ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ വില്ലനായി മഴ. അവസാന രണ്ട് സെഷനുകൾ മഴയെ തുടർന്ന് ഉപേക്ഷിച്ചു. രണ്ടാം ദിനം കളി നിർത്തുമ്പോൾ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 62 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്. ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്മാൻ ഗില്ലുമാണ് പുറത്തായത്. നാളെ രാവിലെ അരമണിക്കൂർ നേരത്തേ മത്സരമാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. എട്ട് റൺസുമായി ചേതേശ്വർ പൂജാരയും രണ്ട് റൺസെടുത്ത് നായകൻ അജിങ്ക്യ രഹാനെയുമാണ് ക്രീസിൽ.

ഇന്ത്യയ്ക്ക് ഏഴാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. 15 പന്തിൽ നിന്ന് ഏഴ് റൺസെടുത്ത ഓപ്പണർ ശുഭ്മൻ ഗില്ലാണ് മടങ്ങിയത്. കമ്മിൻസിന്റെ പന്തിൽ സ്മിത്ത് പിടികൂടുകയായിരുന്നു. ആദ്യ വിക്കറ്റ് വീഴുമ്പോൾ പതിനൊന്ന് റണ്ണായിരുന്നു ഇന്ത്യയുടെ സ്‌കോർ.

എന്നാൽ പിന്നീട് ക്രീസിലെത്തിയ ചേതേശ്വർ പൂജാരയെ കൂട്ടുപിടിച്ച് രോഹിത് ശർമ തകർച്ചയിൽ നിന്നും ഇന്ത്യയെ കരകയറ്റി. ഇരുവരും ചേർന്ന് 49 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ മികച്ച രീതിയിൽ ബാറ്റുചെയ്യുകയായിരുന്ന ഓപ്പണർ രോഹിത് ശർമയെയാണ് ഇന്ത്യയ്ക്ക് നഷ്ടമായി. 44 റൺസെടുത്ത രോഹിത്തിനെ നഥാൻ ലിയോൺ മിച്ചൽ സ്റ്റാർക്കിന്റെ കൈയിലെത്തിച്ചു. രോഹിത് പുറത്താവുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 60 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ.

ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് 369 റൺസിൽ അവസാനിച്ചു. സെഞ്ചുറി നേടിയ മാർനസ് ലബുഷെയ്നിന്റെയും അർധ സെഞ്ചുറി നേടിയ നായകൻ ടിം പെയ്നിന്റെയും ബാറ്റിങ് മികവിലാണ് ഓസ്‌ട്രേലിയെ 369 റൺസിലെത്തിച്ചത്. ഇന്ത്യയ്ക്കായി ടി.നടരാജനും ശാർദുൽ ഠാക്കൂറും വാഷിങ്ടൺ സുന്ദറും മൂന്നുവിക്കറ്റുകൾ വീതം വീഴ്‌ത്തിയപ്പോൾ ശേഷിച്ച വിക്കറ്റ് മുഹമ്മദ് സിറാജ് സ്വന്തമാക്കി. ഇന്നലെ മത്സരത്തിനിടെ പരിക്കേറ്റ ഫാസ്റ്റ് ബൗളർ നവ്ദീപ് സൈനി ഇന്ന് പന്തെറിഞ്ഞില്ല.

ടിം പെയ്നും കാമറൂൺ ഗ്രീനും ചേർന്നാണ് രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ചത്. പെയ്ൻ 50 റൺസും ഗ്രീൻ 47 റൺസുമെടുത്ത് പുറത്തായി. ഗ്രീനിന്റെ വിക്കറ്റ് വാഷിങ്ടൺ സുന്ദർ വീഴ്‌ത്തിയപ്പോൾ പെയ്നിനെ ശാർദുൽ ഠാക്കൂർ പുറത്താക്കി. പിന്നാലെ ക്രീസിലെത്തിയ പാറ്റ് കമ്മിൻസിനെ പെട്ടന്നു തന്നെ ശാർദുൽ പുറത്താക്കിയെങ്കിലും അതിനുശേഷം ഒത്തുച്ചേർന്ന സ്റ്റാർക്കും നഥാൻ ലിയോണും ചേർന്ന് സ്‌കോർ 350 കടത്തി. 24 റൺസെടുത്ത ലിയോണിനെ വാഷിങ്ടൺ സുന്ദർ പുറത്താക്കിയതോടെ ഓസിസിന് 9 വിക്കറ്റ് നഷ്ടമായി. പിന്നാലെ ഹെയ്‌സൽവുഡിനെ മടക്കി നടരാജൻ ഓസിസിനെ ഓൾ ഔട്ടാക്കി.