- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തകർത്തടിച്ച് രോഹിത്തും സുര്യകുമാറും; മധ്യനിര വിറച്ചപ്പോൾ വിജയത്തിലേക്ക് ഫിനിഷ് ചെയ്ത് ഋഷഭ് പന്ത്; ഒന്നാം ടി 20 യിൽ ന്യൂസിലാന്റിനെ അഞ്ച് വിക്കറ്റിന് തകർത്ത് ടീം ഇന്ത്യ; ദ്രാവിഡിനും രോഹിത്തിനും വിജയത്തുടക്കം
ജയ്പുർ: ന്യൂസീലൻഡിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് അഞ്ചുവിക്കറ്റിന്റെ ജയം. ന്യൂസീലൻഡ് ഉയർത്തിയ 165 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 19.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി.62 റൺസടിച്ച സൂര്യകുമാർ യാദവും 48 റൺസെടുത്ത രോഹിത് ശർമയുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.
ഒരു ഘട്ടത്തിൽ അനായാസ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യയെ അവസാന ഓവറുകളിൽ സമ്മർദ്ദത്തിൽ വീഴ്‌ത്താൻ കിവീസ് ബൗളർമാർക്ക് സാധിച്ചു. സ്‌കോർ: ന്യൂസീലൻഡ് 20 ഓവറിൽ ആറിന് 164. ഇന്ത്യ 19.4 ഓവറിൽ അഞ്ചിന് 166
റിഷഭ് പന്തും ശ്രേയസ് അയ്യരും ക്രീസിൽ നിൽക്കെ ജയത്തിലേക്ക് അവസാന രണ്ടോവറിൽ 16 റൺസായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. പത്തൊമ്പതാം ഓവറിൽ ആറ് റൺസ് മാത്രം വഴങ്ങി കിവീസ് ക്യാപ്റ്റൻ ടിം സൗത്തി അവസാന പന്തിൽ ശ്രേയസ് അയ്യരെ പുറത്താക്കിയതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. ജയത്തിലേക്ക് അവസാന ഓവറിൽ ഇന്ത്യക്ക് വേണ്ടത് 10 റൺസ്.
ഡാരിൽ മിച്ചലിന്റെ ആദ്യ പന്ത് വൈഡായി. രണ്ടാം പന്ത് നേരിട്ട അരങ്ങേറ്റക്കാരൻ വെങ്കടേഷ് അയ്യർ ബൗണ്ടറിയടിച്ച് തുടങ്ങി. ഇതോടെ ജയത്തിലേക്ക് അഞ്ച് പന്തിൽ അഞ്ച് റൺസ്. അടുത്ത പന്തിൽ വെങ്കടേഷ് അയ്യർ പുറത്ത്. പകരമെത്തിയ അക്‌സർ പട്ടേലിനെതിരെ ഡാരിൽ മിച്ചൽ വീണ്ടും വൈഡ് എറിഞ്ഞു, ജയത്തിലേക്ക് നാലു പന്തിൽ നാലു റൺസ്. അടുത്ത പന്തിൽ അക്‌സറിന്റെ സിംഗിൾ. നാലാം പന്ത് ലോംഗ് ഓഫ് ബൗണ്ടറി കടത്തി റിഷഭ് പന്ത് ഇന്ത്യൻ ജയം പൂർത്തിയാക്കി.
ഓപ്പണിങ് വിക്കറ്റിൽ രാഹുൽ രോഹിത് സഖ്യം അഞ്ചോവറിൽ 50 റൺസടിച്ച് ഇന്ത്യക്ക് തകർപ്പൻ തുടക്കമാണ് നൽകിയത്. എന്നാൽ ആറാം ഓവറിൽ ഇന്ത്യക്ക് രാഹുലിനെ(14 പന്തിൽ 15) നഷ്ടമായി. സാന്റ്‌നർക്കായിരുന്നു വിക്കറ്റ്. പകരമെത്തിയ സൂര്യകുമാർ യാദവും മോശമാക്കിയില്ല. രോഹിത്തിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയ സൂര്യകുമാർ ഇന്ത്യയെ 12-ാം ഓവറിൽ 100 കടത്തി. പതിനാലാം ഓവറിൽ അർധസെഞ്ചുറിക്ക് അരികെ രോഹിത്(36 പന്തിൽ 48) മടങ്ങുമ്പോൾ ഇന്ത്യക്ക് ജയത്തിലേക്ക് ആറോവറിൽ 50 റൺസ് മതിയായിരുന്നു.
രോഹിത് മടങ്ങഇയതിന് പിന്നാലെ സൂര്യകുമാർ ആക്രമണം ഏറ്റെടുത്തതോടെ ഇന്ത്യ അനായാസം ലക്ഷ്യത്തിലേക്ക് കുതിച്ചു.
അവസാന നാലോവറിൽ ജയത്തിലേക്ക് 23 റൺസ് മാത്രം മതിയായിരുന്ന ഇന്ത്യക്ക് ബോൾട്ട് എറിഞ്ഞ പതിനേഴാം ഓവറിൽ നേടായാത് രണ്ട് റൺസ് മാത്രം. സൂര്യകുമാറിന്റെ വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. 40 പന്തിൽ ആറ് ഫോറും നാല് സിക്‌സും പറത്തിയാണ് സൂര്യകുമാർ 62 റൺസടിച്ചത്. സൂര്യകുമാർ മടങ്ങിയതിനുശേഷം താളം കണ്ടെത്താൻ പാടുപെട്ട റിഷബ് പന്തും ശ്രേയസ് അയ്യരും ഇന്ത്യക്ക് സമ്മർദ്ദ നിമിഷങ്ങൾ സമ്മാനിച്ചെങ്കിലും ഒടുവിൽ പന്തിന്റെ മനസാന്നിധ്യം ഇന്ത്യയെ ജയത്തിലേക്ക് നയിച്ചു.
എട്ട് പന്തിൽ അഞ്ച് റൺസെടുത്ത ശ്രേയസ് നിരാശപ്പെടുത്തിയപ്പോൾ അവസാന ഓവറിൽ നിർണായക ബൗണ്ടറി നേടിയ വെങ്കടേഷ് അയ്യർ അരങ്ങേറ്റം മോശമാക്കിയില്ല. പന്ത് 17 പന്തിൽ 17 റൺസുമായും അക്‌സർ പട്ടേൽ ഒരു പന്തിൽ ഒരു റണ്ണുമായും പുറത്താകാതെ നിന്നു. ന്യൂസിലൻഡിനായി ട്രെൻന്റ് ബോൾട്ട് 31 റൺസിന് രണ്ട് വിക്കറ്റെടുത്തപ്പോൾ സാന്റനറും ഡാരിൽ മിച്ചലും ഓരോ വിക്കറ്റെടുത്തു.
നേരത്തെ. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഓപ്പണർ മാർട്ടിൻ ഗപ്ടിലിന്റെയും മാർക്ക് ചാപ്മാന്റെയും അർധസെഞ്ചുറികളുടെ മികവിൽ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു. 42 പന്തിൽ 70 റൺസടിച്ച ഗപ്ടിലാണ് കിവീസിന്റെ ടോപ് സ്‌കോറർ. വൺ ഡൗണായി എത്തിയ ചാപ്മാൻ 50 പന്തിൽ 63 റൺസെടുത്തു. ഇന്ത്യക്കായി അശ്വിൻ രണ്ട് വിക്കറ്റെടുത്തു.
സ്പോർട്സ് ഡെസ്ക്