ദുബായ്: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യക്ക് ഇന്ന് അവസാന സന്നാഹ മത്സരം. കരുത്തരായ ഓസ്ട്രേലിയ ആണ് എതിരാളികൾ. വൈകീട്ട് 3.30ന് ദുബായ് ഐസിസി അക്കാദമി ഗ്രൗണ്ടിലാണ് മത്സരം. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെ തോൽപിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. രോഹിത് ശർമ, ഷാർദുൽ ഠാക്കൂർ, വരുൺ ചക്രവർത്തി, രവീന്ദ്ര ജഡേജ എന്നിവർക്ക് അവസരം നൽകിയേക്കും.

ഓസ്ട്രേലിയ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെ തോൽപിച്ചിരുന്നു. ഞായറാഴ്ച പാക്കിസ്ഥാനെതിരെയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. ഇന്നത്തെ മറ്റ് സന്നാഹ മത്സരങ്ങളിൽ ഇംഗ്ലണ്ട്, ന്യുസീലൻഡിനെ നേരിടും. വൈകിട്ട് 3.30ന് അബുദാബിയിലാണ് മത്സരം. അഫ്ഗാനിസ്ഥാൻ- വെസ്റ്റ് ഇൻഡീസ്, പാക്കിസ്ഥാൻ- ദക്ഷിണാഫ്രിക്ക മത്സരവും ഇന്ന് നടക്കും.

അതേസമയം, ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നമീബിയ ഇന്ന് വൈകീട്ട് 3.30ന് ഹോളണ്ടിനെ നേരിടും. 7.30ന് നടക്കുന്ന ശ്രീലങ്ക, അയർലൻഡുമായി മത്സരിക്കും. ഇന്നലെ സ്‌കോട്ലൻഡ് ലോകകപ്പ് യോഗ്യതയ്ക്ക് അരികിലെത്തി. പാപുവ ന്യൂ ഗിനിയയെ 17 റൺസിന് തോൽപ്പിച്ചതോടെയാണിത്. അവരുടെ തുടർച്ചയായ രണ്ടാം ജയമാണിത്.

ഗ്രൂപ്പിലെ മറ്റൊരു ടീമായ ബംഗ്ലാദേശ് ഇന്നലെ ആദ്യജയം നേടി. ഒമാനെയാണ് ബംഗ്ലാദേശ് തോൽപ്പിച്ചത്. ഈ രണ്ട് ടീമുകൾക്കും ഓരോ ജയം മാത്രമാണുള്ളത്. എന്നാൽ റൺറേറ്റിൽ ബംഗ്ലാദേസ് പിന്നിലാണ്. അടുത്ത മത്സരത്തിൽ ഒമാൻ, സ്‌കോട്ലൻഡിനെ തോൽപ്പിച്ചാൽ യോഗ്യത നേടാം. ബംഗ്ലാദേശ്, പാപുവ ന്യൂ ഗിനിയയെ മറികടക്കണം.