാഷ്ട്ര വിക്കറ്റാണിത്. ഇതോടെ ഓസിസ് 200ന് നാല് എന്ന നിലയിലെത്തി.
തകർപ്പൻ കളി പുറത്തെടുത്ത ലബുഷെയ്നിനെ മടക്കി നടരാജൻ ഓസിസിന് ഇരട്ട പ്രഹരം സ്മാനിച്ചു. ലബുഷെയ്നും വെയ്ഡിനെപ്പോലെ ആക്രമിച്ച് കളിക്കാൻ നോക്കിയപ്പോഴാണ് പുറത്തായത്. ബാറ്റിന്റെ മുകൾഭാഗത്തുകൊണ്ട പന്ത് ഉയർന്നു പൊങ്ങിയപ്പോൾ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് അത് അനായാസം കൈപ്പിടിയിലൊതുക്കി.204 പന്തുകളിൽ നിന്നും 108 റൺസെടുത്ത താരം പുറത്തായതോടെ ഓസിസ് വീണ്ടും പ്രതിരോധത്തിലായി. എന്നാൽ പിന്നാലെ ഒത്തുചേർന്ന നായകൻ ടിം പെയ്നും കാമറൂൺ ഗ്രീനും ചേർന്ന് ഓസിസ് സ്‌കോർ ഭേദപ്പെട്ട നിലയിലെത്തിച്ചു.
ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിൽ ബോൾ ചെയ്യുന്നതിനിടെ ഇന്ത്യയുടെ പേസ് ബോളർ നവ്ദീപ് സെയ്‌നി പരുക്കേറ്റു പുറത്തുപോയി. സെയ്‌നിയുടെ ഓവറിലെ ശേഷിക്കുന്ന പന്തുകൾ രോഹിത് ശർമയാണു പൂർത്തിയാക്കിയത്.
ഇന്ത്യയ്ക്ക് വേണ്ടി ഇന്ന് ടി. നടരാജനും വാഷിങ്ടൺ സുന്ദറും അരങ്ങേറ്റം കുറിച്ചു. മുഹമ്മദ് സിറാജും ശാർദുൽ താക്കൂറുമാണ് ബൗളിങ് ഓപ്പൺ ചെയ്തത്. നടരാജൻ പരിക്കേറ്റ ബുംറയ്ക്കും സുന്ദർ ആർ. അശ്വിനു പകരവുമാണ് കളിക്കുന്നത്. ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്ന മുന്നൂറാമത്തെ താരമായിരിക്കുകയാണ് നടരാജൻ. ഒരു പരമ്പരയിലെ മൂന്ന് ഫോർമാറ്റിലും അരങ്ങേറ്റം കുറിച്ചതിന്റെ റെക്കോഡും നടരാജന് സ്വന്തമാണ്.
ഇരു ടീമുകളും ഓരോ മത്സരം ജയിച്ച് തുല്ല്യനിലയിലായ പരമ്പരയിലെ അവസാന ടെസ്റ്റ് അതുകൊണ്ട് തന്നെ നിർണായകമാണ്. അഡ്ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റ് ഓസ്ട്രേലിയ എട്ട് വിക്കറ്റിന് സ്വന്തമാക്കിയപ്പോൾ മെൽബണിൽ എട്ട് വിക്കറ്റിന് തന്നെ ഇന്ത്യ അത്ഭുതകരമായി തിരിച്ചടിച്ചു. മെൽബണിൽ നടന്ന ആവേശകരമായ മൂന്നാം ടെസ്റ്റ് ഇന്ത്യ അവിശ്വസനീയമായ പോരാട്ടത്തിലൂടെ സമനിലയിലാക്കുകയും ചെയ്തു.
സ്പോർട്സ് ഡെസ്ക്